go

ശബരിമല വിധി: സ്ത്രീകൾ തെരുവിലിറങ്ങിയത് മുന്നേറ്റമായി കരുതുന്നില്ലെന്ന് സക്കറിയ

Ernakulam News
കൃതി വിജ്ഞാനോൽസവ വേദിയിൽ സക്കറിയ. എൻ.ഇ. സുധീർ സമീപം.
SHARE

കൊച്ചി ∙ കേരളത്തിൽ ശബരിമല വിധിക്കെതിരേ സ്ത്രീകൾ തെരുവിലിറങ്ങിയതു ബിജെപിയെപ്പോലുള്ള വലതുപക്ഷ ശക്തികളുടെ മുന്നേറ്റമായി കരുതുന്നില്ലെന്ന് എഴുത്തുകാരൻ സക്കറിയ. നവോത്ഥാനത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ ചർച്ചകൾ  ഉപരിപ്ലവമാണ്. വെറുമൊരു ബ്രാൻഡ് നെയിം പോലെയാണ് നവോത്ഥാനം എന്ന പദം ഉപയോഗിക്കപ്പെടുന്നതെന്നു കൃതി വിജ്ഞാനോത്സവത്തിൽ എഴുത്തും നവോത്ഥാനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തവെ അദ്ദേഹം വ്യക്തമാക്കി.  കേരളത്തിൽ നവോത്ഥാനത്തെ വേരോടെ പിഴുതതിൽ മാധ്യമങ്ങൾക്കു പങ്കുണ്ട്. സിപിഎമ്മിൽ മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ മറ്റാർക്കും സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാട് ഇല്ലെന്നാണ് മനസ്സിലാകുന്നത്. 

ബിജെപിയെപ്പോലും തോൽപിക്കുന്ന നിലപാടാണ് ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്. വർഗീയ ശക്തികളുടെ വേദിയിലെത്തുന്ന സാംസ്‌കാരിക പ്രവർത്തകർക്കും സിപിഎം വേദികളിൽ ഇടം കിട്ടുമെന്ന അവസ്ഥ ഇന്നുണ്ട്– സക്കറിയ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ അവസരവാദം കേരള നവോത്ഥാനത്തെ പിറകോട്ടടിച്ചതായി ചർച്ചയിൽ പങ്കെടുത്ത എൻ. ഇ. സുധീർ പറഞ്ഞു. ഭൂരിപക്ഷവാദമല്ല ഭരണഘടനാ മൂല്യങ്ങൾ അനുസരിച്ചാണ് നിയമ വ്യവസ്ഥ നിലകൊള്ളേണ്ടതെന്നു അഭിഭാഷകൻ കാളീശ്വരം രാജ്. ചരിത്ര വിധികളും വിധികളുടെ ചരിത്രവും എന്ന വിഷയത്തിൽ മകളും അഭിഭാഷകയുമായ തുളസി കെ. രാജുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശബരിമല യുവതിപ്രവേശ വിധിപോലുള്ള വിഷയങ്ങളിൽ ഭരണഘടയിലെ വിശ്വാസ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയും ലിംഗ സമത്വത്തെയും രണ്ടു ധ്രുവങ്ങളിൽ പ്രതിഷ്ഠിച്ചുകൊണ്ടുള്ള വാദങ്ങൾ ശരിയല്ല. ശബരിമല വിഷയത്തിൽ പുനഃപരിശോധനാ ഹർജികൾ ഭൂരിപക്ഷവും നിയമപരമായി കഴമ്പില്ലാത്തവയാണ്– അദ്ദേഹം പറഞ്ഞു. മാനഭംഗം ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും പുരുഷാധിപത്യവും അധികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ബംഗ്ലദേശ് എഴുത്തുകാരി തസ്‌ലിമ നസ്റിൻ.  ഇതു മാറാനുള്ള വഴി ആണുങ്ങളുടെ അധികാരം കുറയുകയും സ്ത്രീകൾ കൂടുതൽ ശക്തരാവുകയും ചെയ്യുകയെന്നതാണ്.  സിനിമാ-നാടക പ്രവർത്തകയായ സജിതാ മഠത്തിലിന്റെ നാടകജീവിതസ്മരണകളുടെ പുസ്തകമായ ‘അരങ്ങിലെ മത്സ്യഗന്ധികൾ’ എഴുത്തുകാരി പ്രിയ എ.എസ്. നടി റിമ കല്ലിങ്കലിന് നൽകി പ്രകാശനം ചെയ്തു. 

മുഖ്യമന്ത്രി ഇന്ന് കൃതിയിൽ

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു കൃതി സന്ദർശിക്കും. വൈകിട്ട് 3ന് നവകേരളം, നവോത്ഥാനം, സഹകരണം എന്ന വിഷയത്തിൽ മറൈൻ ഡ്രൈവിലെ വേദിയിൽ അദ്ദേഹം പ്രസംഗിക്കും. മലയാള കാർട്ടൂണിന്റെ നൂറാം വർഷത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന നൂറ്റാണ്ടിന്റെ കാർട്ടൂൺ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യും. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama