go

തെളിയാത്ത കേസുകളുടെ പട്ടിക നീളുന്നു; കൊച്ചിക്കു വേണം സൂപ്പർ പോലീസ്

Super Police
SHARE

കൊച്ചി∙ കേസുകൾ തെളിയിക്കുന്നതു കലയാണ്, ഒപ്പം ഒരു ഗെയിമും... കൊച്ചിയിലെ തെളിയാത്ത കേസുകളുടെ പട്ടിക നീളുമ്പോൾ തോന്നിപ്പോകും, നമുക്കും വേണ്ടേ ഒരു സൂപ്പർ പൊലീസ്? കുറ്റകൃത്യം നടന്നു മണിക്കൂറുകൾക്കുള്ളിലാണു കേസ് തെളിയേണ്ടത്. ക്രൈം സീനിലെത്തി മണിക്കൂറുകൾക്കുള്ളിൽ കൂർമബുദ്ധികളായ അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയുടെ പ്രകൃതം തിരിച്ചറിഞ്ഞിട്ടുണ്ടാകും. അയാളെ പിടികൂടാനുള്ള കാലതാമസം മാത്രമാണു പിന്നീടുള്ളത്. കേസന്വേഷണത്തിന്റെ ഇന്നത്തെ സ്ഥിതി എന്താണെന്നു നോക്കാം:

ആദ്യമെത്തുന്ന ലോക്കൽ പൊലീസ്

സ്ഥലം സബ് ഇൻസ്പെക്ടറും സംഘവും ആദ്യമെത്തും. ഇവർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ചു കേസിന്റെ ഗൗരവം, രാഷ്ട്രീയ പ്രാധാന്യം എന്നിവ തൂക്കി നോക്കി ഇൻസ്പെക്ടർ, ഡിവൈഎസ്പി, എസ്പി, കമ്മിഷണർ, ഐജി റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ പിന്നാലെ എത്തും. പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥനായ സ്ഥലം എസ്ഐ, ഇൻസ്പെക്ടർ എന്നിവർക്ക് അതേ ദിവസം തന്നെ 8 ധർണകൾ, 3 വഴി തടയൽ സമരങ്ങൾ, 5 ഗതാഗത നിയന്ത്രണങ്ങൾ,

മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്കുള്ള 4 അകമ്പടി യാത്രകൾ, രണ്ട് ആത്മഹത്യകൾ, വഴിത്തർക്കങ്ങൾ, വിചാരണക്കോടതിയിലെ സാക്ഷി വിസ്താരം, മേലുദ്യോഗസ്ഥർ വിളിച്ചു കൂട്ടുന്ന യോഗങ്ങൾ എന്നിവ കൂടി കൈകാര്യം ചെയ്യാനുണ്ടാകും. പോരാത്തതിനു ലോക്കൽ സ്റ്റേഷനിൽ വർഷങ്ങളായി നികത്താതെ കിടക്കുന്ന 10 ൽ അധികം സിവിൽ പൊലീസ് തസ്തികകളും. ഇതിനിടയിലാണു അതിബുദ്ധിമാന്മാരായ കുറ്റവാളികളെ അന്വേഷിച്ചു കണ്ടെത്തേണ്ടി വരുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ഭാഗ്യപരീക്ഷണം

ലോക്കൽ പൊലീസ് അന്വേഷിച്ചു പരാജയപ്പെട്ടു കഴിയുമ്പോൾ മാസങ്ങൾക്കു ശേഷമാണു കേരളാ പൊലീസിന്റെ സ്പെഷലിസ്റ്റ് കുറ്റാന്വേഷണ വിഭാഗമായ ക്രൈംബ്രാഞ്ചിനു കേസ് കൈമാറുന്നത്. ക്രൈം സീനിലെത്തുന്ന ഡിറ്റക്ടിവുകൾ നേരിടുന്ന പ്രധാന വെല്ലുവിളി സൂക്ഷ്മ തെളിവുകളുടെ നഷ്ടപ്പെടലാണ്. കുറ്റവാളിയുടെ വിരലടയാളങ്ങൾക്കു മുകളിൽ നാട്ടുകാരുടെ മുഴുവൻ വിരലടയാളങ്ങളും പതിഞ്ഞിട്ടുണ്ടാവും.

‘ഹൈ ടെക്’ സിറ്റി പൊലീസ് മന്ദിരം?

മറൈൻ ഡ്രൈവിൽ ഹൈക്കോടതി ജംക്‌ഷനിൽ ഒറ്റ മഴയത്തു മുങ്ങിപ്പോയിരുന്ന കമ്മിഷണർ ഓഫിസ് 8 വർഷം മുൻപു പൊളിച്ചു നീക്കുമ്പോൾ വലിയൊരു വാഗ്ദാനമുണ്ടായിരുന്നു. അതേ സ്ഥാനത്ത് അത്യാധുനിക സാങ്കേതിക സജ്ജീകരണങ്ങളോടെ കുറ്റാന്വേഷണ ആസ്ഥാന മന്ദിരം. നഗരം മുഴുവൻ അരിച്ചു പെറുക്കുന്ന നിരീക്ഷണ സംവിധാനം. യുവ ഉദ്യോഗസ്ഥർ അടങ്ങുന്ന സ്പെഷലിസ്റ്റ് കുറ്റാന്വേഷണ സംഘം. സൈബർ കുറ്റാന്വേഷണ കേന്ദ്രം (ഇതു പിന്നീടു സൈബർ ഡോം എന്ന പേരിൽ തിരുവനന്തപുരത്തു തുടങ്ങി).

സിബിഐ എന്തുചെയ്യാനാണ്?

അബ്കാരി മിഥില മോഹൻ വധക്കേസിൽ അക്ഷരാർഥത്തിൽ സംഭവിച്ചതാണിത്. ലോക്കൽ പൊലീസ് പൂർണമായി പരാജയപ്പെട്ട കേസിൽ, കൊലയ്ക്കു ക്വട്ടേഷൻ നൽകിയ പ്രതിയെ ക്രൈംബ്രാഞ്ച് കണ്ടെത്തി. പക്ഷേ, കൊലയാളികൾ അപ്പോഴും കാണാമറയത്ത്. ഒടുവിൽ മോഹന്റെ മകൻ നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതു കേസിന്റെ 12–ാം വാർഷികത്തിനു ശേഷം. സിബിഐയുടെ പക്കലെത്തുന്ന പല കേസുകളുടെയും കഥ ഇതാണ്.

കേരള പൊലീസ് പൂർണ പരാജയം സമ്മതിച്ച ശേഷം സംസ്ഥാന സർക്കാരും ഹൈക്കോടതിയും അന്വേഷണം കൈമാറുമ്പോളാണു സിബിഐയുടെ രംഗപ്രവേശം. അപ്പോഴേക്കും കേസിലെ യഥാർഥ പ്രതികൾ മരിച്ചു കാണും. ലോക്കൽ പൊലീസിന്റെ എഫ്ഐആറും അപൂർണമായ കേസ് ഡയറിയുമായി ക്രൈം സീനിലെത്തുമ്പോൾ അവിടം തിരിച്ചറിയാൻ കഴിയാത്ത വിധം മാറിയിട്ടുണ്ടാകും. തെളിവുകൾ മുഴുവൻ പ്രതികൾ നശിപ്പിച്ചിട്ടുമുണ്ടാകും. സാക്ഷികൾ മനസ്സുകൊണ്ടു കൂറുമാറിയിട്ടുമുണ്ടാകും.

അന്വേഷണ മികവ്

ചെവിക്കു പിടിക്കാനാളുണ്ടെങ്കിൽ കേസന്വേഷിക്കാൻ കേരള പൊലീസിനു നന്നായറിയാം. അതിനുള്ള തെളിവാണു പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാതകവും യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസും. 

സൂപ്പർ പൊലീസ് എങ്ങനെ വേണം

പൊലീസിങ് 5 തരമുണ്ട്. 1. ക്രമസമാധാന പാലനം 2. രഹസ്യാന്വേഷണം 3. കുറ്റാന്വേഷണം 4. സായുധസേന 5. ഗതാഗത പരിപാലനം. ഇതിലെ ആദ്യത്തെതും അവസാനത്തെതും ചെയ്യാൻ മാത്രമാണ് ലോക്കൽ പൊലീസിന് ആൾബലവും സാവകാശവുമുള്ളത്. രഹസ്യാന്വേഷണത്തിനുള്ള സ്പെഷൽ ബ്രാഞ്ചിനും ഒളിസേനാവിഭാഗമായ ഷാഡോ പൊലീസിനും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം ഇപ്പോഴില്ല പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കും പൊലീസ് മേലധികാരികൾക്കും അനഭിമതരായ ഉദ്യോഗസ്ഥരെ ഒതുക്കാനുള്ള മേഖലയായി രഹസ്യാന്വേഷണ വിഭാഗം തരംതാണു.

അന്വേഷണ ത്വരയും സാങ്കേതിക വിദ്യാഭ്യാസ യോഗ്യതകളും അഭിരുചിയുമുള്ള യുവാക്കളെ എആർ ക്യാപുകളിൽ വാടിക്കരിയാൻ വിടാതെ കുറ്റാന്വേഷണ മേഖലയിൽ ഉപയോഗപ്പെടുത്തണം. ക്രമസമാധാന ചുമതലകളിൽ നിന്ന് ഒഴിവാക്കി സബ് ഇൻസ്പെക്ടർമാരെയും ഇൻസ്പെക്ടർമാരെയും ലോക്കൽ പൊലീസിന്റെ ഭാഗമായി സ്റ്റേഷനുകളിൽ കുറ്റാന്വേഷണത്തിനു മാത്രം നിയോഗിക്കണം.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama