go

‘സ്വതന്ത്ര പരീക്ഷണം’ വിട്ട് എറണാകുളത്ത് സിപിഎം

Cochin News
SHARE

കൊച്ചി∙ എറണാകുളത്തെ ‘സ്വതന്ത്രാ’ന്വേഷണ പരീക്ഷണങ്ങൾ സിപിഎം വേണ്ടെന്നു വച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തന്നെ സ്ഥാനാർഥിയായി എത്തുന്നതോടെ മത്സരത്തിനു വീറും വാശിയുമായി. ജനകീയരല്ലാത്ത സ്വതന്ത്രരെ പതിവായി മത്സരിപ്പിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങുന്നതിൽ അണികൾക്കുള്ള വിമർശനങ്ങൾകൂടി ഉൾക്കൊണ്ടാണ് സിപിഎം ഇക്കുറി മുൻ ജില്ലാ സെക്രട്ടറി കൂടിയായ പി. രാജീവിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റി ഇത് അംഗീകരിച്ചാൽ നാളെ എൽഡിഎഫ് ചേർന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.

എറണാകുളം മണ്ഡലത്തിന്റെ ചരിത്രത്തിൽ പാർട്ടി ചിഹ്നത്തിൽ ഒരു വട്ടമേ സിപിഎം ജയിച്ചിട്ടുള്ളുവെങ്കിലും പലപ്പോഴും എതിരാളികളെ വിറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും മണ്ഡലത്തിന്റെ ചിത്രം പരിശോധിക്കുമ്പോൾ സിപിഎം സ്വതന്ത്രരുടെ പിറകെ പോകുന്നതാണ് കാണുന്നത്. ഒന്നോ രണ്ടോ സ്വതന്ത്രർ പാർട്ടി ആശിച്ച നേട്ടം കൊണ്ടുവന്നുവെന്നതു ശരി. സ്വതന്ത്രർ മാത്രമേ ഇവിടെ പച്ചപിടിക്കൂ എന്ന വിചാരം പാർട്ടി നേതാക്കൾക്കിടയിൽ വ്യാപകമായതോടെ പല തിരഞ്ഞെടുപ്പുകളും പാർട്ടിക്കു പരാജയത്തെക്കാൾ നാണക്കേടായി മാറി.

1951ൽ പിറവിയെടുത്ത എറണാകുളം മണ്ഡലത്തിലെ ആദ്യ ജനപ്രതിനിധി കോൺഗ്രസുകാരനായിരുന്നു– സി.പി.മാത്യു. 2 ഉപതിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ 18 തിരഞ്ഞെടുപ്പുകൾ എറണാകുളത്തുണ്ടായി. കോൺഗ്രസ് 13 തവണ ജയിച്ചപ്പോൾ എൽഡിഎഫ് 5 തവണ ജയിച്ചു. 

അഞ്ചിൽ നാലും കൊണ്ടുവന്നതു സ്വതന്ത്ര സ്ഥാനാർഥികളാണെന്നതാവും എറണാകുളത്തെത്തുമ്പോൾ സിപിഎം സ്വതന്ത്രാന്വേഷണ പരീക്ഷണങ്ങൾക്കു മുതിരാൻ കാരണം. 4 സ്വതന്ത്ര വിജയത്തിൽ മൂന്നും ഡോ. സെബാസ്റ്റ്യൻ പോൾ മത്സരിച്ചപ്പോഴായിരുന്നു. 2 ഉപതിരഞ്ഞെടുപ്പിലും ഒരു ഫുൾടേമിലും. മുൻ കോൺഗ്രസ് എംപിയായിരുന്ന സേവ്യർ അറയ്ക്കലാണ് ഇടതുപക്ഷത്തു വിജയിച്ച മറ്റൊരു സ്വതന്ത്രൻ.

എന്നാൽ, പരാജയകാലത്തെ സ്വതന്ത്രരുടെ പ്രകടനങ്ങളെക്കാൾ മികച്ച പോരാട്ടമാണ് പാർട്ടി സ്ഥാനാർഥികൾ കാഴ്ചവച്ചതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 1957ൽ എ.എം. തോമസിനെതിരെ ഇടതുപക്ഷത്തിനുവേണ്ടി സ്വതന്ത്രനായി എം.എം. അബ്ദുൽഖാദർ മത്സരിച്ചു 10,623 വോട്ടിനു പരാജയപ്പെട്ടു. 62ൽ ഇതേ അബ്ദുൽഖാദർ കമ്യൂണിസ്റ്റു പാർട്ടി സ്ഥാനാർഥിയായപ്പോൾ തോൽവിയുടെ മാർജിൻ കൂടി. 

1967 ലാണു സിപിഎം എന്നും ഓർമയിൽ സൂക്ഷിക്കുന്ന വിജയം. വി. വിശ്വനാഥമേനോൻ 16,606 വോട്ടിനു എ.എം. തോമസിനെ തോൽപിച്ചു. 71ലെ തിരഞ്ഞെടുപ്പിൽ വിശ്വനാഥമേനോനെ ഹെൻ‍ട്രി ഓസ്റ്റിൻ 22,670 വോട്ടിനു തോൽപിച്ചു. 1977ൽ ഹെൻട്രി ഓസ്റ്റിനും സിപിഎമ്മിലെ കെ.എൻ. രവീന്ദ്രനാഥും മത്സരിച്ചപ്പോൾ തോൽവിയുടെ മാർജിൻ 7,285 ലേക്കു വരെ എത്തിക്കാൻ സിപിഎമ്മിനു കഴിഞ്ഞു. 1980ൽ കോൺഗ്രസ് (ഐ) സ്ഥാനാർത്ഥിയായി സേവ്യർ അറയ്ക്കലും കോൺഗ്രസ് (യു) സ്ഥാനാർത്ഥിയായി ഹെൻട്രി ഓസ്റ്റിനും മത്സരിച്ചപ്പോഴാണ് ഏറ്റവും ചെറിയ മാർജിൻ വന്നത്. 2,502 വോട്ട്. ഹെൻട്രി ഓസ്റ്റിൻ അന്ന് ഇടതുപക്ഷത്തായിരുന്നു.

1989ൽ സുബ്രഹ്മണ്യം പോറ്റി സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി. 96ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി സേവ്യർ അറയ്ക്കൽ സിപിഎമ്മിനു വിജയം സമ്മാനിച്ചു. 97ൽ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ഡോ. സെബാസ്റ്റ്യൻ പോൾ വിജയിച്ചു.

പക്ഷേ, 98ൽ സെബാസ്റ്റ്യൻ പോൾ കോൺഗ്രസിലെ ജോർജ് ഇൗഡനോട് 74,508 വോട്ടിനു തോറ്റു. 99ൽ സിപിഎം മാണി വിതയത്തിലിനെ സ്ഥാനാർഥിയാക്കി തോൽവിയുടെ മാർജിൻ 1,11,305 ആക്കി. ജോർജ് ഇൗഡന്റെ മരണത്തെത്തുടർന്ന് കേരളം മുഴുവൻ ശ്രദ്ധിച്ച ഉപതിരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോൾ കോൺഗ്രസിലെ എം.ഒ. ജോണിനെ തോൽപിച്ചു. 

2004ലും സെബാസ്റ്റ്യൻ പോൾ ജയിച്ചു. 2009ൽ സിപിഎം യുവനേതാവ് സിന്ധുജോയിയെ മത്സരിപ്പിച്ച് കെ.വി. തോമസിന്റെ വിജയം 11,790 വോട്ടിൽ പിടിച്ചു നിർ‌ത്തി. 2014ൽ സിപിഎമ്മിനു വീണ്ടും സ്വതന്ത്ര സ്ഥാനാർഥി– ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്. പരാജയം. 

സിപിഎമ്മിന്റെ 4 സ്വതന്ത്രരെ പരാജയപ്പെടുത്തിയതു സിറ്റിങ് എംപി കെ.വി. തോമസ് ആണെന്നൊരു പ്രത്യേകതയുമുണ്ട്. ഏതായാലും ഇക്കുറി പരീക്ഷണങ്ങൾക്കല്ല, പോരാട്ടത്തിനു തന്നെയാണെന്നു സ്ഥാനാർഥി നിർണയത്തിലൂടെ സിപിഎം പ്രഖ്യാപിച്ചിരിക്കുകയാണ്.

എറണാകുളം, ചാലക്കുടി: പി.രാജീവിന്റെയുംഇന്നസന്റിന്റെയും പേരുകൾക്ക് അംഗീകാരം

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവിന്റെയും ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ സിറ്റിങ് എംപി ഇന്നസന്റിന്റെയും സ്ഥാനാർഥിത്വത്തിനു സിപിഎം പാർലമെന്റ് മണ്ഡലം കമ്മിറ്റികൾ അംഗീകാരം നൽകി. ഇന്നസന്റ് വീണ്ടും മത്സരിക്കുമ്പോൾ വിജയസാധ്യതയെക്കുറിച്ചു ചാലക്കുടി പാർലമെന്റ് മണ്ഡലം കമ്മിറ്റിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ  നിർദേശം മണ്ഡലം കമ്മിറ്റി അംഗീകരിച്ചു. പകരം പേരുകൾ ചർ‍ച്ചചെയ്യാൻ  യോഗത്തിൽ അനുമതി നൽകിയില്ല. അതോടെ ഇന്നസന്റിനെത്തന്നെ സ്ഥാനാർഥിയായി കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. അതേസമയം എറണാകുളം മണ്ഡലത്തിലേക്കു പി. രാജീവിന്റെ പേരിന് എതിരഭിപ്രായങ്ങളുണ്ടായില്ല.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ ആണു 2 കമ്മിറ്റിയിലും സെക്രട്ടേറിയറ്റ് നിർദേശം അവതരിപ്പിച്ചത്. പി.രാജീവ്, കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈൻ, എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ എന്നിവർ എറണാകുളം പാർലമെന്റ് മണ്ഡലം കമ്മിറ്റിയിലും ഇവരും തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസും ചാലക്കുടി പാർലമെന്റ് മണ്ഡലം കമ്മിറ്റിയിലും പങ്കെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റിൽ എറണാകുളം, ആലത്തൂർ മണ്ഡലങ്ങളുടെ ചുമതലയുണ്ടായിരുന്ന രാജീവ് സ്ഥാനാർഥിയാവുന്നതോടെ ആ ചുമതല കെ. രാധാകൃഷ്ണനു നൽകും. തൃശൂർ, ചാലക്കുടി മണ്ഡലങ്ങളുടെ ചുമതല ബേബി ജോണിനായിരിക്കും. എറണാകുളം പാർലമെന്റ് മണ്ഡലം കൺവൻഷൻ 11നു ചേരാൻ പാർലമെന്റ് മണ്ഡലം കമ്മിറ്റി നിർദേശിച്ചു.

രണ്ടു കമ്മിറ്റികളിലെയും ചർച്ചകൾ ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അവതരിപ്പിക്കും. സ്ഥാനാർഥികളിൽ മാറ്റമുണ്ടെങ്കിൽ മാത്രമേ വീണ്ടും പേര് പാർലമെന്റ് മണ്ഡലം കമ്മിറ്റിക്കു മുന്നിൽ വരൂ.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama