go

റോഡിൽ അഭ്യാസം; 197 ഡ്രൈവർമാരുടെ ലൈസൻസ് പോയി

ernakulam news
SHARE

കാക്കനാട് ∙ കഴിഞ്ഞ ഒരു മാസത്തിനിടെ കൊച്ചി നഗരത്തിലും പരിസരത്തും ഗതാഗത നിയമലംഘനത്തിന്റെ പേരിൽ സസ്പെൻഷനിലായതു 197 ഡ്രൈവർമാരുടെ ലൈസൻസ്. ഒരു മാസം മുതൽ ഒരു വർഷം വരെയാണ് ലൈസൻസ് സസ്പെൻഷനെന്നു ആർടിഒ ജോജി പി.ജോസ് പറഞ്ഞു. റെഡ് സിഗ്നൽ ലംഘിച്ചതിനും മദ്യപിച്ച ശേഷം വാഹനം ഓടിച്ചതിനും രണ്ടിൽ കൂടുതൽ പേരെ ബൈക്കിൽ കയറ്റിയതിനും മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു വാഹനം ഓടിച്ചതിനുമൊക്കെയാണു ലൈസൻസ് സസ്പെൻഡ് ചെയ്തത്. കാക്കനാട് ആർടി ഓഫിസ് പരിധിയിൽ 69 പേരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.

മട്ടാഞ്ചേരി –35, തൃപ്പൂണിത്തുറ –37, ആലുവ –32, പറവൂർ –20 എന്നിങ്ങനെയാണ് ഓരോ മേഖലയിലും സസ്പെൻ‍‍ഡ് ചെയ്ത ലൈസൻസുകളുടെ എണ്ണം. ഈ കാലയളവിൽ നടത്തിയ ഗതാഗത പരിശോധനയിൽ നിയമ ലംഘനത്തിനു ആയിരത്തി ഇരുന്നൂറോളം വാഹനങ്ങൾ പിടിയിലായി. സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്സി സർവീസ്, രേഖകളില്ലാതെ വാഹനമോടിക്കൽ, ഇൻഷുറൻസും നികുതിയും അടക്കാതെ വാഹനങ്ങൾ നിരത്തിലിറക്കൽ, ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് വിവിധ കേസുകളിൽ ചുമത്തിയത്. ഇരുന്നൂറ്റമ്പതോളം ഇതര സംസ്ഥാന വാഹനങ്ങളും നിയമ ലംഘനത്തിനു പിടിയിലായി.

മദ്യ ലഹരിയിൽ കുടുങ്ങിയത്11 ഡ്രൈവർമാർ

കാക്കനാട് ∙ അമിതമായി മദ്യപിച്ച ശേഷം അപകടകരമാം വിധം വാഹനമോടിച്ച 11 ഡ്രൈവർമാരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുന്ന കാലയളവിൽ വാഹനം ഓടിച്ചു പിടിയിലായാൽ സസ്പെൻഷൻ എന്നതു ലൈസൻസ് റദ്ദാക്കലായി മാറും. ഇത്തരക്കാർക്കു പിന്നീട് ഒരിക്കലും ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല. ലൈസൻസിന്റെ സസ്പെൻഷൻ കാലയളവിൽ വാഹനമോടിച്ചു അപകടമുണ്ടാക്കിയാൽ നഷ്ട പരിഹാരത്തിനും അർഹതയില്ല. സസ്പെൻഷനെതിരെ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് അപ്പീൽ സമർപ്പിക്കാം.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama