go

കൊച്ചിക്കു മുകളിലൂടെ മെട്രോയിൽ ഭിക്ഷക്കാരുടെ യാത്ര; ഡോക്ടർ ജോജോ കൊടുക്കുന്നത് 'ചില്ലറയല്ല', സന്തോഷം

Ernakulam News
ഡോ. ജോജോ കെ. ജോസഫ് (മഞ്ഞ ഷർട്ട്) ഭിക്ഷക്കാർക്കൊപ്പം കൊച്ചിയിൽ മെട്രോ യാത്രയ്ക്കെത്തിയപ്പോൾ.
SHARE

കൊച്ചി ∙ സൗഹൃദത്തിന്റെ കൈകൾ ചേർത്തു പിടിച്ച് അവർ മെട്രോ ട്രെയിനിൽ കയറി. ആകാശം മുട്ടുന്ന കൊച്ചിക്കു മുകളിലൂടെ ആകാശ പാതയിലൂടെയുള്ള യാത്ര. കൂട്ടത്തിലെ കാരണവർ കൃഷ്ണൻ ചിരിച്ചു കൊണ്ടു പറഞ്ഞു: ‘കൊച്ചി പഴയ കൊച്ചിയല്ല്ട്ടാ...’; ഒപ്പമുള്ളവർ ആ ചിരിയിൽ ലയിച്ചു ചേർന്നു. തൃശൂരിലെ ഹോമിയോ ഡോക്ടർ ഡോ. ജോജോ കെ. ജോസഫാണു ഭിക്ഷക്കാരെയും കൂട്ടി കൊച്ചി യാത്രയ്ക്കെത്തിയത്. മൂന്നു മാസം കൂടുമ്പോൾ പതിവുള്ളതാണ് ഇങ്ങനെയൊരു യാത്ര. എന്നാൽ, തൃശൂർ ജില്ലയ്ക്കു പുറത്തേക്ക് ഇത് ആദ്യം. ലുലു മാൾ കണ്ട്, ബോട്ടിൽ കയറി, സുഭാഷ് പാർക്കിലെ പുൽത്തകിടികളിലിരുന്ന്, മറൈൻ ഡ്രൈവിലെ കാറ്റു കൊണ്ട് അവർ സന്തോഷച്ചിരി പങ്കുവച്ചു.

വൈപ്പിൻ ഓച്ചന്തുരുത്തുകാരനായ ഡോ. ജോജോ തൃശൂരിലെ തെരുവുകളിലെ ഭിക്ഷക്കാർക്ക് ആദ്യം കൊടുത്തതു ഭക്ഷണമാണ്. ഇപ്പോൾ 14 വർഷമായി മുടക്കമില്ലാതെ ഡോക്ടറുടെ പൊതിച്ചോറ് അവരെ തേടിയെത്തും. വയറു നിറഞ്ഞതുകൊണ്ടു മാത്രം സന്തോഷം വരുന്നില്ലെന്നു  കണ്ടപ്പോൾ അവരെയും കൂട്ടി വിനോദയാത്ര നടത്താൻ തോന്നി. പീച്ചി ഡാം കാണാനായിരുന്നു ആദ്യ യാത്ര.പിന്നീട്, ഓരോ 3 മാസം കൂടുമ്പോഴും യാത്രകൾ.

ആദ്യ യാത്രയിൽ 9 പേരായിരുന്നെങ്കിൽ ഇന്നലെ കൊച്ചി കാണാൻ വന്നത് 14 പേർ. കുളിച്ചൊരുങ്ങി, നല്ല വസ്ത്രങ്ങൾ ധരിച്ച്, ചിരിച്ചുല്ലസിച്ച് അവർ കൊച്ചിയുടെ സൗന്ദര്യം കണ്ടു; ലുലുമാൾ കണ്ട് അന്തം വിട്ടു. പല സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്നും അവിടെ കണ്ടിട്ടില്ലല്ലോയെന്ന് ആശ്ചര്യപ്പെട്ടു.‘അവരുടെ മുഖത്തെ ചിരി സന്തോഷത്തിന്റേതു മാത്രമല്ല, സ്വാതന്ത്ര്യത്തിന്റേതു കൂടിയാണ്’, ഡോ. ജോജോ കെ. ജോസഫ് പറഞ്ഞു. അടച്ചിട്ട മുറികളല്ല, വിശാലമായ സ്ഥലങ്ങളാണ് അവർക്കു വേണ്ടത്. അപ്പോൾ എല്ലാ വിഷമങ്ങളും മറന്ന് അവർ സന്തോഷിക്കുന്നതു കാണാം– ജോജോ പറഞ്ഞു.

അച്ചടക്കത്തോടെ മെട്രോ സ്റ്റേഷനിലെ ടിക്കറ്റ് മെഷിനിനു മുന്നിൽ അവർ ക്യൂ നിന്നു. വാതിൽ തുറക്കുന്നത് അദ്ഭുതത്തോടെ നോക്കി നിന്നു. ‘ഇതു കൊള്ളാലോ...’, പുതിയ കാര്യങ്ങൾ കാണുമ്പോഴുള്ള സന്തോഷം അവരുടെ കണ്ണുകളിൽ നിന്നു വായിച്ചെടുക്കാം. അതു തന്നെയാണു തന്റെയും സന്തോഷമെന്നു ജോജോ പറഞ്ഞു.തൃശൂരിലെ സർക്കസ് കൂടാരത്തിലേക്കാണ് അടുത്ത യാത്ര. അതിനിടയിൽ പൂരം കൂടണം, സിനിമയ്ക്കു പോകണം. അവരുടെ ആഗ്രഹങ്ങൾ അതിരുകളില്ലാതെ പറക്കുന്നു.മഹാരാജാസ് കോളജ് മെട്രോ സ്റ്റേഷനിൽ ട്രെയിനിറങ്ങി സമീപത്തെ കോളജ് ഗ്രൗണ്ടിലേക്കു വിരൽ ചൂണ്ടി അവർ പറഞ്ഞു: അവിടെയൊക്കെ കിടന്നുറങ്ങാൻ എന്തു സുഖമായിരിക്കും!.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama