go

കേന്ദ്ര ബജറ്റ് ഫെഡറൽ സംവിധാനം തകർത്തു: മുഖ്യമന്ത്രി

Ernakulam News
ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം നെടുമ്പാശേരിയിൽ സംഘടിപ്പിച്ച ബജറ്റ് പ്രഭാഷണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാ‍ടനം ചെയ്യുന്നു. സി.എം. ദിനേശ്മണി, സി.എൻ. മോഹനൻ, എം.സി. ജോസഫൈൻ, പി. രാജീവ്, സി.ബി. ദേവദർശൻ എന്നിവർ സമീപം.
SHARE

നെടുമ്പാശേരി∙ രാജ്യത്ത് നിലവിലുണ്ടായിരുന്ന ഫെഡറൽ സംവിധാനം തകർക്കുന്നതാണ് കേന്ദ്രസർക്കാർ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്തുന്നതിന് പ്ലാനിങ് കമ്മിഷൻ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുന്ന പതിവ് മുൻപുണ്ടായിരുന്നു. ഇപ്പോൾ ഇത്തരം ആലോചനകളൊന്നുമില്ലാതായി. ഇഎംഎസ് പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ബജറ്റ് പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും പദ്ധതികൾ വെറും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുമെന്ന സൂചനയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് തയാറാക്കുന്നതിനു മുൻപ് വിവിധതലത്തിൽ ചർച്ചകൾ നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അതു നടപ്പാക്കുന്നതിന് മുൻഗണനാക്രമം നിശ്ചയിച്ചു ദീർഘകാല പദ്ധതിക്കു രൂപം നൽകേണ്ടതുണ്ട്.സംസ്ഥാന സർക്കാർ പ്രകടനപത്രികയിൽ നൽകിയിരുന്ന വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാൻ ശ്രമിച്ചു വരികയാണ്. ആവശ്യങ്ങൾ വലുതും എന്നാൽ വിഭവശേഷി വളരെ ചെറുതുമാണ്. ഇതിനു പ്രതിവിധിയായാണ് കിഫ്ബി വഴി 50,000 കോടി രൂപയുടെ പദ്ധതികൾ ബജറ്റിനു പുറത്തു പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. 

ബജറ്റ് വെറും വാഗ്ദാനങ്ങൾ മാത്രമാകാതിരിക്കാൻ സാമ്പത്തികവിഭവങ്ങളുടെ പിന്തുണ ആവശ്യമാണ്. പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിനു ഭരണയന്ത്രത്തിന്റെ കാര്യശേഷിയും പ്രധാനഘടകമാണ്. പിന്നാക്ക വിഭാഗത്തിലുള്ള ജനങ്ങളെയും വികസനത്തിൽ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളെയും കണ്ടെത്തി അവയെ വികസനത്തിന്റെ പൊതുധാരയിലെത്തിക്കാനുള്ള കാഴ്ചപ്പാടും ഭരണാധികാരികൾ സൂക്ഷിക്കേണ്ടതുണ്ട്.  കേരളത്തിന്റെ പുനർനിർമാണ പ്രക്രിയ പൂർത്തിയാക്കാൻ 31,000 കോടി രൂപ ആവശ്യമാണ്. ഇതിൽ 16,000 കോടി രൂപ ഭൗതികമേഖലയുടെ പുനഃസൃഷ്ടിക്കു വേണ്ടതാണ്. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 5000 കോടി രൂപ മാത്രമാണ് ലഭിക്കുക. 7000 കോടി രൂപ രാജ്യാന്തര ഏജൻസികളിൽ നിന്നു കണ്ടെത്താനും ശ്രമിക്കുന്നുണ്ട്.

കേരളബജറ്റിൽ സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 25 പ്രധാന പദ്ധതികളും 1200 വിവിധ പദ്ധതികളും നടപ്പാക്കും. വ്യവസായ പാർക്കുകൾക്കു വേണ്ടി മാത്രം കിഫ്ബി വഴി 16000 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  പഠനകേന്ദ്രം പ്രസിഡന്റ് പി. രാജീവ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. കൺവീനർ സി.എം.ദിനേശ്മണി, ഡയറക്ടർ സി.ബി.ദേവദർശൻ, വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ, സിപിഎം ജില്ല സെക്രട്ടറി സി.എൻ.മോഹനൻ, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama