go

എറണാകുളത്തു മൽസരിക്കാൻ ഇന്നസന്റിനോട് സിപിഎം പറയുമോ?

Innocent
SHARE

കൊച്ചി∙ ഒരേയൊരു പേരും രണ്ടു സീറ്റും – എറണാകുളം, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളെ സംബന്ധിച്ചു സിപിഎമ്മിന്റെ പ്രശ്നമിതാണ്. തിരഞ്ഞെടുപ്പു പടിവാതിൽക്കലെത്തി, ഒരുക്കങ്ങൾ തകൃതി, പക്ഷേ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിൽ ആരായിരിക്കും സ്ഥാനാർത്ഥിയെന്നതിൽ സിപിഎം ജില്ലാ നേതൃത്വത്തിനു പോലും എത്തും പിടിയുമില്ല. മുൻ ജില്ലാ സെക്രട്ടറിയും ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി. രാജീവിന്റെ പേരാണ് 2 സീറ്റിലേക്കും പറഞ്ഞുകേൾക്കുന്നത്. പക്ഷേ, രാജീവ് മൽസരിക്കേണ്ട എന്നു തീരുമാനിച്ചാൽ പിന്നെ ആരാവും സ്ഥാനാർത്ഥി?

സർവതന്ത്ര സ്വതന്ത്രൻ വേണ്ട

സ്ഥാനാർത്ഥി ‌ചർച്ചകളിലേക്കു പാർട്ടി കടന്നിട്ടില്ലെന്നും സമയമാവുമ്പോൾ അരമണിക്കൂർ മതി തീരുമാനത്തിനെന്നുമാണു സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ. എങ്കിലും അണികൾ ആശങ്കയിലാണ്. ഇക്കുറിയും സ്വതന്ത്ര വേഷക്കാർ തന്നെയാവുമോ എറണാകുളത്ത്? സർവതന്ത്ര സ്വതന്ത്രർ വേണ്ടെന്നാണു പൊതു നിലപാട്. ഇടത് അനുഭാവികളെ സ്വതന്ത്ര ചിഹ്നത്തിൽ മൽസരിപ്പിക്കാൻ എതിരില്ല. അപ്പോഴും ചോദ്യമുയരുന്നു, അതാര്? ഓരോ സീറ്റിലേക്കും ഒന്നിലേറെ പേരുകളെന്നതു തിരഞ്ഞെടുപ്പു സമയത്ത് ഏതു പാർട്ടിയിലെയും പ്രതിസന്ധിയാണ്.

ഇക്കുറി സിപിഎമ്മിന്റെ കാര്യം നേരെ തിരിച്ചും. ആദ്യമായാണ് ഇങ്ങനെ. തിരഞ്ഞെടുപ്പടുക്കുമ്പോൾ ഒട്ടേറെ പേരുകൾ പാർട്ടിക്കു മുന്നിൽ വരികയാണു പതിവ്. എറണാകുളം പാർട്ടി ജയിച്ച സീറ്റല്ല, എന്നാൽ ചാലക്കുടി സിറ്റിങ് സീറ്റാണ്. മൽസരിക്കുന്നില്ലെന്ന് അവിടത്തെ എംപി ഇന്നസന്റ് സൂചന നൽകിയിട്ടുണ്ട്. പാർട്ടി നിർബന്ധിച്ചാൽ വീണ്ടും അദ്ദേഹം മൽസരിച്ചേക്കാം.

ഇന്നസന്റ് എറണാകുളത്ത് വരുമോ?

സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങളിൽ പലരും പാർലമെന്ററി രംഗത്തുള്ളവരാണ്. പുതുതായി സെക്രട്ടേറിയറ്റിലെത്തിയ രണ്ടുപേരാണു രാജീവും കെ.എൻ. ബാലഗോപാലും. ബാലഗോപാൽ കൊല്ലത്തു സ്ഥാനാർത്ഥിയാണെന്നു കേൾക്കുന്നു. അപ്പോൾ രാജീവിനു ചാൻസുണ്ടാവുമോ? മൽസരിപ്പിക്കാൻ തീരുമാനിച്ചാൽ ചാലക്കുടിയാവും രാജീവിനായി പാർട്ടി കണ്ടെത്തുക.

അങ്ങനെയെങ്കിൽ എറണാകുളത്തു മൽസരിക്കാൻ ഇന്നസന്റിനോട് സിപിഎം പറയുമോ? ഇന്നസന്റ് എറണാകുളത്തു മൽസരിക്കുമോ? കെ.വി. തോമസിനെതിരെ ഇക്കുറി ഒരു ചെറുപ്പക്കാരനെ മൽസരിപ്പിക്കണമെന്ന് തീരുമാനിച്ചാൽ റോൺ ബാസ്റ്റിന്റെ പേരാണ് പലരുടെയും മനസ്സിൽ. മുൻ എംപി സെബാസ്റ്റ്യൻ പോളിന്റെ മകൻ. ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറിയായിരുന്നു. മഹാരാജാസ് കോളജ് മുൻ ചെയർമാൻ. ഇപ്പോൾ സർക്കാർ അഭിഭാഷകൻ.

മൗനം പാലിച്ച് ചുമതലക്കാർ

പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഓരോ ലോക്സഭാ മണ്ഡലത്തിന്റെയും സ്ഥാനാർത്ഥി നിർണയ ചുമതലക്കാരുണ്ട്. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളുടെ ചുമതലക്കാരൻ പി. രാജീവ് ആണ്. ആ സീറ്റുകളിലേക്കു പറഞ്ഞുകേൾക്കുന്ന പ്രധാന പേരും രാജീവിന്റെ തന്നെ. സംസ്ഥാന സെക്രട്ടറിയും പാർലമെന്റ് സീറ്റ് ചുമതലക്കാരനും ചർച്ച ചെയ്താണു സ്ഥാനാർത്ഥിയുടെ പേരു സെക്രട്ടേറിയറ്റിൽ വയ്ക്കേണ്ടത്.

അതിനു മുൻപു മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന കമ്മിറ്റി അംഗവുമായും ചർച്ച ചെയ്യും. ചാലക്കുടിക്കു കെ. ചന്ദ്രൻപിളളയും എറണാകുളത്തിനു സി.എം. ദിനേശ്മണിയും ഇടുക്കിക്കു ഗോപി കോട്ടമുറിക്കലുമാണു ചുമതലക്കാർ. ചാലക്കുടിയുടെയും എറണാകുളത്തിന്റെയും സ്ഥാനാർത്ഥിയെ ചർച്ച ചെയ്യുമ്പോൾ രാജീവിന്റെ അഭിപ്രായം എന്തായിരിക്കും? ഉത്തരം കിട്ടാൻ ഇടതുമുന്നണി ജാഥ കഴിയുംവരെ കാത്തിരിക്കണം.

ചാലക്കുടി വൺ, ടു, ത്രീ..

ചാലക്കുടിയിൽ ഇന്നസന്റ് വീണ്ടും മൽസരിക്കുന്നില്ലെങ്കിൽ, രാജീവ്. രാജീവുമല്ലെങ്കിൽ പിന്നെയാര്? പെരുമ്പാവൂർ മുൻ എംഎൽഎ സാജു പോൾ? പാർട്ടി പെരുമ്പാവൂർ ഏരിയാ കമ്മിറ്റിക്കു പേരിനോടു താൽപര്യം ഉണ്ടാവാനിടയില്ല. പക്ഷേ, സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതു സംസ്ഥാന സെക്രട്ടേറിയറ്റാണ്. പെരുമ്പാവൂർ, ആലുവ, അങ്കമാലി, കുന്നത്തുനാട് മണ്ഡലങ്ങളിൽ സാജുവിനു വ്യക്തിപരമായി ഒട്ടേറെ വോട്ടുപിടിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ഇൗ പേരു ചർച്ചയ്ക്കു വരുന്നത്

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama