go

സങ്കടക്കടലിലും തോമസ് ചിരിക്കുന്നു

Ernakulam News
അപകടത്തിൽ വലതു കാൽ നഷ്ടപ്പെട്ട തോമസ് പുതിയ കൃത്രിമക്കാലുമായി നടന്നു നോക്കുന്നു. മറ്റൊരു അപകടത്തിൽ കാൽ നഷ്ടപ്പെട്ടു കൃത്രിമക്കാലിൽ സഞ്ചരിക്കുന്ന പിതാവ് ദേവസിക്കുട്ടിയും മാതാവ് ആനിയും സമീപം.
SHARE

മലയാറ്റൂർ ∙ തോമസിനു നടക്കാൻ ഒരു കാലായി; ദുരിതങ്ങൾക്കു നടുവിലും കുടുംബത്തിനു ചെറുആശ്വാസം. തോമസിനും പിതാവ് ദേവസിക്കുട്ടിക്കും 2 വ്യത്യസ്ത അപകടങ്ങളിൽ ഓരോ കാൽ നഷ്ടപ്പെട്ടിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ യൂട്ടിലിറ്റി ഹാൻഡിലിങ് കരാർ തൊഴിലാളിയാണ് തോമസ് (20). കഴിഞ്ഞ ഏപ്രിൽ 30ന് ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ യുവാവിന് വലതുകാൽ നഷ്ടപ്പെട്ടു. ഡൽഹി ആസ്ഥാനമായുള്ള സ്വകാര്യ കരാർ കമ്പനി തിരിഞ്ഞു നോക്കിയില്ലെന്നാണു പരാതി.

നാട്ടുകാരാണു ചികിത്സാസഹായം നൽകിയത്. തോമസിന്റെ പിതാവ് ടാറിങ് ജോലിക്കാരനായിരുന്ന ദേവസിക്കുട്ടിക്കു (60) 4 വർഷം മുൻപാണു കണ്ടെയ്നർ റോഡ് ജോലിക്കിടെ അപകടമുണ്ടായത്. വീട്ടിൽ രണ്ടുപേരെ പരിചരിക്കേണ്ടതിനാൽ കുടുംബനാഥ ആനിക്കു കൂലിപ്പണിക്കു പോലും പോകാൻ കഴിയുന്നില്ല. മൂത്ത രണ്ടു പെൺമക്കളെ വിവാഹം കഴിച്ചയച്ചതോടെ ദേവസിക്കുട്ടിയ്ക്ക് വീടും സ്ഥലവും വിൽക്കേണ്ടി വന്നു. 13 വർഷമായി വാടകവീട്ടിലാണു താമസം.

ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മലയാള മനോരമയിൽ വാർത്തയായി പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് ഒട്ടേറെ പേർ ‍ സഹായവുമായെത്തി. പലരുടെയും സഹായത്തോടെയാണു തോമസിനു കൃത്രിമകാൽ കിട്ടിയത്. 2,20,000 രൂപ ചെലവായി. വൈക്കത്തെ ഒരു വ്യക്തിയാണു കൃത്രിമകാൽ പണിക്കൂലിയില്ലാതെ നിർമ്മിച്ചു നൽകിയത്. പിതാവ് ദേവസിക്കുട്ടിയുടെ കാലാവധി കഴിഞ്ഞ കൃത്രിമക്കാലും മാറ്റി നൽകാമെന്ന് ഇദേഹം ഏറ്റിട്ടുണ്ട്. കാൽ വച്ച് ഇനി നടന്നു പരിശീലിക്കണമെന്നു തോമസ് പറഞ്ഞു.

പിന്നീട് ജോലിക്കു ശ്രമിക്കണം. പിതാവിന്റെ അസുഖങ്ങൾ ചികിൽസിക്കണം. അപകടത്തെ തുടർന്നു ദേവസിക്കുട്ടിക്കു ലഭിച്ച ഇൻഷുറൻസ് തുക ഉപയോഗിച്ചു മലയാറ്റൂർ ചമ്മിനിയിൽ 4 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. അവിടെ സ്വന്തമായി ഒരു വീട് പണിയണമെന്നതു ഈ കുടുംബത്തിന്റെ സ്വപ്നമാണ്. നാട്ടിലെ മികച്ച വോളിബോൾ കളിക്കാരനായിരുന്ന തോമസിന്റെ മുഖത്ത് ഇപ്പോൾ ഒരു ചിരിയുണ്ട്. ‘ഇനി കൂട്ടുകാർ കളിക്കുന്നത് കാണാൻ പോകാമല്ലോ’. മകന്റെ ചിരി കാണുമ്പോൾ ദേവസിക്കുട്ടിയുടെയും ആനിയുടെയും കണ്ണുകൾ ഈറനണിയുന്നു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama