go

സിപിഎം അംഗം തിരിഞ്ഞുകുത്തി; വെങ്ങോല പഞ്ചായത്ത് എൽഡിഎഫിനു നഷ്ടമായി

SHARE

പെരുമ്പാവൂർ ∙ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു സിപിഎം അംഗം വോട്ടു ചെയ്തതോടെ വെങ്ങോല പഞ്ചായത്തു ഭരണം എൽഡിഎഫിനു നഷ്ടമായി. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം സിപിഎം അംഗം സ്വാതി റെജി കുമാറിന്റെ പിന്തുണയിലാണ് പാസായത്. 11നെതിരെ 12 വോട്ടുകൾക്ക് ഇരുപ്രമേയങ്ങളും പാസായി. പ്രസിഡന്റ് സിപിഎമ്മിലെ ധന്യ ലെജുവിനും വൈസ് പ്രസിഡന്റ് സിപിഐയിലെ കെ.എൻ.രാമകൃഷ്ണനുമെതിരെയായിരുന്നു അവിശ്വാസം. കഴിഞ്ഞ 26ന് നിശ്ചയിച്ച അവിശ്വാസചർച്ച സിപിഎം അംഗങ്ങൾ മിനിട്സ് തട്ടിയെടുത്തതിനാൽ മാറ്റി വച്ചു.

23 അംഗ ഭരണസമിതിയിൽ 11 യുഡിഎഫ് അംഗങ്ങളും സിപിഎം അംഗം സ്വാതി റെജികുമാറും പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. എൽഡിഎഫിലെ 9 അംഗങ്ങളും മുസ്‌ലിം‌ലീഗ് വിമതൽ എ.എം.റഹിമും സിപിഎം വിമതൻ കെ.അശോകനും പ്രമേയത്തെ എതിർത്തു. 26നു അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിനു മുൻപ് സിപിഎം അംഗങ്ങൾ മിനിറ്റ്സ് ബുക് എടുത്തു കൊണ്ടുപോയെന്നാണ് കേസ്. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ 5 പേർക്കെതിരെ പൊലീസ് കോടതിയിൽ എഫ്ഐആർ സമർ‌പ്പിച്ചിട്ടുണ്ട്.

അവിശ്വാസം വിജയിച്ചതിനെത്തുടർന്ന് യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി. അവിശ്വാസത്തിലേക്കു നയിച്ചത് ഇങ്ങനെ തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ 23 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 11ഉം എൽഡിഎഫിന് 10ഉം അംഗങ്ങളുണ്ടായിരുന്നു. ഒരു ലീഗ് വിമതനും സിപിഎം വിമതനും വിജയിച്ചു. ലീഗ് വിമതനായി വിജയിച്ച എം.എം.റഹീമിന്റെ പിന്തുണയോടെ യുഡിഎഫിനായിരുന്നു ആദ്യം ഭരണം. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിത സംവരണമാണ്. യുഡിഎഫിന്റെ സംവരണ സ്ഥാനാർഥി വിജയിക്കാതിരുന്നതിനാൽ പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനു ലഭിച്ചു. അങ്ങനെ സിപിഎമ്മിലെ ധന്യ ലെജു പ്രസിഡന്റായി.

2017 ഏപ്രിലിൽ എം.എം.റഹിം യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ചു. റഹിമിന്റെയും സിപിഎം വിമതൻ കെ.അശോകന്റെയും പിന്തുണയിൽ വൈസ് പ്രസിഡന്റ് സ്ഥാനം കൂടി ലഭിച്ചതോടെ എൽ‌ഡിഎഫിനു പൂർണ ഭരണം ലഭിച്ചു. രണ്ടര വർഷത്തിനു ശേഷം പ്രസിഡന്റ് സ്ഥാനം നൽകാമെന്ന ഉറപ്പു ലംഘിച്ചെന്നാരോപിച്ച് സിപിഎം അംഗം സ്വാതി റെജികുമാർ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് യുഡിഎഫ് അവിശ്വാസത്തിനു നോട്ടിസ് നൽകിയത്. യുഡിഎഫ് സ്വാതിയുടെ പിന്തുണ ഉറപ്പാക്കി. ഭരണം ലഭിക്കുന്നതോടെ പ്രസിഡന്റ് സ്ഥാനം സ്വാതിക്കു നൽകുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.

കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പി.എ.മുക്താറായിരിക്കും വൈസ് പ്രസിഡന്റ് സ്ഥാനാർഥി. പൊലീസ് കാവലിൽ 26ന് നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വൻ പൊലീസ് സുരക്ഷയിലാണ് തിരഞ്ഞെടുപ്പു നടന്നത്. യുഡിഎഫ് അംഗങ്ങൾക്കും സിപിഎം വിമത അംഗത്തിനും സുരക്ഷ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം പൊലീസുകാരാണ് സുരക്ഷയൊരുക്കിയത്. പരാതി നൽകും: എൽഡിഎഫ് കൂറുമാറ്റ നിയമപ്രകാരം സ്വാതി റെജികുമാറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്ന് എൽഡിഎഫ് നേതൃത്വം അറിയിച്ചു. സ്വാതിയുടെ ഭർത്താവ് റെജികുമാറിനെ സിപിഎം അല്ലപ്ര വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയെന്നു നേതൃത്വം അറിയിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama