കൊച്ചി ∙ തമിഴ് കഥാകൃത്തും വിവർത്തകനുമായ എ.എം. സാലൻ (എ. മതി – 59) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് മരണം. രാത്രി ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളം സ്പീഡ് പോസ്റ്റ് ഹബിൽ സൂപർവൈസറായ സാലൻ നാഗർകോവിൽ അരൾവായ്മൊഴി സ്വദേശിയാണ്. ഭാര്യ ഭാനുമതി. മക്കൾ: അജിത്കുമാർ, വിദ്യ. മരുമക്കൾ: ലാൽസൺ, മണിമേഖല. സംസ്കാരം ഇന്ന് 11ന് നാഗർകോവിലിൽ.
എം.ടി. വാസുദേവൻ നായർ, ഒഎൻവി, കമല സുരയ്യ എന്നിവരുടേതടക്കം പ്രശസ്ത കൃതികൾ തമിഴിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ‘തേർന്തെടുത്ത മലയാള സിറുകതൈ’ മധുര ഗാന്ധിഗ്രാം സർവകലാശാലയിലെ പാഠപുസ്തകമാണ്. ‘വട്ടത്തൈ മീറിയ വിരിവുകൾ, ‘ഒതുക്കപ്പെട്ടവർകൾ’ തുടങ്ങിയ ചെറുകഥാ സമാഹാരങ്ങൾ അടക്കം 11 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദലിത് എഴുത്തിൽ തമിഴ്നാട്ടിലെ ശക്തമായ സാന്നിധ്യമായിരുന്നു. മൂന്നു പതിറ്റാണ്ടായി കേരളത്തിലാണ് താമസം.
ഭാഷകളോടുള്ള കൊതി തീരാതെ മടക്കം
കൊച്ചി ∙ തമിഴ്, മലയാള സാഹിത്യത്തെ കൂട്ടിയിണക്കിയ കണ്ണി. സുഹൃദ് സംഘത്തിലെ സാലൻ അഥവാ കൂട്ടുകാരൻ. സഹപ്രവർത്തകർക്ക് എ. മതി. ഇന്നലെ അന്തരിച്ച തമിഴ് എഴുത്തുകാരൻ എ.എം.സാലൻ പലർക്കും പലതായിരുന്നു. തപാൽ വകുപ്പിൽ സോർട്ടിങ് അസിസ്റ്റന്റായി 28 വർഷം മുൻപാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. എഴുത്തിലൂടെയും സൗഹൃദങ്ങളിലൂടെയും എ.മതി കൊച്ചിക്കു പ്രിയപ്പെട്ടവനായി. ആ ഇഷ്ടം അദ്ദേഹത്തിന്റെ പേരു പോലും മാറ്റി. കൂട്ടുകാർ മതിയെ വിളിച്ചത് എ.എം.സാലനെന്നായിരുന്നു. പിന്നീട് പുസ്തകങ്ങളിൽ ആ പേരാണു സ്വീകരിച്ചത്.
കടവന്ത്രയിൽ താമസിച്ച അദ്ദേഹത്തിനു കൊച്ചി സ്വന്തം നാടിനേക്കാൾ പ്രിയപ്പെട്ടതായി. ആ സ്നേഹമാണ് വിവർത്തനങ്ങളിലേക്കും കഥകളിലേക്കുമൊക്കെ നയിച്ചതും. കൊച്ചി നഗരത്തിന്റെ വളർച്ചയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ‘വട്ടത്തൈ മീറിയ വിരിവുകൾ’ (വികസിക്കാൻ കൊതിക്കുന്ന വൃത്തങ്ങൾ) എഴുതിയത്. ഇടക്കാലത്ത് കണ്ണൂരിലേക്ക് സ്ഥലം മറി പോയെങ്കിലും ആറു മാസത്തിനുള്ളിൽ വീണ്ടും തിരിച്ചെത്തി. മലയാളത്തിലും ആനുകാലികങ്ങളിൽ എഴുതിയിട്ടുണ്ട്.
പി.കെ.വാസുദേവൻ നായരുടെ ആത്മകഥ, തിരഞ്ഞെടുത്ത മലയാള കഥകൾ തുടങ്ങിയവ തമിഴിലേക്കു പരിഭാഷപ്പെടുത്തി. തകഴി, വൈക്കം മുഹമ്മദ് ബഷീർ, സാറാ ജോസഫ്, പി.വത്സല തുടങ്ങിയവരുടെ രചനകളും മൊഴിമാറ്റി. പടയണിയെപ്പറ്റി ശ്രദ്ധേയമായ ലേഖനമെഴുതി. വിരമിക്കാൻ കുറച്ചു നാൾ ബാക്കിയിരിക്കെയാണു സുഹൃദ്സംഘത്തിൽ നിന്നു മതി വിട്ടുപോകുന്നത്. വിരമിക്കൽ ആഘോഷമാക്കണമെന്നു ചങ്ങാതികളോടു പറഞ്ഞിരുന്നു. പക്ഷേ അതിനു മുൻപേ വിധിയുടെ അനിവാര്യമായ വിളി സ്പീഡ് പോസ്റ്റിലെന്നവണ്ണം അദ്ദേഹത്തെ കൂട്ടാനെത്തി.