go

ഈച്ചക്കെണി ക്ലിക്കായി നേവൽ ബേസിലെ കുട്ടി ശാസ്ത്രജ്ഞർ അമേരിക്കയിലേക്ക്

SHARE

കൊച്ചി ∙ പാവലും പടവലവും വെള്ളരിയും ഉൾപ്പടെയുള്ള പച്ചക്കറികളെ നശിപ്പിക്കുന്ന വെള്ളീച്ചയെ കീടനാശിയിനിയില്ലാതെ നശിപ്പിക്കാനുള്ള ‘കെണി’ ഒരുക്കി കൊച്ചി നേവൽ ബേസ് കേന്ദ്രീയ വിദ്യാലയത്തിലെ മിടുക്കരായ വിദ്യാർഥിസംഘം അമേരിക്കയിൽ നടക്കുന്ന ശാസ്ത്രമേളയിലേക്ക്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഇന്റലും സിഐഎയും സംയുക്തമായി ഡൽഹിയിൽ സംഘടിപ്പിച്ച ഐറിസ് ശാസ്ത്ര മേളയിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ഇന്റൽ ഇന്റർനാഷനൽ സയൻസ് ആൻഡ് എൻജിനീയറിങ് ഫെയറിലേക്ക് ഈ പ്രോജക്ട് തിരഞ്ഞെടുക്കപ്പെട്ടത്.

പച്ചക്കറികൾ തുരന്നു മുട്ടയി‌ട്ടു വളരുന്ന ലാർവ അതിനെ തിന്നു നശിപ്പിക്കുന്നതാണ് വെള്ളീച്ചയുടെ ആക്രമണ രീതി. ഇതിനെ നശിപ്പിക്കാൻ മാലത്തിയോൺ പോലുള്ള കീടനാശിനികളാണ് സാധാരണ ഉപയോഗിക്കുന്നത്. എന്നാൽ കീടനാശിനി ഒഴിവാക്കി ഈച്ചയെ ആകർഷിച്ച് കുരുക്കുന്ന പരമ്പരാഗത കെണി രീതികളുമുണ്ട്. അതിനെ കൂടുതൽ ഫലപ്രദമായി പരിഷ്ക്കരിക്കുകയായിരുന്നു കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥി സംഘം ചെയ്തത്. ബഹുവിധത്തിൽ ഈച്ചകളെ ആകർഷിച്ച് കെണിയിലേക്കു വീഴ്ത്തുന്ന പുതിയ സംവിധാനത്തിനു മൂന്നു കാലുകളോടു കൂടിയ റാന്തലിന്റെ രൂപമാണ്. വൈദ്യുതിയോ അല്ലെങ്കിൽ ബാറ്ററിയോ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാം.

സ്കൂളിലെ വിദ്യാർഥികളായ മന്യ എം.കുമാർ, റിച്ചാർഡ് ജോസഫ്, ഇസബെൽ ഫ്രാൻസിസ്, നിവേദ് എസ്.കുമാർ, അരോമൽ എന്നിവരായിരുന്നു ഇച്ചക്കെണി ഒരുക്കിയ സംഘത്തിലുൾപ്പെട്ടത്. ബയോളജി അധ്യാപകനായ എസ്.ആർ.അജിത്ത് ആയിരുന്നു വഴികാട്ടി. മാഞ്ഞാലി ചെറിയ തേക്കാനത്തെ കർഷകരുടെ സഹകരണത്തോടെയാണ് ഈ പുതിയ കെണി രൂപപ്പെടുത്തിയതും പരീക്ഷിച്ചതും. അമേരിക്കയിൽ മേയിൽ നടക്കുന്ന മേളയിൽ മന്യ എം.കുമാർ, റിച്ചാർഡ് ജോസഫ് എന്നിവരാണു സ്കൂളിനെ പ്രതിനിധീകരിക്കുക.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama