go

മഹാരാജാസിൽ യൂണിയൻ ഉദ്ഘാടനം: വെളിച്ചമായി അഭിമന്യുവിന്റെ മാതാപിതാക്കൾ

 Ernakulam News
കണ്ണീരോർമ്മ: ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥി അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരനും ഭൂപതിയും എറണാകുളം മഹാരാജാസ് കോളജ് യൂണിയൻ ഉദ്‌ഘാടനവേദിയിൽ വിങ്ങിപ്പൊട്ടിയപ്പോൾ.
SHARE

കൊച്ചി∙ മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിൽ മകന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ ‘നാൻ പെറ്റ മകനേ...’ എന്ന് ആർത്തലച്ചു വിലപിച്ച ആ അമ്മയും അച്ഛനും 5 മാസം കഴിഞ്ഞ് അതേ ഹാളിലേക്ക് ഇന്നലെ വീണ്ടും എത്തി. ചിരിക്കുന്ന അഭിമന്യുവിന്റെ വലിയ കട്ടൗട്ട് ഇന്നലെയും ആ വേദിയിലുണ്ടായിരുന്നു. ചുറ്റിലും അഭിമന്യു ഉറക്കെ വിളിച്ചിരുന്ന മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കുന്ന നൂറുകണക്കിനു കൂട്ടുകാർ. ആ വേദിയിൽ നിൽക്കുമ്പോൾ മകന്റെ ഓർമ്മകളിൽ ഉരുകി അമ്മ ഭൂപതി വീണ്ടും കരഞ്ഞു. എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ അച്ഛൻ മനോഹരനും.

അഭിമന്യു തങ്ങളിലൂടെ ജീവിക്കുന്നു എന്നു മുദ്രാവാക്യം മുഴക്കിയ വിദ്യാർഥികളെ സാക്ഷിയാക്കി ഇരുവരും ചേർന്നു പുതിയ കോളജ് യൂണിയൻ ഉദ്ഘാടനത്തിനു വിളക്കു തെളിച്ചു. എസ്എഫ്ഐ പ്രവർത്തകനായിരുന്ന എം.അഭിമന്യു അവസാനമായി കോളജ് ചുവരിലെഴുതിയ വാക്കുകളായിരുന്നു ഉദ്ഘാടനച്ചടങ്ങിനു നൽകിയിരുന്നത്: ‘ഒദിയോ കമ്യൂണൽ’. വർഗീയത തുലയട്ടെ എന്നർഥമുള്ള സ‌്പാനിഷ‌് പദങ്ങൾ. എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള പുതിയ യൂണിയന്റെ ഉദ്ഘാടനത്തിന് അഭിമന്യുവിന്റെ മാതാപിതാക്കളെത്തന്നെ മുഖ്യാതിഥികളായി ക്ഷണിക്കുകയായിരുന്നു.

വട്ടവട കൊട്ടാക്കമ്പൂരിലെ വീട്ടിൽനിന്ന് മകന്റെ ഓർമ്മകൾ നിറയുന്ന ക്യാംപസിലേക്കു വീണ്ടുമെത്തിയ അവർക്കു വികാരനിർഭരമായ വരവേൽപാണു മഹാരാജാസ് ഒരുക്കിയത്. വാഹനം കോളജ‌് ഗേറ്റ‌് കടന്നപ്പോൾ മുദ്രാവാക്യം വിളികളോടെയായിരുന്നു വരവേൽപ്. അഭിമന്യുവിനൊപ്പം കുത്തേറ്റ‌ു ഗുരുതരമായി പരുക്കേറ്റിരുന്ന അർജുനും കൂട്ടുകാരും ചേർന്ന‌് ആ അമ്മയെ താങ്ങി. യൂണിയൻ ഉദ്ഘാടനത്തിൽ ചെയർമാൻ അരുൺ ജഗദീശൻ അധ്യക്ഷനായിരുന്നു. നടൻ ഹരിശ്രീ അശോകൻ മുഖ്യാതിഥിയായി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama