go

മൊട്ട ടയറുമായി ബസുകൾ, ഇക്കളി തീക്കളി

ഇന്നലെ ആറൂരിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിന്റെ ടയറുകൾ
ഇന്നലെ ആറൂരിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിന്റെ ടയറുകൾ
SHARE

മൂവാറ്റുപുഴ ∙ തേഞ്ഞുതീർന്ന ടയറുകളുമായി മഴക്കാലത്ത്  സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ യാത്രക്കാരുടെ ജീവനു ഭീഷണിയാകുന്നു. യാത്രക്കാരുടെ ജീവനു പുല്ലുവില കൽപിച്ച് ‘മൊട്ട’ ടയറുമായി ഓടുന്ന ബസുകൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ പതിവാകുകയാണ്.

 തേഞ്ഞു തീർന്ന ടയറുകളുമായി നിറയെ യാത്രക്കാരെ കയറ്റിവരികയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സർവീസ് ഇന്നലെ ആറൂരിൽ റോഡരികിലുള്ള ഗ്രന്ഥശാലയിലേക്ക് പാഞ്ഞുകയറിയെങ്കിലും തലനാരിഴ വ്യത്യാസത്തിൽ ദുരന്തം ഒഴിവായി. 

ഗ്രന്ഥശാലയുടെ തൂണുകളിലും സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചിരുന്ന ഇരുമ്പു പോസ്റ്റിലും ഇടിച്ച് ബസ് നിന്നില്ലായിരുന്നുവെങ്കിൽ തൊട്ടരികിലുള്ള 300 അടി താഴ്ചയിലേക്ക് ബസ് പതിക്കുകയും വൻ ദുരന്തം ഉണ്ടാകുകയും ചെയ്യുമായിരുന്നു.

ബൈക്ക് യാത്രികനെ തട്ടാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ബസിന് ബ്രേക്ക് നഷ്ടമാവുകയായിരുന്നു.ബസിന്റെ ടയറുകളെല്ലാം തേഞ്ഞുതീർന്ന നിലയിലായതാണ് കാരണം. ബസിന്റെ മുന്നിലെ രണ്ട് ടയറുകളും പിറകിലെ രണ്ടു ടയറുകളും തേഞ്ഞവയായിരുന്നു. 

സൂപ്പർ ഫാസ്റ്റ് ബസുകളുടെ ടയറുകൾ മികച്ചതായിരിക്കണമെന്ന വ്യവസ്ഥ നിലനിൽക്കുമ്പോഴാണ് കെഎസ്ആർടിസിയുടെ തീക്കളി. മഴക്കാലത്ത് ബസുകളുടെ ടയറുകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന നിർദേശം ടയറുകളുടെ ക്ഷാമം രൂക്ഷമായതിനാൽ അവഗണിക്കപ്പെടുകയാണ്. 

മറ്റ് സ്പെയർ പാർട്സില്ലാത്തതിനാൽ മഴക്കാലത്തിനു മുന്നോടിയായി ചെയ്യേണ്ട അറ്റകുറ്റപ്പണികളും ഭൂരിഭാഗം ബസുകളിലും ആരംഭിച്ചിട്ടില്ല.

കൊടുംവളവുകളും ചെങ്കുത്തായ കയറ്റിറക്കങ്ങളും ഇരുവശവും വലിയ കൊക്കകളുമുള്ള ഹൈറേഞ്ച് മേഖലയിലും  എംസി റോഡിലുമുൾപ്പെടെ സർവീസ് നടത്തുന്ന പല കെഎസ്ആർടിസി ബസുകളുടെയും ടയറുകൾ തേയ്മാനം സംഭവിച്ച് അപകടകരമായ നിലയിലാണെന്നു കെഎസ്ആർടിസി ജീവനക്കാർ തന്നെ പരാതിപ്പെടുന്നു. ഇത്തരം റൂട്ടുകളിൽ ഗ്രിപ്പില്ലാത്ത ടയറുകൾ ഉപയോഗിച്ചു സർവീസ് നടത്തുന്നത് ഏറെ അപകടകരമാണ്.  മുൻവശത്തെ ടയറുകളുടെ ശോച്യാവസ്ഥയാണ് അപകടങ്ങൾ കൂട്ടുന്നത്. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama