go

അപകടകാരി, ക്രൂരമായി അക്രമിക്കും; മുത്തുസെൽവം കൊച്ചിയിലെ നിരീക്ഷണ ക്യാമറയിൽ...

കൊച്ചി ദിവാൻസ് റോഡിലെ ഡെന്റൽ ക്ലിനിക്കിൽ കയറിയ മുത്തുസെൽവന്റെ  സിസിടിവി ദൃശ്യങ്ങൾ.
കൊച്ചി ദിവാൻസ് റോഡിലെ ഡെന്റൽ ക്ലിനിക്കിൽ കയറിയ മുത്തുസെൽവന്റെ സിസിടിവി ദൃശ്യങ്ങൾ.
SHARE

കൊച്ചി∙ നഗരത്തിൽ വീണ്ടും മോഷണ പരമ്പര. നഗരമധ്യത്തിൽ ലക്ഷ്മി ആശുപത്രിക്കു സമീപം ദിവാൻസ് റോഡിലെ 3 സ്ഥാപനങ്ങളിലും ഒരു വീട്ടിലും കവർച്ച നടത്തിയ കള്ളൻ നിരീക്ഷണ ക്യാമറയിൽ കുടുങ്ങി. സ്ഥിരം മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായ തമിഴ്നാട് സ്വദേശി മുത്തുസെൽവമാണു മോഷണം നടത്തിയതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി.

കഴിഞ്ഞദിവസം അർധരാത്രിക്കു ശേഷമായിരുന്നു മോഷണം. ജാൻകി ഡെന്റൽ സ്പെഷ്യൽറ്റി ക്ലിനിക്, റൈൻസ് ബയന്റിങ് ഷോപ്പ്,അന്തരിച്ച ആർഎസ്പി നേതാവ് കെ.ആർ.കുറുപ്പിന്റെ വീട്, ശ്രീറാം ഫോർച്യൂൺസ് ഇൻഷുറൻസ് ഓഫിസ് എന്നിവിടങ്ങളിലാണു കവർച്ച നടന്നത്. ശ്രീറാം ഫോർച്യൂൺസിൽ നിന്ന് ഒരു ഗ്രാം തൂക്കമുള്ള 6 സ്വർണ നാണയങ്ങളും ബയന്റിങ് സ്ഥാപനത്തിലെ മേശയിൽ നിന്നു 4000 രൂപയും മോഷണ പോയി.

കൊച്ചി ദിവാൻസ് റോഡിലെ ഡെന്റൽ ക്ലിനിക്കിൽ കയറിയ മുത്തുസെൽവന്റെ  സിസിടിവി ദൃശ്യങ്ങൾ.
കൊച്ചി ദിവാൻസ് റോഡിലെ ഡെന്റൽ ക്ലിനിക്കിൽ കയറിയ മുത്തുസെൽവന്റെ സിസിടിവി ദൃശ്യങ്ങൾ.

ഡെന്റൽ ക്ലിനിക്കിലെ കുടുക്കയിലുണ്ടായിരുന്ന കറൻസി നോട്ടുകളും എടുത്തു. കെ.ആർ.കുറുപ്പിന്റെ വീട്ടിൽ അലമാരകളിലെ വസ്ത്രങ്ങളുൾപ്പടെ പുറത്തേക്കു വലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ‌‌‌‌‌‌‌‌‌‌ജാൻകി ഡെന്റൽ സ്പെഷ്യൽറ്റി ക്ലിനിക്കിനു പുറത്തും അകത്തും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളിലാണു കള്ളൻ കുടുങ്ങിയത്. സിസിടിവി ദൃശ്യങ്ങളനുസരിച്ചു രാത്രി 12.48നു ശേഷമാണ് ഇവിടെ കവർച്ച നടന്നത്. ഇതിനു ശേഷമാണു പിന്നിലുള്ള ബയന്റിങ് ഷോപ്പിലും അടുത്തുള്ള വീട്ടിലും ഇൻഷുറൻസ് ഓഫിസിലും കവർച്ച നടത്തിയെന്നാണു കരുതുന്നത്. ഇൻഷുറൻസ് ഓഫിസിനു സമീപത്തെ സായി ഭജൻസിലും കവർച്ചയ്ക്കു ശ്രമിച്ചിട്ടുണ്ട്.

കൊച്ചി ദിവാൻസ് റോഡിലെ ഡെന്റൽ ക്ലിനിക്കിൽ കയറിയ മുത്തുസെൽവന്റെ  സിസിടിവി ദൃശ്യങ്ങൾ.
കൊച്ചി ദിവാൻസ് റോഡിലെ ഡെന്റൽ ക്ലിനിക്കിൽ കയറിയ മുത്തുസെൽവന്റെ സിസിടിവി ദൃശ്യങ്ങൾ.

40 വയസ്സു പ്രായം തോന്നിക്കുന്ന, ചെറു താടിയുമുള്ള, മുണ്ടും ഷർട്ടും ധരിച്ച മുത്തുസെൽവം മുഖം മറയ്ക്കാതെയാണു വാതിലുകളും ജനലുകളും തകർത്ത് ഉള്ളിൽ കടന്നത്. സമീപത്തെ ഹോട്ടലിന്റെ സമീപത്തുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ചാണു ഡെന്റൽ ക്ലിനിക്കിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചത്. അതിനു കഴിയാതെ വന്നതോടെ സമീപത്തു കിടന്നിരുന്ന കല്ല് ഉപയോഗിച്ചു വാതിലിന്റെ പൂട്ടും കണ്ണാടിച്ചില്ലും തകർത്ത് അകത്തു കയറുകയായിരുന്നു. ക്ലിനിക്കിനുള്ളിൽ മേശവലിപ്പുകളിലുൾപ്പടെ വിശദമായ പരിശോധന നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

കൊച്ചി ദിവാൻസ് റോഡിലെ ഡെന്റൽ ക്ലിനിക്കിൽ കയറിയ മുത്തുസെൽവന്റെ  സിസിടിവി ദൃശ്യങ്ങൾ.
കൊച്ചി ദിവാൻസ് റോഡിലെ ഡെന്റൽ ക്ലിനിക്കിൽ കയറിയ മുത്തുസെൽവന്റെ സിസിടിവി ദൃശ്യങ്ങൾ.

ഇവിടെ നിന്നു കുടുക്കയിലെ നോട്ടുകൾക്കൊപ്പം ഒരു സ്ക്രൂ ഡ്രൈവറും കൈക്കലാക്കി. ബയന്റിങ് ഷോപ്പ്, ഇൻഷുറൻസ് ഓഫിസ് എന്നിവിടങ്ങളിലും സമാന രീതിയിൽ കല്ല് ഉപയോഗിച്ചു പൂട്ട് ഇടിച്ചു തകർത്താണ് അകത്തു കടന്നത്. വീട്ടിലെ ജനൽ കമ്പികൾ ഇളക്കി മാറ്റി അകത്തു കടന്ന കള്ളൻ മുന്നിലെ വാതിൽ തുറന്നാണു പുറത്തേക്കിറങ്ങിയത്.

ദിവാൻസ് റോഡിലെ ബുക്ക് ബൈൻഡിങ് കടയുടെ താഴ് തകർത്തനിലയിൽ.
ദിവാൻസ് റോഡിലെ ബുക്ക് ബൈൻഡിങ് കടയുടെ താഴ് തകർത്തനിലയിൽ.

ഇന്നലെ പുലർച്ചെ 5നു സമീപത്തെ ഹോട്ടൽ തൊഴിലാളികളാണു ഡെന്റൽ ക്ലിനിക്കിന്റെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടത്. തുടർന്നു ക്ലിനിക്ക് ഉടമയായ ഡോ.സിബു ബാലകൃഷ്ണനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ കമ്പിപ്പാരയും സ്ക്രൂ ഡ്രൈവറും സമീപത്തെ പറമ്പിൽ നിന്നു കണ്ടെത്തി. ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നാലിടത്തും ഒരാൾ തന്നെയാണു കവർച്ച നടത്തിയതെന്നു വ്യക്തമായി. വിരല‍ടയാള വിദഗ്ധരും പരിശോധന നടത്തി.

കള്ളൻ താഴ് തകർക്കാൻ ഉപയോഗിച്ച കല്ല്.
കള്ളൻ താഴ് തകർക്കാൻ ഉപയോഗിച്ച കല്ല്.

അപകടകാരി; ജാഗ്രത വേണം

കെ.ആർ. കുറുപ്പിന്റെ വീടിന്റെ ജനൽക്കമ്പികൾ പിഴുതു മാറ്റിയ നിലയിൽ.
കെ.ആർ. കുറുപ്പിന്റെ വീടിന്റെ ജനൽക്കമ്പികൾ പിഴുതു മാറ്റിയ നിലയിൽ.

കൊച്ചി∙ പൊലീസ് നൽകുന്ന വിവരമനുസരിച്ചു ഭയക്കേണ്ട കള്ളനാണ് ഇന്നലെ കൊച്ചിയിൽ മോഷണ പരമ്പര നടത്തിയ മുത്തു സെൽവം. പണവും സ്വർണവും മാത്രമേ എടുക്കാറുള്ളൂ. പ്രതിബന്ധമായി പൊലീസ് ഉൾപ്പടെ ആരുവന്നാലും ക്രൂരമായി അക്രമിക്കും. സ്ഥിരം മദ്യപൻ. മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. പെട്ടെന്നു പിടികൂടാൻ കഴിയാത്ത വിധം കരുത്തനാണ്.

മുത്തുസെൽവം മുൻപ് പൊലീസിന്റെ പിടിയിലായപ്പോൾ.( ഫയൽചിത്രം)
മുത്തുസെൽവം മുൻപ് പൊലീസിന്റെ പിടിയിലായപ്പോൾ.( ഫയൽചിത്രം)

കഴിഞ്ഞ മാസം അഭിഭാഷക ഓഫിസിൽ നടന്ന കവർച്ച അടക്കം പല മോഷണ കേസുകളിലും ഇയാളാണു പ്രതിയെന്നു വ്യക്തമായെങ്കിലും പൊലീസിനു പിടിക്കാനായിരുന്നില്ല. മോഷണക്കേസിൽ പ്രതിയായി തമിഴ്നാട്ടിൽ ജയിലിലായിരുന്നെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ ജയിലിൽ നിന്നിറങ്ങി കൊച്ചി ഉൾപ്പടെയുള്ള നഗരങ്ങൾ കേന്ദ്രമാക്കി മോഷണം ആരംഭിച്ചുവെന്നാണു നിഗമനം. ആളൊഴിഞ്ഞു കിടക്കുന്ന വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണു മോഷണം. ഒരിടത്തും സ്ഥിരമായി തങ്ങുന്ന സ്വഭാവമില്ല. ഇയാളുടെ വിരലടയാളം പൊലീസിന്റെ കൈവശമുണ്ട്. ഏതാനും വർഷം മുൻപ് എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിൽ ഒരു ആയുർവേദ സ്ഥാപനത്തിൽ നിന്ന് 5 ലക്ഷം രൂപ കവർച്ച നടത്തിയതും ഇയാളാണെണെന്നാണു പൊലീസ് പറയുന്നു.

ഡെന്റൽ ക്ലിനിക്കിന്റെ വാതിൽ തകർത്ത നിലയിൽ.
ഡെന്റൽ ക്ലിനിക്കിന്റെ വാതിൽ തകർത്ത നിലയിൽ.

‘സ്വയംപാര’ ഉണ്ടാക്കരുത്

ദിവാൻസ് റോഡിൽ ശ്രീറാം ഫോർച്യൂൺസിന്റെ വാതിലിന്റെ കൊളുത്തു തകർത്ത നിലയിൽ.
ദിവാൻസ് റോഡിൽ ശ്രീറാം ഫോർച്യൂൺസിന്റെ വാതിലിന്റെ കൊളുത്തു തകർത്ത നിലയിൽ.

കൊച്ചി∙ ദിവാൻസ് റോഡിൽ മോഷണ പരമ്പര നടത്തിയ കള്ളനു വാതിൽ പൊളിക്കാനുള്ള കമ്പിപ്പാര ലഭിച്ചതു ഡെന്റൽ ക്ലിനിക്കിനു സമീപത്തു നിന്ന്. സമീപത്തെ ഹോട്ടലിനോടു ചേർന്നുള്ള കാനയിലെ സ്ലാബ് ഉയർത്താൻ ഉപയോഗിച്ച കമ്പിപ്പാര പുറത്തു വച്ചിരുന്നു. ഈ കമ്പിപ്പാരയുമായി കള്ളൻ ഉള്ളിൽ കടക്കുന്നതു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അടുത്തുള്ള ബയന്റിങ് സ്ഥാപത്തിന്റെ താഴ് തകർത്തതും ഈ കമ്പിപ്പാര ഉപയോഗിച്ചാണ്.

ernakulam-theft-9

കള്ളൻമാർക്കു ആയുധമാവുന്ന ഇത്തരം വീട്ടുപകരണങ്ങൾ അലക്ഷ്യമായി പുറത്തു സൂക്ഷിക്കരുതെന്നു പൊലീസ് മുന്നറിയിപ്പ് നൽകുന്നു. വാതിൽ പൊളിക്കാൻ മാത്രമല്ല, മുത്തുസെൽവത്തെപ്പോലെ അപകടകാരികൾ മോഷണം തടയാൻ ശ്രമിക്കുന്നവരെ ആക്രമിക്കാനും ഇത്തരം ആയുധങ്ങൾ ഉപയോഗിക്കും.

വാതിലിനോടു ചേർന്നു ജനാല പണിയുന്നതും കള്ളൻമാർക്ക് സൗകര്യമാണ്. പലപ്പോഴും അലക്ഷ്യമായി തുറന്നിടുന്ന ജനാലയിലൂടെ അടുത്തുള്ള വാതിലിന്റെ കൊളുത്തു ബുദ്ധിമുട്ടില്ലാതെ മാറ്റി ഉള്ളിൽ കടക്കാനാകും. രാത്രി ജനൽപാളികൾ തുറന്നിടാതിരിക്കുന്നതാണ് നല്ലെതെന്നു പൊലീസ് പറയുന്നു.

കെ.ആർ. കുറുപ്പിന്റെ വീട്ടുമുറ്റത്തു മോഷ്ടാവ് ഉപേക്ഷിച്ചുപോയ കമ്പിപ്പാരയും സ്ക്രൂഡ്രൈവറും.
കെ.ആർ. കുറുപ്പിന്റെ വീട്ടുമുറ്റത്തു മോഷ്ടാവ് ഉപേക്ഷിച്ചുപോയ കമ്പിപ്പാരയും സ്ക്രൂഡ്രൈവറും.

ഇന്നലെ കവർച്ച നടന്ന വീട്ടിൽ തുറന്നു കിടന്ന ജനാലയുടെ കമ്പി ഉളക്കി മാറ്റിയാണു കള്ളൻ അകത്തു കടന്നത്. മോഷണം നടക്കുമ്പോൾ കെ.ആർ.കുറുപ്പിന്റെ ഭാര്യയും വേലക്കാരിയും മാത്രമാണ് ഉണ്ടായിരുന്നത്. പുറത്തു ശബ്ദം കേട്ടെങ്കിലും ശ്രദ്ധിച്ചില്ല. കള്ളൻ ഉള്ളിൽ കടന്നെന്നു ബോധ്യപ്പെട്ടാലും പ്രതിരോധിക്കാൻ ശ്രമിച്ചാൽ അപകടകാരികളായ കള്ളൻമാർ ആക്രമിക്കുമെന്നു പൊലീസ് പറയുന്നു. പുറത്ത് അസാധാരണ ശബ്ദം കേൾക്കുന്നതുൾപ്പടെ സംശയമുണ്ടെങ്കിൽ ഫോൺ വിളിച്ചു സമീപത്തുള്ളവരുടെയോ പൊലീസിന്റെയോ സഹായം തേടുന്നതാകും ഉത്തമം.

ശ്രീറാം ഫോർച്യൂൺസിന്റെ വാതിൽ സിമന്റ് കട്ട ഉപയോഗിച്ചു തകർത്തപ്പോൾ.
ശ്രീറാം ഫോർച്യൂൺസിന്റെ വാതിൽ സിമന്റ് കട്ട ഉപയോഗിച്ചു തകർത്തപ്പോൾ.
MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama