go

വ്യത്യസ്തനാമൊരു പ്രദീപ് പള്ളുരുത്തി

  Ernakulam News
പ്രദീപ് പള്ളുരുത്തി
SHARE

പള്ളുരുത്തി ∙ ആലപിക്കാൻ ഒരുപാടു സിദ്ധി ആവശ്യമുള്ള പാട്ടാണു ‘വ്യത്യസ്തനാമൊരു ബാർബറാം ബാലൻ...’ ഒരു ഗാനം പല കഥാപാത്രങ്ങൾ ചേർന്ന് അവതരിപ്പിക്കുന്ന സന്ദർഭം. അവരെല്ലാവർക്കുംവേണ്ടി ഒരു ഗായകൻ തന്നെ ശബ്ദം നൽകുന്നു! മെലഡി, ഫോക്ക്, യോഡ്‌ലിങ്... അങ്ങനെ പല സ്റ്റൈൽ ഒരേ ഗാനത്തിൽത്തന്നെ ഉപയോഗിക്കേണ്ടി വരിക. കേൾക്കാൻ നല്ല രസമാണെങ്കിലും ഗായകന് ഉഗ്രൻ വെല്ലുവിളിയാണ് ഇങ്ങനൊരു ഗാനം.

‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിൽ അനിൽ പനച്ചൂരാൻ എഴുതി എം. ജയചന്ദ്രൻ ഈണമിട്ട ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല..’ എന്ന ഗാനത്തിൽ പ്രദീപ് പള്ളുരുത്തി ഈ വെല്ലുവിളിയാണു സുന്ദരമായി അതിജീവിച്ചത്. തിരുവനന്തപുരം ശാസ്തമംഗലത്തെ ഈസ്റ്റ്കോസ്റ്റിന്റെ സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിങ്. പാട്ട് തരുമെന്ന് എം. ജയചന്ദ്രൻ വാക്കു കൊടുത്തിരുന്നില്ല. ‘പ്രദീപേ ഒരു പാട്ടുണ്ട്. നമുക്കൊന്നു പാടിനോക്കാം’ എന്നേ പറഞ്ഞുള്ളൂ.

ജയചന്ദ്രൻതന്നെ ട്രാക്ക് പാടി വച്ചിരുന്നു. ‘പ്രത്യേകിച്ചു നിർദേശങ്ങൾ ഒന്നുമില്ലായിരുന്നു. നമ്മുടെ ഉള്ളിലെ സംഗീതം പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യം അദ്ദഹം തന്നു. പല കഥാപാത്രങ്ങൾക്കുവേണ്ടി പാടേണ്ടതു വെല്ലുവിളിയായിരുന്നു. സ്വരം മാറ്റിപ്പാടി. എം.എസ്. വിശ്വനാഥന്റെ ആലാപനം ഓർത്തുകൊണ്ടാണ് ‘ആമാശയത്തിന്റെ ആശ നിറവേറ്റാൻ...’ എന്ന ഭാഗം പാടിയത്. എന്റെ പരിശ്രമക്കുറവുകൊണ്ടു പാട്ട് നഷ്ടപ്പെട്ടു പോകരുതെന്നു വാശിയുണ്ടായിരുന്നു. എന്തായാലും ഫലമുണ്ടായി.

സിനിമയിൽ 80ലധികം പാട്ടുപാടിയെങ്കിലും ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് ഈ പാട്ടിന്റെ പേരിലാണ്. ഏതു സ്റ്റേജിലും ഈ പാട്ടിനാണ് ഏറ്റവും കൂടുതൽ ആവശ്യം.’ പ്രദീപ് പറയുന്നു. പള്ളുരുത്തി കൂളേഴത്ത് കുമാരൻ – ഭാർഗവി ദമ്പതികളുടെ മകന് അമ്മയിൽനിന്നാണു പാട്ടിന്റെ ശീലം കിട്ടിയത്. ഭാര്യ– ബിന്ദുകുമാരി. മകൾ– നന്ദന. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകളോടായിരുന്നു ചെറുപ്പം മുതൽ ആരാധന. പത്താം ക്ലാസ് പാസായശേഷം ഗിറ്റാറിസ്റ്റ് ജോൺസന്റെ ‘കൊച്ചിൻ വോയ്സി’ൽ പാടുമ്പോൾ ദൈവത്തോടു കരളുരുകി പ്രാർഥിച്ചത് ഒരുകാര്യം, ‘ട്രൂപ്പിൽ തമിഴ്പാട്ട് പാടുന്ന സേവ്യർ ഡിസിൽവ ജോലികിട്ടി പോകണേ’യെന്ന്.

ദൈവം പ്രാർഥന കേട്ടു. സേവ്യറിന്റെ ഒഴിവിൽ പ്രദീപ് ട്രൂപ്പിലെ തമിഴ്‌പാട്ടുകാരനാവുന്നു. അങ്ങനെ, എസ്പിയുടെ പാട്ടുകൾ സ്റ്റേജിൽ പാടാനുള്ള അവസരം കൈവരുന്നു. പ്രീഡിഗ്രിക്കുശേഷം പോളി ടെക്നിക് പഠിക്കാൻ കോഴിക്കോട്ടേക്ക്. അവിടെ ബീറ്റ്സ്, ക്ലാസിക്സ്, ഹട്ടൻസ് തുടങ്ങിയ ട്രൂപ്പുകൾക്കുവേണ്ടി പാടി. കൊച്ചിയിൽ തിരികെയെത്തി ജോലിയും പാട്ടുമായി മുന്നോട്ട്. സംഗീതസംവിധായകൻ ജെർസൺ ആന്റണിയുടെ ഒരു ഭക്തിഗാന ആൽബത്തിന് മാർക്കോസിനുവേണ്ടി ട്രാക്ക് പാടാൻ രവിപുരം ഹരിശ്രീ സ്റ്റുഡിയോയിൽ എത്തിയതു വഴിത്തിരിവായി.

അവിടെവച്ചു പാരഡിഗാന രചയിതാവ് കൊച്ചിൻ മിമി, പ്രദീപിന്റെ പാട്ടു കേൾക്കുകയും ആ രംഗത്തേക്കു ക്ഷണിക്കുകയും ചെയ്തു. പാരഡിയുടെയും പ്രദീപിന്റെയും ചാകരയായിരുന്നു പിന്നീടുള്ള വർഷങ്ങൾ. 4,500ഓളം പാരഡിപ്പാട്ടുകളാണു സ്വന്തം പേരിലുള്ളത്. ഒരുപക്ഷേ, ലോകത്ത് ഏറ്റവും കൂടുതൽ പാരഡിപ്പാട്ടുകൾക്കു നാവു നൽകിയത് ഈ പള്ളുരുത്തിക്കാരനാവും. ഇതിനിടെ രാമൻകുട്ടി, നടേശൻ എന്നീ ഭാഗവതർമാരുടെ കീഴിൽ കുറേനാൾ സംഗീതം പഠിച്ചു. സംഗീതസംവിധായകൻ അലക്സ് പോളുമായുള്ള ബന്ധമാണു സിനിമയിൽ എത്തിച്ചത്.

‘തൊമ്മനും മക്കളും’ എന്ന സിനിമയിൽ കൈതപ്രം രചിച്ച ‘തകിടതകധിമി...’ എന്ന ഗാനത്തിലെ ‘പുണ്യവാനിസഹാക്കിനുണ്ടായി രണ്ടുമക്കൾ....’ എന്ന ചെറിയ ഭാഗമാണ് ആദ്യം ആലപിച്ചത്. വ്യത്യസ്തവും മനോഹരവുമായ ആ ആലാപനം വളരെ ശ്രദ്ധിക്കപ്പെട്ടു. ‘രാജമാണിക്യ’ത്തിൽ ഗീരീഷ് പുത്തൻചേരി എഴുതിയ ‘പാണ്ടിമേളം...’ എന്ന ഗാനം ബ്രേക്ക് ആയി. സംഗീതം അലക്സ് പോൾ തന്നെ. ‘ക്ലാസ്മേറ്റ്സ്’ലെ ‘വോട്ട്...’ എന്ന കോമഡിപ്പാട്ടിലൂടെ വീണ്ടും അലക്സ് പോളിന്റെ പിന്തുണ. ‘അണ്ണൻ തമ്പി’യിൽ രാഹുൽ രാജിന്റെ സംഗീതത്തിൽ അഫ്സലിനൊപ്പം ‘രാചാക്കണ...’ റോക്ക് ആൻ റോളിൽ വിദ്യാസാഗറിന്റെ ഈണത്തിൽ ‘വളയൊന്നിതാ...’, ഠമാർ പഠാറിൽ ബിജിബാലിന്റെ സംഗീതത്തിൽ ‘നീയില്ലാതെ ജീവിതം...’ തുടങ്ങി ഒരുപിടി ശ്രദ്ധേയ ഗാനങ്ങൾ പ്രദീപിനു ലഭിച്ചു. കന്നടയിൽ പാടിയതാണു പുതിയ വിശേഷം.

വെങ്കട് ഭരദ്വാജ് സംവിധാനം ചെയ്യുന്ന ‘ബബ്ലൂഷ’യ്ക്കുവേണ്ടി സണ്ണി മാധവൻ സംഗീതം ചെയ്ത ‘കുസ്തിയാടു ബസ്തിമാറു ബാറു ബല്ലേനാ...’ എന്ന അടിപൊളി ഗാനത്തിൽ പ്രദീപിനു നല്ല പ്രതീക്ഷയുണ്ട്. സണ്ണി മാധവന്റെ അടുത്ത ചിത്രത്തിലും കരാറായിട്ടുണ്ട്. വർഷങ്ങൾ മുൻപ് തൃശൂരിൽ ഒരു അവാർഡ് നൈറ്റിലെ പാരഡി പരിപാടിയുടെ സ്റ്റേജിൽ നിൽക്കുമ്പോളാണു സദസ്സിന്റെ മുൻനിരയിൽ ഇരിക്കുന്നവരെ കണ്ടത്. എസ്. ജാനകി, പി. ജയചന്ദ്രൻ, ചിത്ര... തുടങ്ങി ഒന്നാംനിര ഗായകർ. അവരുടെ മുന്നിൽ അവരുടെതന്നെ പാട്ടുകളുടെ പാരഡി അവതരിപ്പിക്കുക.

സങ്കോചംകൊണ്ടു ചൂളിപ്പോയി. പരിപാടി എങ്ങനെയോ തീർത്ത് പിന്നിലൊരിടത്തു മാറി നിൽക്കുമ്പോൾ ഒരു സ്വരം. ‘തമ്പീ ഇങ്ക വാ...’ അന്വേഷിച്ചു വന്നിരിക്കുന്നതു സാക്ഷാൽ എസ്. ജാനകി. ‘നല്ലാ പാടി. കുരൾ നല്ലായിരിക്ക്. നല്ലാ പ്രാക്ടീസ് പണ്ണണം.’ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം മഹാഗായികയുടെ ഈ വാക്കുകളാണെന്നു പറയുമ്പോൾ പ്രദീപിന്റെ കണ്ണു നിറയുന്നു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama