go

സാങ്കേതിക വിദ്യയുടെ ഭവിഷ്യത്തല്ല, ചർച്ച ചെയ്യേണ്ടതു ഭാവി സാധ്യത: മുഖ്യമന്ത്രി

Ernakulam News
കൊച്ചി സർവകലാശാലയിൽ അസാപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാന പ്രഫഷനൽ വിദ്യാർത്ഥി ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. എം.എസ്. വല്യത്താൻ, മന്ത്രി കെ.ടി. ജലീൽ, ഡോ. വി. ആർ. ലളിതാംബിക, ഡോ. എൻ.ആർ. മാധവമേനോൻ, ജസ്റ്റിസ് വി. ഗോപാലഗൗഡ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞൻ ഡോ. സന്ദീപ് പി.ത്രിവേദി, പ്രഫ. ശ്രീനാഥ് റെഡ്ഡി, ഡോ. സൗമ്യ സ്വാമിനാഥൻ എന്നിവർ സമീപം.
SHARE

കളമശേരി ∙ സാങ്കേതിക വിദ്യയുടെ ഭവിഷ്യത്തുകൾ ചർച്ച ചെയ്യുന്നതിനു പകരം ഭാവിയിലെ സാധ്യതകളെ കണ്ടെത്തുകയാണു വേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  സംസ്ഥാന സർക്കാരിനു കീഴിലുള്ള അസാപ്പിന്റെ (അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) നേതൃത്വത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സംഘടിപ്പിച്ച സംസ്ഥാനതല പ്രഫഷനൽ വിദ്യാർഥി ഉച്ചകോടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. 

പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികച്ച പ്രവർത്തനം കേരളത്തെ പുരോഗതിയിലേക്കു നയിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. യുവതലമുറ എത്രത്തോളം മുന്നേറാൻ ആഗ്രഹിക്കുന്നു എന്നതിന്റെ  അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ വളർച്ച രൂപപ്പെടുന്നത്. യുവാക്കൾ ആർജിക്കുന്ന വിദ്യാഭ്യാസവും സാങ്കേതിക വിദ്യയും താഴേത്തട്ടിലുള്ള ജനങ്ങൾക്കു പ്രയോജനപ്പെടണം. പ്രഫഷണൽ വിദ്യാഭ്യാസം കാലാനുസൃതമാക്കുന്നതിനും കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികളെ തൊഴിൽ സജ്ജരാക്കുന്നതിനും വർഷം തോറും സിലബസ് പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‌

കേരളത്തിൽ പ്രഫഷനലുകളുടെ അഭാവമില്ലെന്നും അവർക്ക് മികച്ച പരിശീലനം ലഭിക്കാത്തതാണു പ്രശ്നമെന്നും അധ്യക്ഷത വഹിച്ച മന്ത്രി കെ.ടി ജലീൽ പറഞ്ഞു. ഉച്ചകോടിയിൽ കേരളത്തിലെ നൂറിലേറെ പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.  കിഫ്ബി ഫണ്ട് ഉപയോഗിച്ചു കുസാറ്റിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെയും പ്രഫഷനൽ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് നൽകാനുള്ള അസാപ് പദ്ധതിയായ ഇന്റേൺഷിപ്പ് പോർട്ടലിന്റെയും ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.  ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞൻ ഡോ. സന്ദീപ് പി. ത്രിവേദി, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് വൈസ് ചെയർമാൻ പ്രഫ.രാജൻ ഗുരുക്കൾ, മനോജ് വാസുദേവൻ എന്നിവർ പ്രസംഗിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama