go

തല‘വര’ മാറിയപ്പോൾ വിപിൻ ബിനാലെ ആർട്ടിസ്റ്റ്

Ernakulam News
ഞാനും ഞാനും: ബിനാലെ കലാസൃഷ്ടിയുമായി ബന്ധപ്പെട്ടു വരച്ച ചിത്രത്തിലെ യഥാർഥ വ്യക്തിയുമൊത്ത് ആർട്ടിസ്റ്റ് വിപിൻ ധനുർധരൻ.
SHARE

കൊച്ചി ∙ ചവറ തേവലക്കരയിലെ വിപിൻ ധനുർധരൻ പ്ലസ് ടു പഠനത്തിനു ശേഷം കലയിലെ കമ്പം മൂത്തു ശാന്തിനികേതനിൽ പ്രവേശനത്തിനു കുറച്ചൊന്നുമല്ല ശ്രമിച്ചത്. ആദ്യ 2 ശ്രമങ്ങളും പരാജയപ്പെട്ടെങ്കിലും നിരാശനാകാതെ മൂന്നാമതും ശ്രമിക്കുന്നതിനിടെയായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. 2012-ലെ ആദ്യ കൊച്ചി-മുസിരിസ് ബിനാലെയാണു വിപിന്റെ കലാജീവിതം മാറ്റിമറിച്ചത്. വിപിൻ അതിൽ വൊളന്റിയറായെത്തി. പിന്നീട് നടന്ന 2 ബിനാലെകളിൽ ഫൗണ്ടേഷനിലെ ജീവനക്കാരനായിരുന്ന വിപിൻ ഇത്തവണത്തെ ബിനാലെയിലെ ആർട്ടിസ്റ്റായി മാറുന്നു. ബിനാലെ ആദ്യ ലക്കത്തിൽ നിന്ന് ഏറെ പഠിക്കാനായെന്നു വിപിൻ ഓർക്കുന്നു.

സാംസ്കാരിക പരിപാടികളുടെയും സൃഷ്ടികളുടെയും ഇടയിലൂടെയുള്ള ചർച്ചയും ആശയവിനിമയവും ബിനാലെ പ്രോത്സാഹിപ്പിക്കുന്നു. ആദ്യ 3 ബിനാലെകളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കലാകാരന്മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു വിപിന്റെ ദൗത്യം. അതു യഥാർഥ വിദ്യാഭ്യാസമായി മാറിയപ്പോൾ ശാന്തിനികേതനിൽ കിട്ടാത്ത പാഠങ്ങളിലൂടെ നാലാം ബിനാലെയിൽ അദ്ദേഹം പങ്കാളിത്തമുള്ള കലാകാരനായി വളർന്നു. സഹോദരൻ അയ്യപ്പന്റെ ദർശനങ്ങളാണു വിപിൻ തന്റെ സൃഷ്ടിക്കായി തിരഞ്ഞെടുത്തത്.

അദ്ദേഹം മുന്നോട്ടു വച്ച പന്തിഭോജനമാണു വിപിന്റെ സൃഷ്ടിയുടെ പശ്ചാത്തലം. സഹോദരൻ എന്നാണു ബിനാലെയിൽ വിപിൻ ഒരുക്കുന്ന സൃഷ്ടിയുടെ പേര്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ നടത്തിയ സമകാലീന പരിശീലന കളരിയിലൂടെയാണു വിപിന് ഇത്തവണത്തെ ബിനാലെയിലേക്കു വാതിൽ തുറന്നത്. 11 ആർട്ടിസ്റ്റുകൾ പങ്കെടുത്ത മട്ടാഞ്ചേരി എന്നു പേരിട്ടിരുന്ന ഈ പരിശീലന പരിപാടയിൽ പെട്രിച്ചോർ എന്ന വീഡിയോ പ്രതിഷ്ഠാപനമാണു വിപിൻ ഒരുക്കിയത്.

മട്ടാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലുമുള്ള ചെറുതും വലുതുമായ കനാലുകളുടെ കഥയാണ് ഇതിലൂടെ അദ്ദേഹം പറഞ്ഞത്. ഒരു കാലത്തു കുളിക്കാനും കുടിക്കാനും ഉപയോഗിച്ചിരുന്ന ഈ കനാലുകൾ ഇന്നു മാലിന്യവാഹിനികളായതും അതിന്റെ സാമൂഹിക പശ്ചാത്തലവുമെല്ലാം വിപിൻ പ്രമേയമാക്കിയതു ക്യൂറേറ്റർ അനിത ദുബെയെ ആകർഷിച്ചു. തുടർന്നാണു ബിനാലെ നാലാം ലക്കത്തിൽ കലാസൃഷ്ടി അവതരിപ്പിക്കാനുള്ള ക്ഷണം വിപിൻ ധനുർധരനു ലഭിക്കുന്നത്.

പുതുമയുള്ള ആശയങ്ങളോട് അനിത ദുബെക്ക് തുറന്ന സമീപനമാണെന്നു വിപിൻ പറഞ്ഞു. പുതിയ കലാ പ്രമേയങ്ങളെ അവർ കാര്യമായി പ്രോത്സാഹിപ്പിക്കാറുണ്ട്. ബിനാലെ ആദ്യ ലക്കത്തിനു ശേഷവും വിപിൻ ബിനാലെ ഫൗണ്ടേഷനിൽ തുടർന്നു. ഫോർട്ട്കൊച്ചി പെപ്പർ ഹൗസിലെ റസിഡൻസി പരിപാടിയുടെ സംയോജകനായിരുന്നു അദ്ദേഹം. ബിനാലെ പ്രദർശനങ്ങൾ തുടങ്ങുമ്പോൾ തിരികെ നിർമാണ വിഭാഗത്തിലേക്കു മാറുമെന്നും അദ്ദേഹം പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama