go

വെള്ളീച്ചയോടു കുട്ടികൾ പറഞ്ഞു: കടക്കൂ, കെണിക്കകത്ത്...

Ernakulam News
വെള്ളീച്ചയെ കീടനാശിനിയില്ലാതെ നശിപ്പിക്കാനുള്ള ‘കെണി’ ഒരുക്കിയ കൊച്ചി നേവൽ ബേസ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾ.
SHARE

കൊച്ചി∙ പാവലും പടവലവും വെള്ളരിയും ഉൾപ്പടെയുള്ള പച്ചക്കറികളെ നശിപ്പിക്കുന്ന വെള്ളീച്ചയെ കീടനാശിനിയില്ലാതെ  നശിപ്പിക്കാനുള്ള ‘കെണി’ ഒരുക്കി കൊച്ചി നേവൽ ബേസ് കേന്ദ്രീയ വിദ്യാലയത്തിലെ മിടുക്കരായ വിദ്യാർഥി സംഘം യുഎസിൽ നടക്കുന്ന ശാസ്ത്ര മേളയിലേക്ക്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയവും  ഇന്റലും സിഐഎയും ചേർന്നു ഡൽഹിയിൽ സംഘടിപ്പിച്ച ഐറിസ് ശാസ്ത്ര മേളയിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ഇന്റൽ ഇന്റർനാഷനൽ സയൻസ് ആൻഡ് എൻജിനിയറിങ് ഫെയറിലേക്ക് ഈ പ്രോജക്ട്  തിരഞ്ഞെടുക്കപ്പെട്ടത്.

പച്ചക്കറികൾ തുരന്ന് അകത്തുകയറി മുട്ടയിട്ടു വളരുന്ന ലാർവ  പച്ചക്കറി തിന്നു നശിപ്പിക്കുന്നതാണു വെള്ളീച്ചയുടെ ആക്രമണ രീതി. ഇതിനെ നശിപ്പിക്കാൻ മാലത്തിയോൺ പോലുള്ള കീടനാശിനികളാണു സാധാരണ ഉപയോഗിക്കുന്നത്. എന്നാൽ കീടനാശിനി ഒഴിവാക്കി ഈച്ചയെ ആകർഷിച്ചു കുരുക്കുന്ന  പരമ്പരാഗത കെണികളുമുണ്ട്. അതിനെ  കൂടുതൽ ഫലപ്രദമായി പരിഷ്കരിക്കുകയായിരുന്നു  വിദ്യാർഥി സംഘം. വെള്ളം നിറച്ച ബോട്ടിലിനു മുകളിൽ ആൺ ഈച്ചകളെ ആകർഷിക്കുന്നതിനു പെൺ ഈച്ചകളുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഫെറമോൺ എന്ന രാസവസ്തു അടങ്ങിയ ചകിരിക്കേക്ക് സ്ഥാപിച്ചു.

ഒപ്പം, പെൺ ഈച്ചകളെ ആകർഷിക്കുന്ന വിധം പ്രൊട്ടീൻ പൗഡർ കള്ളിൽ കുഴച്ചു വച്ചു. അൾട്ര വയലറ്റ് കിരണങ്ങൾ പുറപ്പെടുവിക്കുന്ന ട്യൂബും ഘടിപ്പിച്ചു. ഒപ്പം ഈ ഘടങ്ങളിലേക്ക് ആകർഷിച്ചു കെണിയുടെ കവാടത്തിലെത്തുമ്പോൾ  തന്നെ ഈച്ചയെ ഉള്ളിലേക്കു വലിച്ചു വീഴ്ത്തുന്നതിനു ഫാൻ സജ്ജമാക്കി. ലൈറ്റിട്ട്  ഈച്ചയെ ആകർഷിക്കുന്നതും കള്ളിലേക്ക് ഈച്ച ആകർഷിക്കപ്പെടുന്നതുമെല്ലാം നാട്ടറിവുകളായിരുന്നെങ്കിൽ അതിനെ ആധുനിക രൂപത്തിൽ പരിഷ്കരിക്കുകയായിരുന്നു സംഘം. ബഹുവിധത്തിൽ ഈച്ചകളെ ആകർഷിച്ചു കെണിയിൽ വീഴ്ത്തുന്ന പുതിയ സംവിധാനത്തിനു മൂന്നു കാലുകളോടു കൂടിയ റാന്തലിന്റെ രൂപമാണ്. 

വൈദ്യുതിയൊ അല്ലെങ്കിൽ ബാറ്ററിയൊ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാം. സ്കൂളിലെ വിദ്യാർഥികളായ മന്യ എം. കുമാർ, റിച്ചാർഡ് ജോസഫ്, ഇസബെൽ ഫ്രാൻസിസ്, നിവേദ് എസ്. കുമാർ, ആരോമൽ എന്നിവരാണ് ഇച്ചക്കെണി ഒരുക്കിയ സംഘത്തിലുൾപ്പെട്ടത്. ബയോളജി അധ്യാപകൻ എസ്.ആർ. അജിത്ത് ആയിരുന്നു വഴികാട്ടി. മാഞ്ഞാലി ചെറിയ തേക്കാനത്തെ കർഷകരുടെ സഹകരണത്തോടെയാണു പുതിയ കെണി രൂപപ്പെടുത്തിയതും പരീക്ഷിച്ചതും. പരമ്പരാഗത സംവിധാനത്തെ അപേക്ഷിച്ച് ഇരട്ടിയോളം ഈച്ചകളെ ആകർഷിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞെന്ന് അജിത്ത് പറയുന്നു. 

2017ൽ കേന്ദ്രീയ വിദ്യാലയങ്ങളുടെ ദേശീയ  സയൻസ് മേളയിൽ കൃഷി പ്രോജക്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതിനെ തുടർന്നാണ്  ഐറിസ് മേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. യുഎസിൽ മേയിൽ നടക്കുന്ന മേളയിൽ മന്യ എം. കുമാർ, റിച്ചാർഡ് ജോസഫ് എന്നിവരാണു സ്കൂളിനെ പ്രതിനിധീകരിക്കുക. ആരോഗ്യ പ്രോജക്ടക് വിഭാഗത്തിലും ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച പ്രോജക്ട് ഐറിസ് മേളയിൽ ഇടം  നേടിയിരുന്നു. കാൻസറിനു വരെ കാരണമാകുന്ന കാർബൺ ഘടകം ഒഴിവാക്കി ട്യൂണ മൽസ്യം സംസ്ക്കരിക്കാനുള്ള സംവിധാനമായിരുന്നു ഇവർ അവതരിപ്പിച്ചത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama