go

'തൊണ്ടി' മുതലായ മുറിഞ്ഞ കൈപ്പത്തി, പഴുതടച്ച അന്വേഷണം; പക്ഷേ അയാൾ പറഞ്ഞു: അല്ല, ആ കൈപ്പത്തി എന്റേതല്ല...

Ernakulam News
SHARE

ഏതാണ്ട് ഇതുപോലുള്ള തണുത്ത വെളുപ്പാൻകാലം. മഞ്ഞേറ്റു നനഞ്ഞ കരിയിലകൾ പുതഞ്ഞ് ഒരു കൈപ്പത്തി. വഴിയിലെ ചെമ്മണ്ണും അതിൽ പറ്റിയിട്ടുണ്ട്... അറ്റുകിടക്കുന്നത് ആരുടെയോ വലുതു കയ്യാണ്. രാഷ്ട്രീയ കേരളം ഇന്നത്തെപ്പോലെ നല്ല ചൂടിലായിരുന്നു. പ്രത്യേകിച്ച് മധ്യകേരളത്തിലെ അപ്പർ കുട്ടനാട് പ്രദേശം. രണ്ടു പ്രത്യേക രാഷ്ട്രീയ കക്ഷികളുടെ ആൾക്കാർ തമ്മിൽ കണ്ടാൽ വെട്ടും കുത്തും കൊലവിളിയും. ബി. സോമശേഖരൻ ഉണ്ണിത്താനായിരുന്നു സ്ഥലത്തെ സബ് ഇൻസ്പെക്ടർ.

വിവരം അറിഞ്ഞ നിമിഷം അദ്ദേഹം സ്ഥലത്തേക്കു കുതിച്ചു. തലേന്നു രാത്രി പൊലീസ് നിർത്താതെ റോന്തു ചുറ്റിയിരുന്നതാണ്. പറയത്തക്ക സംഘർഷം ഒരിടത്തും ഉണ്ടായില്ല. എന്നിട്ടും രാവിലെ സ്ഥിതി മാറി. പേരു കേട്ടാൽ പ്രദേശം കിടുങ്ങുന്നയാളുടെ കൈപ്പത്തിയാണ് അറ്റുവീണത്. എതിരാളികൾ ഒരുപാടു ചൂടറിഞ്ഞതാണ് ഈ കയ്യുടെ. രാഷ്ട്രീയ സംഘർഷങ്ങളിൽ സ്ഥിരം കക്ഷിയാണയാൾ.

വെട്ടേറ്റ വിവരം പുറത്തു പറയാൻ പോലും അയാളുടെ ദുരഭിമാനം സമ്മതിച്ചില്ല. കൊടുത്തേ പരിചയമുള്ളു, ഇതുവരെ കൊണ്ടിട്ടില്ല. വലിയ മടിയായിരുന്നു മൊഴി പറയാൻ. ഒടുവിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. അന്നു തന്നെ 4 പേരെ കസ്റ്റഡിയിലെടുത്തു. തങ്ങളെ തിരിച്ചറിഞ്ഞ നിലയ്ക്കു പുറത്തു കഴിയുന്നതിനേക്കാൾ സുരക്ഷിതം ജയിലാണന്ന ബോധ്യം  പ്രതികൾക്കുണ്ടായിരുന്നു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി പ്രതികളെ റിമാൻഡ് ചെയ്തു.

തൊണ്ടി മുതലായ കൈപ്പത്തി പൊലീസ്, കെമിക്കൽ ലാബിൽ ഏൽപിച്ചു. അവരതു വൃത്തിയാക്കി ഫോർമലിൻ ലായനിയിൽ സൂക്ഷിച്ചു. (അറ്റുപോയ കൈപ്പത്തി വീണ്ടും ശരീരത്തിൽ കൂട്ടിയോജിപ്പിക്കാൻ 25 വർഷം മുൻപു കേരളത്തിലെ ആശുപത്രികളിൽ വേണ്ടത്ര സൗകര്യമുണ്ടായിരുന്നില്ല.) 

വെട്ടേറ്റയാളുടെ കൃത്യമായ മൊഴി, ദൃക്സാക്ഷികൾ, പ്രതികളുടെ കുറ്റസമ്മതം, വെട്ടാൻ ഉപയോഗിച്ച ആയുധം, മുറിഞ്ഞ കൈപ്പത്തി... പൊലീസ് അന്വേഷണം പഴുതില്ലാത്തതായിരുന്നു. പാർട്ടിയും കേസിന്റെ പിന്നാലെ നിൽക്കുന്നുണ്ട്.  പ്രത്യാക്രമണം ഭയന്നു പൊലീസിനു പിടികൊടുത്തു. കുറ്റം ഏറ്റുപറഞ്ഞതോടെ പ്രതികളെ അവരുടെ പാർട്ടിയും കയ്യൊഴിഞ്ഞു.

ഏതായാലും സ്ഥലത്തെ പ്രധാനിക്കു തന്നെ വെട്ടേറ്റതോടെ നാടാകെ കിടുങ്ങി. പൊലീസ് ആശങ്കപ്പെട്ട പോലെ പ്രത്യാക്രമണമുണ്ടായില്ല. ഒന്നും രണ്ടും ദിവസത്തേക്കല്ല, കുറച്ചു കാലത്തേക്ക് അപ്പർ കുട്ടനാട് ശാന്തമായി. പിന്നീടിതു വരെ വലിയ രാഷ്ട്രീയ സംഘർഷമൊന്നും അവിടെ ഉണ്ടായിട്ടില്ല. എല്ലാം മറന്നു തുടങ്ങിയപ്പോഴാണു കേസ് വിചാരണയ്ക്കു വിളിച്ചത്. വിഷയം വീണ്ടും നാട്ടിൽ ചർച്ചയായി.

പ്രതികളുടെ ബന്ധുക്കളും ഭയന്നു, വൈകിയാണെങ്കിലും തിരിച്ചടിയുണ്ടാകുമോ? സാക്ഷി വിസ്താരം ഒന്നാം ദിവസം, തൊണ്ടി മുതലുകളുടെ കൂട്ടത്തിൽ ഫോർമലിനിൽ സൂക്ഷിച്ച കൈപ്പത്തി  കോടതിയുടെ മേശപ്പുറത്തുണ്ട്. തന്റെ അറ്റുവീണ അവയവത്തിലേക്കു നോക്കി മുഖ്യസാക്ഷി വിസ്താരത്തിനു തയാറായി നിൽക്കുന്നു. കുറച്ചു ദിവസങ്ങളായി പൊലീസും പ്രോസിക്യൂഷനും സാക്ഷിയെ കേസ് പഠിപ്പിച്ച് ഒരുക്കുന്നുണ്ട്. 

അയാളുടെ കൃത്യമായ മൊഴികൾ മാത്രം മതി പ്രതികൾക്കു ശിക്ഷ ഉറപ്പുള്ള കേസാണ്. പൊലീസും പ്രോസിക്യൂഷനും ഉത്സാഹത്തിലാണ്.ചീഫ് വിസ്താരം തുടങ്ങി. പേരും വിവരങ്ങളും സംഭവങ്ങളും രേഖപ്പെടുത്തി നിർണായക ചോദ്യം: ‘‘ ഈ ചില്ലു കൂട്ടിൽ സൂക്ഷിച്ച കൈപ്പത്തി താങ്കളുടേതല്ലേ?’’ ആവശ്യത്തേക്കാൾ ശബ്ദത്തിലായിരുന്നു സാക്ഷിയുടെ മറുപടി: ‘‘ അല്ല’’

കോടതിയും പൊലീസും പ്രോസിക്യൂഷനും വിസ്താരം കേൾക്കാനെത്തിയവരും ഞെട്ടി. എതിരാളികൾ വെട്ടിയെടുത്ത സ്വന്തം കൈപ്പത്തിയെ തള്ളിപ്പറയാൻ എന്തുണ്ടായി, അതിനയാളെ പ്രേരിപ്പിച്ച വൈകാരിക ഘടകം? 

വെട്ടേറ്റു കൈപോയ ശേഷം നേരിട്ട പ്രശ്നങ്ങൾ അയാളെ ദുർബലനാക്കിയിരുന്നു. തിരിച്ചടിക്കാൻ പോയിട്ടു സ്വന്തം നിലനിൽപ്പു തന്നെ പരുങ്ങലിൽ. കടം കയറി, ബാങ്കുകൾ ജപ്തിക്കു തയ്യാറെടുക്കുന്നു. ഈ അവസരത്തിൽ പ്രതികൾക്കു ലഭിക്കുന്ന ശിക്ഷയേക്കാൾ അയാൾക്ക് ഉപകാരപ്പെട്ടത് അവർ വച്ചുനീട്ടിയ പണം തന്നെയായിരുന്നു.

കോടതിമുറിയിൽ അടക്കിപ്പിടിച്ച ചർച്ച തുടങ്ങി, ഇതു കള്ളസാക്ഷ്യമാണ് (പെർജുറി). ഏതെങ്കിലും സാക്ഷി കോടതിയിൽ കള്ളസാക്ഷ്യം പറഞ്ഞാൽ ക്രിമിനൽ നടപടി ക്രമം (സിആർപിസി) 340 അനുസരിച്ചു അയാൾക്കെതിരെ നിയമനടപടി ആരംഭിക്കാൻ പ്രോസിക്യൂഷനു കഴിയും.

കള്ളസാക്ഷ്യം 2 തരമുണ്ട്. കുറ്റക്കാരായ പ്രതികളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചു പറയുന്നത് (സ്വന്തം കൈപ്പത്തിയെ കോടതി മുറിയിൽ തള്ളിപ്പറഞ്ഞ സംഭവം ഇത്തരത്തിലുള്ളതാണ്.) കുറ്റംതെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) 201 വകുപ്പു പ്രകാരം  കള്ളസാക്ഷിക്കും കടുത്ത ശിക്ഷ ലഭിക്കും.

 പ്രതിക്കു വധശിക്ഷ വിധിക്കുന്ന സന്ദർഭങ്ങളിൽ അയാളെ രക്ഷിക്കാൻ ശ്രമിച്ചതിനു 7 വർഷം തടവും. ജീവപര്യന്തം ലഭിച്ചാൽ 3 വർഷം. 10 വർഷമോ അതിൽ കുറവോ തടവു  പ്രതിക്കു ലഭിക്കുന്ന കേസുകളിൽ കള്ളസാക്ഷിക്ക് ആ ശിക്ഷയുടെ നാലിൽ ഒന്നു ശിക്ഷ ലഭിക്കും. 

രണ്ടാമത്തെ കള്ളസാക്ഷ്യം നിരപരാധിയായ ഒരാൾക്കു ശിക്ഷ ലഭിക്കാൻ വേണ്ടി ബോധപൂർവം കോടതിയിൽ പറയുന്നതാണ്.  വിചാരണ നേരിടുന്നയാൾക്കു ലഭിച്ചേക്കാവുന്ന ശിക്ഷയ്ക്ക് ആനുപാതികമായി (ഐപിസി 211–ാം വകുപ്പ്) 7 മുതൽ 3 വർഷം വരെ തടവും കോടതി നിശ്ചയിക്കുന്ന പിഴയും കള്ളസാക്ഷിക്കും ലഭിക്കും. 

ഏതായാലും കൈപ്പത്തി നഷ്ടപ്പെട്ടയാൾ കോടതി മുറിയിൽ കള്ളസാക്ഷ്യം പറഞ്ഞിട്ടും പൊലീസ് കണ്ടെത്തിയ മറ്റു ശക്തമായ തെളിവുകളുടെ വെളിച്ചത്തിൽ കോടതി പ്രതികളെ ശിക്ഷിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama