go

അകന്നുപോയ സൈബർ സിറ്റി, പ്രതീക്ഷ അദാനിയിൽ

 Ernakulam News
കളമശേരിയിൽ 2006ൽ സൈബർ സിറ്റി പദ്ധതിക്കായി എച്ച്ഡിഐഎൽ വാങ്ങിയ 70 ഏക്കർ ഭൂമി കാടുകയറിയ നിലയിൽ. പദ്ധതിയുടെ സൈറ്റ് പ്ലാൻ പ്രദർശിപ്പിച്ച ബോർഡ് തുരുമ്പെടുത്തു നശിച്ചതും കാണാം.
SHARE

കളമശേരി∙ സ്മാർട് സിറ്റി കഴിഞ്ഞാൽ ഐടി മേഖലയിൽ ഏറ്റവും വലിയ നിക്ഷേപമെന്നു കൊട്ടിഘോഷിച്ചു തറക്കല്ലിട്ട സൈബർസിറ്റി നടക്കാനിടയില്ലെന്നു അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും പ്രതീക്ഷകൾ നഷ്ടമായിരുന്നില്ല. എന്നാൽ പദ്ധതിക്കായി ലക്ഷ്യമിട്ട സ്ഥലം എച്ച്‍ഡിഐഎൽ അദാനി ഗ്രൂപ്പിനു വിറ്റെന്നറിഞ്ഞതോടെ നഷ്ടമായ ‘സിറ്റി’കളുടെ ലിസ്റ്റിൽ അവസാനത്തേതായി സൈബർസിറ്റിയും ഓർമയാവുമോ എന്ന ആശങ്ക ഉയർന്നു. അതേ സമയം സ്ഥലം അദാനി ഗ്രൂപ്പാണു വാങ്ങിയിട്ടുള്ളതെന്നതിനാൽ, വ്യവസായ സംരംഭങ്ങൾ എന്തെങ്കിലും വരുമെന്ന പ്രതീയുണ്ട്.

സൈബർസിറ്റി വന്നില്ലെങ്കിലും വിവാദങ്ങളുടെയും സമരങ്ങളുടെയും ‘സിറ്റി’ യായിരുന്നു അഞ്ചുവർഷത്തോളം ഈ പ്രദേശം. കിൻഫ്രയ്ക്കു 300 ഏക്കർ ഭൂമി കൈമാറിയപ്പോൾ സ്വതന്ത്ര ക്രയവിക്രയത്തിനു ലഭിച്ച 100 ഏക്കറിൽ 70ഏക്കറാണു വിപണി വിലയ്ക്കു ഹൗസിങ് ഡവലപ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ സബ്സിഡിയറി സംരംഭമായ ബ്ലൂസ്റ്റാർ റിയൽറ്റേഴ്സിനു എച്ച്എംടി 2006 നവംബർ 16നു വിറ്റത്. 91 കോടി രൂപയുടെ ഇടപാടിൽ തുടങ്ങിയ വിവാദം സമരങ്ങളുടെ വേലിയേറ്റത്തിനും മറ്റും വഴിതുറന്നു. 2009ൽ സ്ഥലവിൽപന ഹൈക്കോടതി ശരിവച്ചു. 2010ൽ സുപ്രീം കോടതിയും.

വ്യവസായ ആവശ്യത്തിനു മാത്രമെ ഈ ഭൂമി ഉപയോഗിക്കാവു എന്നും കോടതി ഉത്തരവിട്ടു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു സൈബർ സിറ്റി പദ്ധതിക്കായി രണ്ടുവട്ടം തറക്കല്ലിട്ടു. രണ്ടുവർഷം കഴിഞ്ഞപ്പോൾ സാഹചര്യം മാറിമറിഞ്ഞു. 2000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവും 60,000 പേർക്കു നേരിട്ടും 1.5ലക്ഷം പേർക്കു പരോക്ഷമായും തൊഴിൽ വാഗ്ദാനവും നൽകിയെത്തിയ എച്ച്ഡിഐഎൽ 2013ൽ സ്ഥലം വിൽക്കുകയോ സംയുക്ത സംരംഭം ആരംഭിക്കുകയോ ചെയ്യാമെന്ന തീരുമാനത്തിലെത്തി. 2018ൽ സ്ഥലം വിൽക്കുകയും ചെയ്തു.

കടലാസ് ‘സിറ്റി’കളുടെ കളമശേരി

2000 മുതൽ ഇതുവരെ കളമശേരി കേന്ദ്രീകരിച്ചു പ്രഖ്യാപിച്ച ‘സിറ്റികൾ ’ പലതാണ്. വസ്ത്ര നിർമാണം, ആരോഗ്യം, വിദ്യാഭ്യാസം, ഐടി മേഖലകളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു ഇവയെല്ലാം. 2004 നവംബർ ഒൻപതിനാണ് ഇറ്റലിയിലെ വ്യവസായ ഗ്രൂപ്പുമായി സഹകരിച്ചുള്ള ഫാഷൻ സിറ്റിയുടെ പ്രഖ്യാപനമുണ്ടായത്. 2006 മാർച്ച് 31നു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല പ്രഖ്യാപിച്ചതു സയൻസ് സിറ്റിയാണ്. പിന്നീടു നോളജ് സിറ്റി പ്രഖ്യാപിച്ചു.

പദ്ധതിയെക്കുറിച്ചു പിന്നീട് ആർക്കും ഒരു ‘നോളജും’ ഉണ്ടായില്ല. 2008ലായിരുന്നു ഇലക്ട്രോണിക് സിറ്റി പ്രഖ്യാപനം. 2011 ഫെബ്രുവരിയിൽ തറക്കല്ലിട്ട സൈബർസിറ്റിയും മുകളിലൊരു കല്ലു കയറ്റിവയ്ക്കാൻ കഴിയാതെ മായുന്നു. 2011 ജൂൺ 30നു തിരുവനന്തപുരത്തു മന്ത്രിമാരുടെ യോഗം മെഡിക്കൽ കോളജിനെ കേന്ദ്രീകരിച്ചു മെഡിക്കൽ സിറ്റി സ്ഥാപിക്കാൻ തീരുമാനമെടുത്തു.

സാധാരണക്കാരെ ഏറ്റവും കൂടുതൽ ആകർഷിച്ച ഈ തീരുമാനം തീരുമാനമെടുത്തവർപോലും മറന്ന മട്ടാണ്. 2013ൽ നഗരസഭ പ്രഖ്യാപിച്ചതു ചിൽഡ്രൻസ് സയൻസ് സിറ്റിയാണ്. നടപ്പായതു ചിൽഡ്രൻസ് സയൻസ് പാർക്ക്. കിട്ടിയ രണ്ടു യൂണിവേഴ് ‘സിറ്റി’ കളുടെ വികസനമെങ്കിലും നടന്നുകണ്ടാൽ മതിയെന്ന ആഗ്രഹമാണു നാട്ടുകാർക്കുള്ളത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama