go

മിഖായേൽ, 21–ാം നൂറ്റാണ്ട്... ഹാർബർ ടെർമനസിനെ സിനിമയിൽ എടുത്തോ?

Ernakulam News
ഹാർബർ ടെർമിനസിൽ 21–ാം നൂറ്റാണ്ട് സിനിമയുടെ ചിത്രീകരണം
SHARE

കൊച്ചി∙മലയാള ചലച്ചിത്ര പ്രവർത്തകർ ഇനി ഷൂട്ടിങ്ങിനു ട്രെയിനും റെയിൽവേ സ്റ്റേഷനും അന്വേഷിച്ചു പൊളളാച്ചിയിലേക്കും ചെങ്കോട്ടയിലേക്കും ഓടേണ്ട.നവീകരിച്ച കൊച്ചിൻ ഹാർബർ ടെർമിനസ്‌ സ്റ്റേഷനും പാതയുമാണു തമിഴ്നാട് ലൊക്കേഷനുകളെ പിന്തളളി മലയാള സിനിമയിൽ കയറിപ്പറ്റിയത്.ഏഴര കോടി രൂപ ചെലവിൽ നവീകരിച്ച വിക്ടോറിയൻ ശൈലിയിലുളള ഐലൻഡിലെ സ്റ്റേഷനിലേക്കു  ട്രെയിൻ സർവീസില്ലാത്തതിനാൽ 24 മണിക്കൂറും തടസ്സങ്ങളില്ലാതെ ചിത്രീകരണം നടത്താമെന്നതാണു പ്രത്യേകത.ദക്ഷിണ റെയിൽവേയിൽ മറ്റൊരിടത്തും ഇത്തരം സൗകര്യമില്ല.

 Ernakulam News
മിഖായേലിന്റെ ചിത്രീകരണം ടെർമിനസിൽ രാത്രിയിൽ നടന്നപ്പോൾ

നിവിൻ പോളി നായകനാകുന്ന മിഖായേൽ, പ്രണവ് മോഹൻലാൽ നായകനാകുന്ന 21–ാം നൂറ്റാണ്ട് എന്നിവയുടെ ചിത്രീകരണമാണു കഴിഞ്ഞ ദിവസങ്ങളിൽ ഹാർബർ ടെർമിനസിൽ നടന്നത്. പോർട്ടിന്റെ സ്ഥലമായതിനാൽ ഷൂട്ടിങ് കാണാനും തിരക്കില്ല.18 കോച്ചുകളുളള ട്രെയിനുകൾ നിർത്താനാവശ്യമായ 2 പ്ലാറ്റ്ഫോമുകളും 2 ലൈനുകളുമാണു സ്റ്റേഷനിലുളളത്. മരങ്ങൾ നിറഞ്ഞു മനോഹരമായ ലൊക്കേഷനായതിനാൽ വൈകാതെ കൂടുതൽ സിനിമകളുടെ ചിത്രീകരണം ഇവിടെ നടക്കുമെന്ന പ്രതീക്ഷയിലാണു റെയിൽവേ.

 Ernakulam News
കൊച്ചിൻ എക്സ്പ്രസിലെ രംഗങ്ങൾ

ഷൂട്ടിങ്ങിനായി നാലും അഞ്ചും കോച്ചുകളുളള ട്രെയിനുകളാണ് അണിയറ പ്രവർത്തകരുടെ ആവശ്യപ്രകാരം റെയിൽവേ വിട്ടു നൽകുന്നത്.
ഷൂട്ടിങ്ങിൽ നിന്നു പ്രതിദിനം 4 മുതൽ 5 ലക്ഷം രൂപ വരെയാണു റെയിൽവേയ്ക്കു വരുമാനം ലഭിക്കുന്നത്. സെക്യൂരിറ്റി ഡെപ്പോസിറ്റായ ഒരു ലക്ഷം രൂപ ഷൂട്ടിങിനു ശേഷം തിരികെ നൽകും.ട്രെയിനില്ലാതെ സ്റ്റേഷനും പരിസരവും മാത്രമാണു ചിത്രീകരിക്കുന്നതെങ്കിൽ നിരക്കു വീണ്ടും കുറയും.

ദക്ഷിണ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസറിനാണു (സിപിആർഒ) ചിത്രീകരണ അനുമതിക്കു അപേക്ഷ നൽകേണ്ടത്.എന്നാൽ നടപടിക്രമങ്ങൾ ലഘൂകരിച്ചതിനാൽ ഏതാനും ദിവസങ്ങൾക്കുളളിൽ തന്നെഅനുമതി ലഭിക്കും. അനുമതിക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തുമെന്നു തിരുവനന്തപുരം ഡിവിഷൻ കൊമേഴ്സ്യൽ മാനേജർ അജയ് കൗശിക് പറഞ്ഞു. പ്രണവ് മോഹൻലാൽ ഉൾപ്പെട്ട സംഘട്ടന രംഗങ്ങളാണു 21–ാം നൂറ്റാണ്ടിനായി സ്റ്റേഷനിൽ ചിത്രീകരിച്ചത്.

തമിഴ്നാട്ടിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സഹായങ്ങളും റെയിൽവേ ഐലൻഡിലും നൽകിയതായി മിഖായേലിന്റെ നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞു. മലയാള സിനിമ കൊച്ചി കേന്ദ്രീകരിച്ചായതിനാൽ കൊച്ചിയിൽ തന്നെ റെയിൽവേ സൗകര്യം ഷൂട്ടിങിനു ലഭിക്കുന്നതു നിർമാണച്ചെലവു കുറയ്ക്കും.താരങ്ങളും സാങ്കേതിക പ്രവർത്തകരുമുൾപ്പെടെ ഇവിടെ തന്നെയായതിനാൽ  നിർമാതാക്കളെ സംബന്ധിച്ചു ഹോട്ടൽ, വാഹന ചെലവിലാണു പ്രധാന ലാഭം. ദിലീപ് നായകനായ ഇവൻ മര്യാദരാമൻ എന്ന ചിത്രത്തിനു വേണ്ടി പഴനിയിൽ 22.5 ലക്ഷം രൂപ മുടക്കിയാണു ട്രെയിന്റെ െസറ്റിട്ടതെന്നു ആന്റോ ജോസഫ് പറയുന്നു.

പടം ഹിറ്റാകാൻ ട്രെയിൻ

റെയിൽവേ സ്റ്റേഷനും ട്രെയിനുമൊക്കെ സിനിമാക്കാരെ സംബന്ധിച്ചിടത്തോളം വലിയ രാശിയാണ്. ട്രെയിനുൾപ്പെട്ട സിനിമകളുടെ വിജയമാണ് ഇതിനാധാരം. ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വമ്പർ ഹിറ്റായ ദിൽവാലേ ദുൽഹനിയ ലേ ജാംയേഗെയിലെ ട്രെയിൻ സീൻ  ആരാണു ഓർമിക്കാത്തത്. അമരീഷ് പുരി കജോളിനോടു പറയുന്ന ‘ ജാ സിമ്രാൻ ജാ ,  ജീ ലേ അപ്നി സിന്ദഗി എന്ന ഡയലോഗ് മറക്കാനാവുമോ. ട്രെയിനിൽ നിന്നു സിമ്രനു (കജോൾ) നേരെ  രാജ് (ഷാരുഖ് ഖാൻ) കൈനീട്ടുന്ന രംഗം ട്രെയിന്റെ വേഗക്കൂടുതൽ മൂലം പലതവണ ഷൂട്ട് ചെയ്യേണ്ടി വന്നു.ഓരോ തവണയും 20 മിനിറ്റ് വീതമാണു ട്രെയിൻ തിരികെ വരാൻ എടുത്തത്.

  Ernakulam News
ദിൽവാലേ ദുൽഹനിയ ലേ ജാംയേഗെയിലെ ട്രെയിൻ രംഗം

ഏറ്റവും പ്രയാസം ഓരോ തവണയും ആ സീനിനായി  മുടി ഒരുക്കുന്നതായിരുന്നുവെന്നു കജോൾ പിന്നീട്  ഒരു അഭിമുഖത്തിൽ പറഞ്ഞു. തന്നെ  ട്രെയിനിനു പിന്നാലേ ഓടിക്കാതെ ഷാരുഖിനു ചങ്ങല വലിച്ചു കൂടായിരുന്നോ എന്ന പ്രേക്ഷകരുടെ സംശയം കജോളിനുമുണ്ട്. സംവിധായകൻ ആദിത്യ ചോപ്രയ്ക്കാണ് ആ രംഗത്തിന്റെ എല്ലാ ക്രഡിറ്റും കജോൾ നൽകുന്നത്.തമിഴ് സിനിമയിൽ ട്രെയിനുമായി ബന്ധമില്ലാത്ത കഥയാണെങ്കിലും എവിടെയെങ്കിലും ഒരു ട്രെയിൻ സീൻ ഉറപ്പാക്കുന്ന വിശ്വാസം ഉണ്ടെന്നു പറഞ്ഞതു നടൻ രഘുവരനായിരുന്നു. ദിൽസേയിലെ ഷാരുഖിന്റെ ഛയ്യ, ഛയ്യ എന്ന ഗാനത്തിന്റെ നൃത്തരംഗത്തിനും ഷാരുഖ് ദീപിക പദുകോൺ ചിത്രം ചെന്നൈ എക്സ്പ്രസിനും ട്രെയിൻ പശ്ചാത്തലമായി

പ്രിയ‘ട്രെയിൻ’ ദർശനങ്ങൾ

സംവിധായകൻ പ്രിയദർശന്റെ  ചിത്രങ്ങളിൽ ട്രെയിനും റെയിൽവേ സ്റ്റേഷനുമൊക്കെ അഭിവാജ്യ ഘടകങ്ങളാണ്. പ്ലാറ്റ്ഫോമിലേക്കു ചാടിയിറങ്ങുന്ന രേവതിയുടെ വെളളിക്കൊലുസിന്റെ കിലുക്കത്തിലൂടെയാണു മലയാളികൾ നെഞ്ചേറ്റിയ കിലുക്കം എന്ന സിനിമ തുടങ്ങുന്നത്.സിനിമ അവസാനിക്കുന്നതും ഊട്ടിയിലെ മഞ്ഞു പൊതിഞ്ഞ അതേ പ്ലാറ്റ്ഫോമിലാണ്.

പാലക്കാട് പൊളളാച്ചി പാതയിലെ ആൽമരങ്ങൾ തണൽവിരിക്കുന്ന മുതലമട റെയിൽവേ സ്റ്റേഷനാണു മമ്മൂട്ടി നായകനായ മേഘത്തിലും ദിലീപിന്റെ വെട്ടത്തിലും പ്രിയദർശൻ കാണിച്ചതെങ്കിൽ മോഹൻലാൽ ചിത്രം ചന്ദ്രലേഖയിൽ മുംബൈ ലോക്കൽ ട്രെയിൻ സ്റ്റേഷനിലാണു സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും.പ്രിയൻ കഥയെഴുതിയ ഒരു യാത്രാമൊഴിയിലും മുതലമട സ്റ്റേഷനുണ്ട്. കാക്കക്കുയിൽ, മുംബൈ ഛത്രപതി ശിവാജി ടെർമിനസിനു  മുന്നിൽ നിന്നാണു തുടങ്ങുന്നത്.

പാളങ്ങൾ ഭാഗ്യം കൊണ്ടു വരുമെന്നാണു പ്രിയന്റെ വിശ്വാസം.പൂച്ചക്കൊരു മുക്കൂത്തി എന്ന സിനിമ മുതൽ ഈ രാശിയിൽ പ്രിയൻ വിശ്വസിക്കുന്നുണ്ട്.തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനാണു പൂച്ചക്കൊരു മുക്കൂത്തിയിലെ ഓപ്പണിങ് സീൻ.മുഴുനീള ട്രെയിൻ ചിത്രങ്ങളും മലയാളത്തിൽ കുറവല്ല. മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച നമ്പർ 20 മദ്രാസ് മെയിലിന് ഇപ്പോഴും കാണികളുടെ തിരക്കുണ്ട്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അതിഥി താരമായി പ്രിയദർശനുമുണ്ടെന്നതു മറ്റൊരു യാദൃശ്ചികത.

പണ്ടേയുണ്ട് ആ പ്രണയം

ഹാർബർ ടെർമിനസിനോടുളള സിനിമയുടെ പ്രണയം ഇന്നല്ല തുടങ്ങിയത്.സ്റ്റേഷന്റെ പ്രതാപ കാലത്ത്  പ്രേംനസീറിന്റെ കൊച്ചിൻ എക്സ്പ്രസ് എന്ന സിനിമ ഏറിയപങ്കും ഇവിടെയാണു ചിത്രീകരിച്ചത്. മലയാളത്തിലെ സൂപ്പർഹിറ്റ് ഡിറ്റക്ടീവ് ചിത്രമായിരുന്നു കൊച്ചിൻ എക്സ്പ്രസ്.ടെർമിനസിൽ നിന്നു കൊച്ചിൻ എക്സ്പ്രസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്ന വില്ലത്തിയും അവരെ പിടികൂടാൻ കാറിൽ പോകുന്ന പ്രേംനസീറും അടൂർ ഭാസിയും. അന്നു ടെർമിനസും പരിസര പ്രദേശങ്ങളും കടകളും ഹോട്ടലുകളും നിറഞ്ഞു നഗരത്തിരക്കിലായിരുന്നു. അന്നു മദ്രാസിലേക്ക് ഓടിയിരുന്ന കൊച്ചിൻ എക്സ്പ്രസാണ് ആലപ്പുഴ പാത വന്നതോടെ  ആലപ്പി ചെന്നൈ എക്സ്പ്രസായി മാറിയത്.

അടിപൊളി നമ്പർ 20 മദ്രാസ് മെയിൽ

ഡെന്നീസ് ജോസഫ് (തിരക്കഥാകൃത്ത്,നമ്പർ 20 മദ്രാസ് മെയിൽ)
നമ്പർ 20 മദ്രാസ് മെയിലിനു വേണ്ടി തിരുവനന്തപുരം, കോട്ടയം, എറണാകുളം, സേലം തുടങ്ങിയ സ്റ്റേഷനുകളെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. ട്രെയിനിന് അകത്തുളള സീനുകൾ മുഴുവൻ ഷൊർണൂർ നിലമ്പൂർ പാതയിലായിരുന്നു എടുത്തത്.ഓടുന്ന ട്രെയിനിനുളളിലെ സ്ഥലപരിമതികൾ തടസ്സമാകാതെ ചിത്രീകരണം പ്രയാസമായിരുന്നു.സംവിധായകൻ ജോഷിയുടെ മിടുക്കാണു സിനിമയിൽ കാണുന്നത്.ഷൊർണൂർ റൂട്ടിൽ രാവിലെയും വൈകിട്ടും മാത്രമാണ് അന്നു പാസഞ്ചർ സർവീസ് ഉണ്ടായിരുന്നത്.

 Ernakulam News
നമ്പർ 20 മദ്രാസ് മെയിലിൽ നിന്ന്

പകൽ സർവീസില്ലാത്തതിനാൽ‍ ആ സമയത്തായിരുന്നു പ്രത്യേക കോച്ച് ഉപയോഗിച്ചുളള ചിത്രീകരണം സിനിമയുടെ എല്ലാ ആവശ്യത്തിനും അന്നു ചെന്നൈയിൽ പോകേണ്ടതിനാൽ മാസത്തിൽ 4 തവണയെങ്കിലും മദ്രാസ് മെയിലിൽ യാത്ര പതിവായിരുന്നു.ആ ട്രെയിൻ യാത്രയിലെ എല്ലാ കാര്യങ്ങളും അതു കൊണ്ടു തന്നെ എനിക്കു കാണാപാഠമായിരുന്നു.അതാണു സിനിമയിലും പകർത്തിയത്.എറണാകുളം നോർത്ത് സ്റ്റേഷനു തൊട്ടടുത്താണ് അന്നു താമസിച്ചിരുന്നത്. 10 ചുവടു വച്ചാൽ സ്റ്റേഷനായി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama