go

ട്രോൾകൂട്ട കൊലപാതകം; എല്ലാ മീമുകൾക്കു പിന്നിലും ഒരു ചിരിയുണ്ട്. അവയിൽ കൊലച്ചിരി ഏതാണ്?

Ernakulam News
SHARE

മോഹൻലാൽ നായകനായ ഒടിയൻ റിലീസ് ചെയ്ത ദിവസം. പുലർച്ചെ ആരംഭിച്ച സിനിമയുടെ ആദ്യ ഷോ പൂർത്തിയാകുന്നതിനു മുൻപു തന്നെ സമൂഹമാധ്യമങ്ങളിൽ നിരൂപണങ്ങൾ വന്നു തുടങ്ങി. സിനിമ പോലെ തന്നെ ഏറെ വ്യത്യസ്തയും പുതുമയും ഈ നിരൂപണങ്ങൾക്കും ഉണ്ടായിരുന്നു. ‘സിനിമ തരക്കേടില്ല. മോഹൻലാൽ ഗംഭീരമായി. പക്ഷേ, ഒരു പരസ്യ സംവിധായകൻ സിനിമ സംവിധാനം ചെയ്താൽ കുഴപ്പങ്ങളുണ്ടാകും’ - ആദ്യനിരൂപണങ്ങളുടെയൊക്കെ സാരാംശം ഏറെക്കുറെ ഇങ്ങനെയായിരുന്നു. 

വൈകിട്ടോടെ നിരൂപണപ്രവാഹം വർധിച്ചു. സിനിമയ്ക്കും സംവിധായകനുമെതിരെ നടന്ന സൈബർ ആക്രമണത്തോടൊപ്പം സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകർ സിനിമയ്ക്ക് അനുകൂലമായ നിരൂപണങ്ങളും എഴുതി. എന്നാൽ, കൂടുതൽ പ്രചരിപ്പിക്കപ്പെട്ടതെല്ലാം സിനിമയ്ക്കെതിരായതാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ പല പ്രത്യേകതകളുമായി വന്ന സിനിമ  ദുരുപദിഷ്ട നിരൂപണത്തിന്റെ കാര്യത്തിലും വേറിട്ടു നിന്നു. ഇവയെ അതിജീവിച്ചു സിനിമ വിജയത്തിലേക്കു നീങ്ങുമ്പോൾ ട്രോളിയവരും നുണ പ്രചരിപ്പിച്ചവരും ‘എടുത്ത പണി വെറുതെ’യായി. 

ഇത്തരം സെബർ ആകമണങ്ങൾ ഇന്നു വൻ തോതിൽ വർധിക്കുന്നു. സിനിമകൾ, സാഹിത്യ കൃതികൾ, പ്രസംഗം എന്നിവയെയൊക്കെ നിരന്തരം ആക്രമിക്കുന്ന ട്രോൾ പോരാളികളിൽ പലരും  ഇവ കാണുകയോ വായിക്കുകയോ കേൾക്കുകയോ ചെയ്തവരാകണമെന്നില്ല. പറഞ്ഞു കേൾക്കുന്ന കാര്യങ്ങളിൽ കാലൂന്നി ആക്രമണത്തിനിറങ്ങുന്ന വലിയ സംഘം ട്രോളർമാർ ഇന്നു സജീവം. ട്രോൾ ഒരു കലയാണ് എന്ന നിർവചനം ചിലപ്പോഴെങ്കിലും മാറ്റേണ്ട സമയമായിരിക്കുന്നു. ട്രോൾ കല മാത്രമല്ല, ഒരു തരം കൊലയുമാണ്. ഊരും പേരുമില്ലാത്ത സൈബർ പോരാളികൾ നടത്തുന്ന ആൾക്കൂട്ടക്കൊല. 

എന്താണിതിന്റെ മനഃശാസ്ത്രം? 

ട്രോൾ  ചെയ്യുന്നവരുടെ മനഃശാസ്ത്രത്തെ ഓൺലൈൻ ഡിസ് ഇൻഹിബിഷൻ ഇഫക്ട് (Online disinhibition effect) എന്നാണു മനഃശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഓൺലൈൻ വ്യക്തിത്വം നൽകുന്ന സുരക്ഷയും ധൈര്യവും സ്വാതന്ത്ര്യവും താനാരാണെന്നതു വരെ മറച്ചുവച്ചുകൊണ്ട് ആശയപ്രകാശനം നടത്താനുള്ള സൗകര്യവും. ഇതിനു രണ്ടു വശങ്ങളുണ്ട്. ഒന്നു നല്ലതാണ്. തെറ്റിനെ തുറന്നു കാണിക്കാനുള്ള, രാജാവു നഗ്നനാണെന്നു വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം. രണ്ടാമത്തേതു ചീത്തയാണ്.  ഒളിഞ്ഞിരുന്ന് ആക്രമിക്കാനുള്ള, നല്ലതു ചീത്തയാണെന്നു വരുത്തിത്തീർക്കാനുള്ള ആവേശം. 

ട്രോളുകളിൽ ഇവ രണ്ടും വരാറുണ്ട്. അതു തിരിച്ചറിയാൻ ട്രോൾ കാണുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും കഴിയാതെ പോകുന്നു എന്നതാണ് അപകടം. ‘അതു വെറും തമാശയായിരുന്നു’ എന്നാണു വളരെ പ്രകോപനപരവും വിദ്വേഷജനകവും അപകീർത്തികരവുമായ ട്രോളുകളെപ്പോലും പലരും വിശേഷിപ്പിക്കുന്നത്. എന്നാൽ, തമാശയിൽ പൊതിഞ്ഞെത്തുന്ന കൈബോംബുകളാണു ട്രോളുകൾ. ദുരുദ്ദേശ്യപരമായി ഉപയോഗിക്കാൻ തീരുമാനിക്കുന്നവർ ബോധപൂർവം അവയിൽ വ്യാജം കലർത്തുമ്പോൾ വഞ്ചിക്കുന്നത്  അവരവരെത്തന്നെയല്ല, അവ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കുന്ന പതിനായിരങ്ങളെക്കൂടിയാണ്. 

ഓൺലൈൻ ഡിസ് ഇൻഹിബിഷൻ ഇഫട്കിനു നല്ല വശം ഉണ്ടെങ്കിൽ, നിർഭാഗ്യവശാൽ കൂടുതലായും ഉപയോഗിക്കുന്നത് അതിന്റെ ചീത്തവശങ്ങൾ തന്നെയാണ്. മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി ഫെയ്സ്ബുക്കിൽ പോസ്റ്റിടുന്ന ‘ധീരൻ’, സ്ഥലം എസ്ഐ അർധരാത്രി കോളിങ് ബെല്ലടിക്കുമ്പോൾ കുഴഞ്ഞു വീഴുന്നത് ഈ ഇഫക്ടിന് ഓഫ്‍ലൈൻ സ്വാധീനമില്ലാത്തതുകൊണ്ടാണ്. നല്ലൊരു ശതമാനം സൈബർ പോരാളികളുടെയും വീറും ആവേശവും ഇന്റർനെറ്റ് ബാൻഡ്‍വിഡ്തിനെ മാത്രം ആശ്രയിച്ചാണ്. നെറ്റ് ഡൗണായാൽ വ്യക്തിത്വം പോയിട്ട് അസ്തിത്വം പോലുമുണ്ടാവില്ല. 

ഡിസ്സസോഷ്യേറ്റീവ് അനോനിമിറ്റി

സ്വന്തം  പേരിൽ നടത്തുന്ന സൈബർ പോരാട്ടങ്ങളിൽ നിന്നു വ്യത്യസ്തമാണു വ്യാജപ്പേരുകളിൽ, താനാരാണെന്നതു മറച്ചുവച്ചുകൊണ്ടുള്ളവ. വീറും വാശിയും കൂടും. കലിപ്പിന് അവസാനമുണ്ടാവില്ല.  സ്വന്തം ഭീരുത്വത്തെയും ദൗർബല്യങ്ങളെയും അതിജീവിക്കാനുള്ള സൈക്കളോജിക്കൽ മൂവ് ആയിക്കൂടി ഇതിനെ വിശേഷിപ്പിക്കാം.

ഞാനാരാണെന്നു തനിക്കറിയില്ലല്ലോ എന്ന ഒടുക്കത്തെ ധൈര്യത്തിൽ നിന്നാണു സൈബറിടങ്ങളിൽ പലരും പലതും ചെയ്യുന്നതും പറയുന്നതും. ഓൺലൈൻ ഡിസ് ഇൻഹിബിഷൻ ഇഫക്ടിന്റെ ഭാഗമായ ഡിസ്സസോഷ്യേറ്റീവ് അനോനിമിറ്റി എന്നാണ് ഈ ധൈര്യത്തിന്റെ ശാസ്ത്രീയനാമം.  പോരാളി ആരാണെന്ന് എതിരാളി തിരിച്ചറിഞ്ഞാൽ പോരാട്ടം അവസാനിക്കുമെന്നു മാത്രമല്ല, കാലു പിടിച്ചു കരയുകയും ചെയ്യും. 

തിരിച്ചറിയുക, ട്രോളും മീമും

സിനിമയിൽ നിന്നുള്ള രംഗങ്ങളുടെ സ്ക്രീൻഷോട്ടുകൾ എടുത്ത് അതിൽ സന്ദർഭോചിതമായ ഡയലോഗുകളോ അടിക്കുറിപ്പുകളോ എഴുതിച്ചേർത്തു പ്രചരിപ്പിക്കുന്നവയെ ആണു മലയാളികൾ ട്രോൾ എന്നു വിളിക്കുന്നത്. എന്നാൽ, ഓൺലൈൻ വ്യവസ്ഥിതിയിൽ അവയുടെ പേര് മീം (Meme) എന്നാണ്.  മറ്റേതെങ്കിലും ചിത്രത്തെ നമ്മുടെ ആശയപ്രകാശനത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതു മീം ആണ്. സിനിമാ ദൃശ്യങ്ങൾ ഇത്തരത്തിൽ വ്യാപകമായി മീമുകളാവുന്നത് ഒരു പക്ഷേ, മലയാളികൾക്കിടയിൽ മാത്രമാകും. 

എന്നാൽ, മീം എന്നോ കമന്റ് എന്നോ പരിഹാസമെന്നോ ഭേദമില്ലാതെ സംഘം ചേർന്ന് ആരെയെങ്കിലും എന്തിനെയെങ്കിലും ആക്രമിക്കുന്ന പ്രവണതയെ ആണു ട്രോൾ എന്നു വിശേഷിപ്പിക്കുന്നത്. സമൂഹത്തെ തിരുത്താനും നന്മയിലേക്കു നയിക്കാനും ലക്ഷ്യമിട്ട് ഒരു സംഘം ശാസ്ത്രകുതുകികളായ ചെറുപ്പക്കാർ നടത്തുന്ന കലാസൃഷ്ടികളാണ് ഈ ട്രോളുകൾ എന്ന ധാരണ ഇനിയും ആരെങ്കിലും വച്ചുപുലർത്തുന്നുണ്ടെങ്കിൽ എത്രയും വേഗം തിരുത്തുക. 

സദുദ്ദേശ്യത്തോടെയുള്ള ട്രോളുകളെ മാറ്റിനിർത്തിയാൽ, ജനങ്ങളെ സ്വാധീനിക്കാനും വഴിതെറ്റിക്കാനും അസൂയ, കുശുമ്പ് തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാനും മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലൂടെ ആനന്ദം കണ്ടെത്താനും ഒക്കെ മീമുകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്, ട്രോളുകൾ നടക്കുന്നുണ്ട്.

പ്രചരിപ്പിക്കുന്നതിനു മുൻപ് ഒരുവട്ടം ആലോചിക്കുന്നതിൽ തെറ്റില്ല. ട്രോളന്റെ സർഗശഷിയുടെ പിന്നിലുള്ള ചേതോവികാരം എന്തായിരിക്കും എന്നു മനസ്സിനാക്കാൻ കഴിഞ്ഞാൽ പ്രചരിപ്പിക്കണോ ഡിലീറ്റ് ചെയ്യണോ എന്ന കാര്യത്തിൽ പെട്ടെന്നു തീരുമാനമെടുക്കാം. എല്ലാ മീമുകൾക്കു പിന്നിലും ഒരു ചിരിയുണ്ട്. അവയിൽ കൊലച്ചിരി ഏതാണെന്നു തിരിച്ചറിയുക.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama