go

ആരായാലും ഒന്നു ഞെട്ടും; 6 ലക്ഷം ചതുരശ്രയടി വിസ്തീർണം, ഷോപ്പിങ് കേന്ദ്രം, ഫുഡ് കോർട്ട്...

 Ernakulam News
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ആഭ്യന്തര ടെർമിനൽ.
SHARE

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ  ലോക നിലവാരമുള്ള പുതിയ ആഭ്യന്തര ടെർമിനൽ പ്രവർത്തനസജ്ജമായി. നവീകരിച്ച ടെർമിനൽ ടി–1 12 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ മൂന്നാം വാരത്തോടെ നിലവിലെ ആഭ്യന്തര ടെർമിനൽ ആയ ടി–2 വിൽ നിന്നു പ്രവർത്തനം പൂർണമായി ടി–1ലേക്കു മാറ്റും. 

രാജ്യാന്തര യാത്രക്കാർക്കു  ലഭിക്കുന്ന സേവന നിലവാരവും അടിസ്ഥാന സൗകര്യങ്ങളും ആഭ്യന്തര യാത്രക്കാർക്കു കൂടി ലഭ്യമാകുന്ന തരത്തിലാണു സിയാൽ ടി–1 രൂപകൽപ്പന ചെയ്തത്. ഇതിനായി ലോകത്തെ പ്രധാന വിമാനത്താവളങ്ങളിൽ സിയാൽ സംഘം പഠനം നടത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ കമ്മിഷൻ ചെയ്ത മൂന്നാം ടെർമിനലിലേക്കു രാജ്യാന്തര സർവീസുകൾ മാറ്റിയതോടെയാണു നേരത്തെ രാജ്യാന്തര ടെർമിനൽ പ്രവർത്തിച്ചിരുന്ന ടി-1ന്റെ  നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചത്. 

  Ernakulam News
കനോപിയിൽ നിന്നു പുതിയ ടെർമിനലിലേക്കുള്ള പ്രവേശനകവാടം.

പുതിയ ടെർമിനലിൽ പുറപ്പെടുന്ന (ഡിപാർച്ചർ) യാത്രക്കാർ ചെക്ക്-ഇൻ ചെയ്തു വലത്തേക്കു നീങ്ങി ഒന്നാം നിലയിലെ സെക്യൂരിറ്റി ഹോൾഡ് ഏരിയയിലേക്കാണ് എത്തുക. ഇവിടേക്ക് എത്തിയ യാത്രക്കാർ എയ്റോ ബ്രിജ് വഴി താഴത്തെ നിലയിലെത്തും. കസ്റ്റംസ്, ഇമിഗ്രേഷൻ, ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ തുടങ്ങിയവ  ആഭ്യന്തര സർവീസുകൾക്ക് ആവശ്യമില്ലാത്തതിനാൽ ആറു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിന്റെ വിശാലതയാണ്  ആഭ്യന്തര യാത്രക്കാർക്കു ലഭിക്കുക. 

ലോകോത്തര നിലവാരത്തിൽ സജ്ജീകരിച്ച സെക്യൂരിറ്റി ഏരിയയിൽ അര ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഷോപ്പിങ് കേന്ദ്രമൊരുക്കിയിട്ടുണ്ട്. ഇതിനു മുകളിൽ എക്‌സിക്യൂട്ടീവ് ലോഞ്ച്, ഫുഡ് കോർട്ട് തുടങ്ങിയവയും പ്രവർത്തിക്കും. 

എട്ടുകെട്ടിന്റെ ശിൽപ്പചാരുത

രാജ്യത്തെ ഇതര വിമാനത്താവളങ്ങളിൽ നിന്നു വ്യത്യസ്തമായി സ്റ്റീലിന്റെയും ഗ്ലാസിന്റെയും മേളനം ഒഴിവാക്കി കേരളത്തിന്റെ തനതു വാസ്തുശിൽപ്പ ശൈലിയാണു സിയാലിന്റെ മൂന്നു ടെർമിനലുകളുടെയും പ്രത്യേകത. പരമ്പരാഗത എട്ടുകെട്ടിന്റെ ശിൽപചാരുതയാണ് ടി–1നും ഒരുക്കിയത്. 

വാഹനങ്ങൾ വന്നു നിൽക്കുന്ന കനോപി മുതൽ സെക്യൂരിറ്റി ഏരിയ വരെ ഈ ശൈലി പിന്തുടർന്നിട്ടുണ്ട്. എട്ടുകെട്ടു തറവാടുകളുടെ പൂമുഖം, ചാരുപടി, അറയും നിരയുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ചുവരുകൾ, മേലാപ്പ്, മുഖവാരം, അകച്ചമയം എന്നിവിടങ്ങളിലെല്ലാം എട്ടുകെട്ടിന്റെ വാസ്തുശിൽപ ഘടകങ്ങൾ സമ്മേളിക്കുന്നു. 

·ടെർമിനൽ സവിശേഷതകൾ 

∙ നവീകരണത്തിനു ചെലവ് 240 കോടി രൂപ 

∙ വിസ്തീർണം നിലവിലെ ഒരു ലക്ഷം ചതുരശ്രയടിയിൽ നിന്ന് ആറു ലക്ഷത്തിലേക്ക്

∙ ഏഴ് എയ്റോ ബ്രിജുകൾ

∙ 12 വിമാനങ്ങളിൽ നിന്നുള്ള ബാഗേജുകൾ ഒരേസമയം കൈകാര്യം ചെയ്യാൻ ശേഷിയുള്ള അത്യാധുനിക കൺവെയർ ബെൽറ്റ്  സംവിധാനം.

·∙ 56 ചെക്ക്-ഇൻ കൗണ്ടറുകൾ

∙ മണിക്കൂറിൽ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി (നിലവിലുള്ളതിന്റെ അഞ്ചിരട്ടി)

∙ കേരളത്തിന്റെ തനതു കലാരൂപങ്ങളുടെടെയും തച്ചുശാസ്ത്ര വൈവിധ്യങ്ങളുടെയും ഗ്യാലറി

∙ ഹരിത കേരളത്തിന്റെ സൗന്ദര്യം, ഓണപ്പെരുമ, പാരമ്പര്യം എന്നിവ വിളിച്ചോതുന്ന പെയ്ന്റിങ്ങുകൾ, ചുവർ ചിത്രങ്ങൾ.

·∙ ചിത്രകലാ പ്രദർശന ഹാൾ, ഫുഡ് 

കോർട്ട്, എക്‌സിക്യൂട്ടീവ് ലോഞ്ച് 

∙ അരലക്ഷം ചതുരശ്രയടി ഷോപ്പിങ് ഏരിയ

ഏറ്റവും വലിയ സൗരോർജ കാർപോർട്ട് സിയാലിൽ

 Ernakulam News
സിയാൽ എംഡി വി.ജെ. കുര്യൻ.

പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമാണു സിയാൽ. 2015 ഓഗസ്റ്റ് 18 ന് 13 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റ് കാർഗോ ടെർമിനലിനു സമീപം ഉദ്ഘാടനം ചെയ്തതോടെയാണു സിയാൽ ഈ നേട്ടം കൈവരിച്ചത്. 

വൻകിട ഊർജ ഉപഭോഗം  വേണ്ടിവരുന്ന വിമാനത്താവളം പോലുള്ള സ്ഥലങ്ങളിൽ പാരമ്പര്യേതര ഊർജം ഉപയോഗിക്കാമെന്ന ആശയം വിജയകരമായി നടപ്പാക്കിയതിനു സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ ഈ വർഷം ഐക്യരാഷ്ട്രസഭയുടെ ചാംപ്യൻ ഓഫ് എർത്ത് പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു. 

ലോകത്തെ ഏറ്റവും വലിയ സൗരോർജ കാർപോർട്ടുള്ള വിമാനത്താവളമെന്ന ഖ്യാതിയും സിയാലിനു സ്വന്തമാവുകയാണ്. 2600 കാറുകൾ പാർക്ക് ചെയ്യാവുന്ന രണ്ടു കാർപാർക്കുകൾ ആണ് ഇവിടെയുള്ളത്. 5.1 മെഗാവാട്ടാണു മൊത്തം സ്ഥാപിത ശേഷി. 

നിലവിൽ ലോകത്തിലെ വിമാനത്താവളങ്ങളിൽ ഏറ്റവും വലിയ സൗരോർജ കാർപോർട്ടുള്ളതു ജർമനയിലെ വീസ് രാജ്യാന്തര വിമാനത്താവളത്തിലാണ്. നാലു മെഗാവാട്ടാണ് ഇതിന്റെ സ്ഥാപിതശേഷി. 

12 നു ടി–1 ടെർമിനലിനു മുന്നിലെ രണ്ടാം കാർപോർട്ട് കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സൗരോർജ കാർപോർട്ടുള്ള വിമാനത്താവളമെന്ന ഖ്യാതി സിയാലിനു ലഭിക്കും. 

ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ കാർപോർട്ടും ഇവിടുത്തേതാണ്. വൈദ്യുത കാറുകൾക്ക് ഉപയോഗിക്കുന്നതിനു കാർപോർട്ടുകളിൽ 81 വൈദ്യുതി ചാർജിങ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. 

സൗരോർജ ഉൽപാദനം 40 മെഗാവാട്ടിലേക്ക് 

 Ernakulam News
പുതിയ ടെർമിനലിനു മുന്നിൽ സജ്ജമാക്കിയ സൗരോർജ കാർ പോർട്ട്

നിലവിൽ 30 മെഗാവാട്ടാണു സിയാലിന്റെ മൊത്തം സൗരോർജ സ്ഥാപിത ശേഷി. 12ന് ഇത് 40 മെഗാവാട്ടായി ഉയരും. പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി ആണ് ഇതിൽ നിന്നു ലഭിക്കുക. ടെർമിനൽ-1 പൂർണ സജ്ജമാകുന്നതോടെ 1.3 ലക്ഷം യൂണിറ്റ് വൈദ്യുതിയാണു സിയാലിനു പ്രതിദിനം വേണ്ടി വരിക. തങ്ങളുടെ ഉപയോഗം കഴിഞ്ഞ് 30,000 യൂണിറ്റ് വൈദ്യുതി സിയാലിന് കെഎസ്ഇബിക്കു കൈമാറാനാകും.  

യാത്രക്കാരുടെ എണ്ണം

രാജ്യത്ത് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻകുതിപ്പാണ് ഉണ്ടാകുന്നത്. പ്രതിവർഷ വളർച്ച ശരാശരി 19 ശതമാനം. സിയാലിൽ ഇത് 24 ശതമാനമാണ്. 2017-18 ൽ മാത്രം അരക്കോടിയോളം ആഭ്യന്തര യാത്രക്കാരാണു കൊച്ചി വിമാനത്താവളം ഉപയോഗിച്ചത്.  2017-ൽ ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ വളരുന്ന ആഭ്യന്തര വ്യോമയാന മാർക്കറ്റായി. ഈ വർഷം രാജ്യത്ത് 30 കോടിയോളം ആഭ്യന്തര യാത്രക്കാർ ഉണ്ടാകുമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 

നിലവിൽ ഇന്ത്യൻ കമ്പനികളുടെ 580 വിമാനങ്ങൾ  സർവീസ് നടത്തുന്നതിന് ഉപയോഗിക്കുന്നു. 2023ൽ ഇത് 1000 ആയി ഉയരുന്നു കണക്കാക്കുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ ആഭ്യന്തര വിമാനയാത്രയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചേ മതിയാകൂ എന്നും  ആഭ്യന്തര യാത്രക്കാർക്കും എയർലൈനുകൾക്കും ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിയാൽ ടെർമിനൽ-1 നവീകരണം നടപ്പാക്കിയതെന്നും സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു. 

കൊച്ചിയിലെ ആഭ്യന്തര യാത്രക്കാർക്കു നേരത്തെ ഇല്ലാതിരുന്ന പല സൗകര്യങ്ങളും നവീകരിച്ച ടെർമിനലിൽ ഉണ്ടാകും. ഏഴ്  എയ്‌റോബ്രിജുകൾ തന്നെ ഉദാഹരണം. അറൈവൽ, ഡിപാർച്ചർ വിഭാഗങ്ങൾ രണ്ടു നിലകളിൽ സജ്ജമാക്കിയതോടെ അതിവേഗത്തിൽ യാത്രക്കാരുടെ നീക്കം സാധ്യമാകും. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama