കൊച്ചി∙ അങ്കമാലി – എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ നിർമാണം കൊങ്കൺ മാതൃകയിൽ ഏറ്റെടുക്കണമെന്നും പദ്ധതി ചർച്ച ചെയ്യുന്നതിനു ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു സിപിഎം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം നൽകി. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്നു 2015ൽ കേരള സർക്കാർ സമ്മതിച്ചിരുന്നു. 2015 - 16 ലെ സംസ്ഥാന ബജറ്റിൽ സർക്കാർ 50 കോടി രൂപ നീക്കി വച്ചു. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസിഎൽ) രൂപീകരിക്കാൻ 51 കോടി രൂപയും നൽകി.
2016 ൽ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന പദ്ധതികളുടെ കൂട്ടത്തിൽ ശബരി ഉൾപ്പെടുത്തുകയും തുടർന്നുള്ള ബജറ്റുകളിൽ 443 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതിയുടെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതോടെ 2816 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകാരം നൽകാതെ റെയിൽവേ ബോർഡും നിതി ആയോഗും മാറ്റി വച്ചിരിക്കയാണ്. ശബരി പാതയ്ക്ക് അനുവദിച്ച 655.50 കോടി രൂപയിൽ 400 കോടി രൂപ റെയിൽവേ വക മാറ്റി തമിഴ്നാട്ടിലെ പദ്ധതികൾക്ക് ഉപയോഗിച്ചു.
കൊങ്കൺ പദ്ധതി മാതൃകയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത കമ്പനി വഴി ദീർഘകാല വായ്പ എടുത്ത് നടപ്പാക്കിയാൽ പോലും വളരെ ലാഭകരമായ പദ്ധതിയായിരിക്കും ഇതെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരിന്റെ വിഹിതമായി പരമാവധി 10% തുക നൽകിയാൽ മതിയാകും. 10% കേന്ദ്ര സർക്കാർ വിഹിതമായും ബാക്കി 80% തുക കമ്പനി വഴി ദീർഘകാല വായ്പയായും സമാഹരിക്കാമെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.