go

പുരസ്കാരം എത്തിയത് വിവർത്തന തപസ്യക്കിടെ

  Ernakulam News
എസ്. രമേശൻ നായർ കൊച്ചി പുതുക്കലവട്ടത്തെ വസതിയിൽ. ചിത്രം: മനോരമ.
SHARE

കൊച്ചി ∙ സപ്തതി നിറവിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമെത്തുമ്പോഴും കവി എസ്. രമേശൻ നായർ മറ്റൊരു വിവർത്തന സപര്യയിൽ മുഴുകിയിരിക്കുകയാണ്. കമ്പരാമായണത്തിന്റെ മലയാള വിവർത്തനം. 

‘അസാമാന്യ കാവ്യസൗന്ദര്യം തുളുമ്പുന്ന ഇതിഹാസകാവ്യമാണ് കമ്പരാമായണം. കവിത നഷ്ടപ്പെടാത്ത മലയാളപദ്യപരിഭാഷയാണ് ലക്ഷ്യം. നാലോ അഞ്ചോ വർഷത്തിനുള്ളിൽ അതു പൂർത്തിയാക്കും’. ചിലപ്പതികാരത്തിന്റെയും തിരുക്കുറളിന്റെയും വിവർത്തനത്തിനുശേഷം താൻ മുഴുകിയിരിക്കുന്ന അടുത്ത കാവ്യതപസ്യയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

 5 വർഷം കൊണ്ടാണ് ചിലപ്പതികാരത്തിന്റെ മലയാള പരിഭാഷ പൂർത്തിയാക്കിയത്. 10 വർഷത്തെ പരിശ്രമഫലമായിരുന്നു തിരുക്കുറൾ വിവർത്തനം. അസാമാന്യ സിദ്ധിയും അസാമാന്യ കവിത്വവും അസാമാന്യ ക്ഷമാഗുണവും ഒത്തുചേർന്ന ഒരാൾക്കേ ചിലപ്പതികാരം പോലൊരു പുസ്തകം അവസാനംവരെ തർജമ ചെയ്തെടുക്കാൻ സാധിക്കൂവെന്ന് വിവർത്തനത്തിന്റെ ആമുഖത്തിൽ വൈലോപ്പിള്ളി പറഞ്ഞതിലുണ്ട് ഈ തപസ്യയുടെ ആഴം.

ഗുരുദേവന്റെ ജീവചരിത്രം പലരുമെഴുതിയെങ്കിലും ഗുരുവിന്റെ അത്തരം പശ്ചാത്തലങ്ങളെയെല്ലാം കൈവിട്ട് ആ ചൈതന്യത്തെ ആവാഹിച്ചെഴുതിയതാണ് പുരസ്കാരത്തിനർഹമായ ‘ഗുരു പൗർണമി’.

‘എഴുന്നേറ്റു നടക്കുന്നൂ

ചെമ്പഴന്തിയിൽനിന്നൊരാൾ

ചിങ്ങത്തിൽച്ചതയത്തിൻനാൾ

ചിരിചൂടിയ പുണ്യമായ്...’

എന്ന ഒരു തുടക്കം തനിക്കു ലഭിച്ചതും ഇൗ െചെതന്യത്തോടുള്ള സമർപ്പണം കൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

ഗുരു പൗർണമിയുടെ ആമുഖത്തിൽ അദ്ദേഹം പറയുന്നു: ‘‘കഴിഞ്ഞ നാൽപതിലേറെ കൊല്ലങ്ങളായി ഞാൻ ഏതോ മഹാചൈതന്യത്തിന്റെ സ്വാധീനവലയത്തിലായിരുന്നു. അതിനെ ഏതു നിമിഷവും അനുധാവനം ചെയ്തും ഉപാസിക്കാൻ ശ്രമിച്ചും ഉൾക്കൊള്ളാൻ കൊതിച്ചും ഞാൻ സ്വയം നിറഞ്ഞു. 

പിന്നീട് മനസിലായി, അത് അളന്നുതീർക്കാൻ കഴിയാത്ത ആകാശമാണെന്ന്‌; അവിടെ നിരത്തേണ്ടത് അക്ഷരങ്ങളല്ല, നക്ഷത്രങ്ങളാണ് എന്ന്. ഇതൊരു ഗുരുനിയോഗം. അത്രയേ ഞാൻ പറയൂ. കഴിയുന്നതു ചെയ്യാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യം.’’.

കവിത മുതൽ  നാടകം വരെ

എസ്. രമേശൻ നായർ ജനിച്ച കന്യാകുമാരി ജില്ലയിലെ കുമാരപുരം മുൻപ് കേരളത്തിലായിരുന്നുവെങ്കിലും ഇന്നതു തമിഴ്നാട്ടിലാണ്. സാമ്പത്തികശാസ്ത്രം ഐച്ഛികമായെടുത്ത് 1967ൽ ബിഎ പാസായ രമേശൻ നായർക്ക് 1972ൽ റാങ്കോടെ എംഎ ബിരുദം. ആദ്യകവിത ‘പരിവർത്തനം’ 12–ാം വയസ്സിൽ മലയാളരാജ്യം വാരികയിൽ പ്രസിദ്ധീകരിച്ചു. ഭാര്യ പി. രമ കഥാകാരിയാണ്.

മകൻ മനു രമേശൻ സംഗീതസംവിധായകൻ. കവിതാ സമാഹാരങ്ങൾ, വിവർത്തനങ്ങൾ, ബാലസാഹിത്യകൃതികൾ, നാടകങ്ങൾ, ഗാനസമാഹാരങ്ങൾ എന്നീ ശാഖകളിലായി ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിച്ചു. ചിലപ്പതികാരം, തിരുക്കുറൾ, സുബ്രഹ്മണ്യഭാരതിയുടെ കവിതകൾ എന്നീ വിവർത്തനങ്ങളും ശ്രദ്ധേയം.

1994ൽ പ്രക്ഷേപണം ചെയ്ത റേഡിയോ നാടകം ‘ശതാഭിഷേകം’ രാഷ്ട്രീയപശ്ചാത്തലംകൊണ്ട് വിവാദമാവുകയും 1996ൽ ആകാശവാണിയിൽനിന്ന് അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തിനു കാരണമാവുകയും ചെയ്തു. സ്ഥലംമാറ്റത്തിനു വഴങ്ങാതെ രമേശൻ നായർ രാജിവച്ചു. നൂറ്റൻപതോളം ചലച്ചിത്രങ്ങൾക്ക് ഗാനരചനയും നിർവഹിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama