go

ദ്രോഹം പലതരം; സൂപ്പർമാർക്കറ്റിലേക്കെന്ന പേരിൽ ഭൂലോക ഉഡായിപ്പ്

Cochin News
SHARE

കൊച്ചി∙ യുഎഇയിൽ സൂപ്പർമാർക്കറ്റിലേക്കെന്ന പേരിൽ വൻ തോതിൽ വീസ തട്ടിപ്പ്. വീസ സംബന്ധിച്ച യുഎഇ സർക്കാരിന്റെ മാതൃകയിൽ സൈറ്റുണ്ടാക്കിയാണു തട്ടിപ്പ്.

തമിഴ്നാട് പുതുക്കോട്ട സ്വദേശിയുടെ പേരിലുള്ള സൈറ്റ് റജിസ്റ്റർ ചെയ്തതു ചെന്നൈയിലാണ്. കേരളത്തിലും യുഎഇയിലുമുള്ള മലയാളികളും തട്ടിപ്പു സംഘത്തിലുണ്ട്. യുഎയിലുള്ളതു മെഹബൂബ്, മുഹമ്മദ് എന്നിവരാണ്. ഇവ യഥാർഥ പേരുകളാണോയെന്നു വ്യക്തമല്ല.

 വ്യാജ വീസയ്ക്കായി സൃഷ്ടിച്ച സൈറ്റ്.
വ്യാജ വീസയ്ക്കായി സൃഷ്ടിച്ച സൈറ്റ്.

സേഫ്റ്റി ഓഫിസർ, സ്റ്റോർ കീപ്പർ, സൂപ്പർവൈസർ, ഇലക്ട്രീഷ്യൻ, ബില്ലിങ് സ്റ്റാഫ് തുടങ്ങിയ ജോലികളിലായി ഇരുന്നൂറോളം ഒഴിവുകളുണ്ടെന്നാണ് അറിയിപ്പ്. സമൂഹമാധ്യമങ്ങളിലടക്കം പരസ്യം നൽകിയാണ് ഇരകളെ വലയിലാക്കുന്നത്.

അബുദാബിയിലെ ഉൾനാടൻ പ്രദേശത്തെ സൂപ്പർമാർക്കറ്റിലേക്കെന്ന പേരിലാണു പരസ്യം നൽകുന്നത്. 25,000 രൂപ മുതൽ 33,000 രൂപ വരെ മാസ ശമ്പളം, താമസ സൗകര്യം എന്നിവയാണു വാഗ്ദാനം. വീസയ്ക്ക് ഒരു ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.

ഇന്റർവ്യൂവിനു ശേഷം അപേക്ഷകർക്കു വീസ നൽകും. യഥാർഥ വീസയോടു സാമ്യമുള്ളതാണു വ്യാജ വീസ. ഇതു യഥാർഥമാണോയെന്നു പരിശോധിക്കാൻ തട്ടിപ്പുകാരുടെ വെബ് സൈറ്റിന്റെ വിലാസമാണു നൽകുക. ഇതു യുഎഇ സർക്കാരിന്റെ യഥാർഥ സൈറ്റാണെന്നു തെറ്റിദ്ധരിച്ച് അപേക്ഷകർ വീസ നമ്പർ പരിശോധിക്കും. അപേക്ഷകന്റെ പേരിലുള്ള അതേ വീസ സൈറ്റിൽ ലഭിക്കും. ഇതോടെ, വീസ യഥാർഥമാണെന്ന് അപേക്ഷകൻ വിശ്വസിക്കുകയും മുഴുവൻ പണവും തട്ടിപ്പുകാർക്കു നൽകുകയും ചെയ്യും.

  യുഎഇ സർക്കാരിന്റെ ഔദ്യോഗിക സൈറ്റ്.
യുഎഇ സർക്കാരിന്റെ ഔദ്യോഗിക സൈറ്റ്.

റിക്രൂട്മെന്റിനു കൊച്ചിയിലെ ചില അംഗീകൃത ഏജൻസികളെ തട്ടിപ്പുകാർ സമീപിച്ചിരുന്നു. സംശയം തോന്നിയ ഏജൻസികൾ, അബുദാബിയിൽ നടത്തിയ അന്വേഷണത്തിൽ ഈ സൂപ്പർമാർക്കറ്റ് ഇല്ലെന്നു വ്യക്തമായി. വെബ്സൈറ്റും വ്യാജമാണെന്നു കണ്ടെത്തി. അംഗീകാരമില്ലാത്ത ഏജൻസികൾ വഴി തട്ടിപ്പു തുടരുന്നതായാണു വിവരം.

യഥാർഥ വീസ തിരിച്ചറിയാൻ

 വിദേശികളുടെ വീസ സംബന്ധിച്ച് യുഎഇ സർക്കാരിന്റെ ഔദ്യോഗിക സൈറ്റ് http://www.gdrfa.ae ആണ്. വീസ പരിശോധിക്കേണ്ടത് ഈ സൈറ്റിലാണ്. യഥാർഥ യുഎഇ വീസയിൽ എൻട്രി െപർമിറ്റ് നമ്പർ ഉണ്ടാകും. വ്യാജ വീസയിൽ അതുണ്ടാകില്ല. റിക്രൂട്ടിങ് ഏജൻസിയെപ്പറ്റി കൊച്ചി പനമ്പിള്ളി നഗറിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫിസിൽ അന്വേഷിക്കാം.

 പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിന്റെ വെബ്സൈറ്റിലും റിക്രൂട്ടിങ് ഏജൻസി അംഗീകാരമുള്ളതാണോ, ഇപ്പോഴും പ്രവർത്തിക്കുന്നതാണോയെന്നു പരിശോധിക്കാം.

  വ്യാജ വീസ.
വ്യാജ വീസ.

മിണ്ടരുത് പോളണ്ടിനെക്കുറിച്ച്

പോളണ്ടിലേക്കു മനുഷ്യക്കടത്ത് തുടരുന്നു

പോളണ്ടിലേക്കു വൻ തോതിൽ മനുഷ്യക്കടത്ത് തുടരുന്നു. 4 ലക്ഷം രൂപ വരെ നൽകി വീസ സംഘടിപ്പിച്ചവരിൽ പലരും ദുരിതത്തിലാണ്. പോളണ്ടിൽ എത്തിയവർ ഫോണിൽ ‘മനോരമ’യോടു പങ്കുവച്ചതു വഞ്ചനയുടെ കഥകൾ. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ മുപ്പതിലധികം മലയാളികളടക്കം 60 ഇന്ത്യക്കാരാണു പോളണ്ട് ബിദ്ഗോഷിൽ ദുരിതമനുഭവിക്കുന്നത്. സുരക്ഷയെ കരുതി, പേരു വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെ അവർ ദുരിതം വിവരിച്ചതിങ്ങനെ:

‘രണ്ടര മാസം മുൻപ്, ഓപറേറ്റർ വീസയിലാണ് ഇവിടെയെത്തിയത്.2.5 ലക്ഷം രൂപയാണു വീസയ്ക്കു നൽകിയത്. യാത്രാ ചെലവുകൾ വേറെ. 10 – 15 കിലോഗ്രാം വരുന്ന 80 വീലുകൾ ഒരു മണിക്കൂറിൽ ചുമന്നു മാറ്റിവയ്ക്കുന്ന ജോലിയെന്നാണു റിക്രൂട്ടിങ് ഏജൻസി പറഞ്ഞിരുന്നത്. എന്നാൽ, ഇവിടെ 30 – 40 കിലോഗ്രാം വരുന്ന 400 വീലുകൾ മാറ്റിവയ്ക്കുന്ന ജോലിയാണ്. പ്രതിഷേധിക്കാൻ കഴിയില്ല.

ഓപറേറ്റർ എന്നാണു വീസയിലെങ്കിലും ചുമട്ടു തൊഴിലാണു ചെയ്യുന്നത്. നാട്ടിൽ കൂലിപ്പണിയെടുത്തു ജീവിച്ചവരാണ്. പണിയെടുക്കാൻ മടിയില്ല. പക്ഷേ, ജോലിക്കനുസരിച്ചു വേതനമില്ല.

മണിക്കൂറിനു 12 സ്ലോട്ടിയാണു കൂലി. (1 സ്ലോട്ടി = ഏകദേശം 19 രൂപ). 14 സ്ലോട്ടിയാണ് ഇവിടത്തെ സർക്കാർ അംഗീകരിച്ച കുറഞ്ഞകൂലി. ഓവർടൈം ചെയ്താലും ഇതേ നിരക്കിലാണു കൂലി.’

ദ്രോഹം പലതരം

‘കമ്പനിയിലേക്കു തൊഴിലാളികളെ നൽകുന്ന, പോളണ്ടിലെ ഏജൻസിയാണു ഞങ്ങളെ പിഴിയുന്നത്. ജോലിക്കുള്ള മാന്യമായ ശമ്പളം ഈ ഏജൻസിയെ ഏൽപിക്കുന്നുണ്ടെങ്കിലും അതു ഞങ്ങൾക്കു ലഭിക്കുന്നില്ല. ഞങ്ങളുടെ ശമ്പളം പല സ്ഥലത്തും പല രീതിയിലാണ് ഏജൻസി കാണിക്കുന്നത്. വർക്ക് പെർമിറ്റിലും നികുതി സംബന്ധിച്ച രേഖകളിലും ഉയർന്ന നിരക്കായിരിക്കും. 

ലഭിക്കുന്നതോ, കുറഞ്ഞ ശമ്പളവും. അതു തന്നെ കൃത്യസമയത്തു ലഭിക്കില്ല. നികുതിയും ഇൻഷുറൻസുമടക്കമുള്ള ചെലവെല്ലാം ഇതിൽ നിന്നു കണ്ടെത്തണം.

താൽക്കാലിക താമസ പെർമിറ്റിനു 400 സ്ലോട്ടിയാണു യഥാർഥത്തിൽ വേണ്ടത്. എന്നാൽ, ഞങ്ങളിൽ നിന്ന് വാങ്ങിയത് 1020 സ്ലോട്ടിയാണ്.

പല വകുപ്പുകളിലും ചെലവു കാണിച്ച്്, ഒരാളുടെ പകുതിയോളം ശമ്പളം ഏജൻസി പിഴിഞ്ഞെടുക്കുന്നു. പരാതി പറഞ്ഞാൽ, ഏജൻസിയിലെ ഉദ്യോഗസ്ഥന്റെ അസഭ്യവർഷമാണ്. ഇന്ത്യക്കാരെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള അസഭ്യമാണു വിളിക്കുക.’

താമസ സൗകര്യം, വാഹനം, സ്ഥിരതാമസ വീസ: വാഗ്ദാനങ്ങൾ പലത്

‘താമസ സൗകര്യമടക്കമായിരുന്നു ഡിസൂസയുടെ വാഗ്ദാനം. ലഭിച്ചതോ, വൃത്തിയില്ലാത്ത കുടുസുമുറിയും. ഒരു മുറിയിൽ 10–12 പേർ കഴിയണം. 3 കി.മീ മാറിയാണു ജോലിസ്ഥലം. ഇവിടേക്കു വാഹനം ഉണ്ടാകുമെന്നായിരുന്നു വാഗ്ദാനം.പക്ഷേ, മഞ്ഞിലും മഴയിലും നടക്കേണ്ട അവസ്ഥയാണ്.’

തട്ടിപ്പിനു പിറകിലാര്?

‘ദുബായിലെ ഡിസൂസയുടെ നേതൃത്വത്തിലാണു മനുഷ്യക്കടത്ത്. അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾ വഴിയാണു ഡിസൂസ ആളുകളെയെടുക്കുക.സമൂഹമാധ്യമങ്ങളിലടക്കം പരസ്യങ്ങൾ കണ്ടാണു ഞങ്ങൾ ബന്ധപ്പെട്ടത്. സ്ഥിരതാമസ പെർമിറ്റ് അടക്കമുള്ള വാഗ്ദാനങ്ങളിൽ വീണ്, 4 ലക്ഷം രൂപ വരെ നൽകിയവരുമുണ്ട്. വീസയ്ക്കും മറ്റുമായി ഏജൻസികൾക്ക് ആകെ ചെലവ് 1.25 ലക്ഷം രൂപ മാത്രമാണ്. ’

തുടരുന്ന തട്ടിപ്പ്

‘ഡിസൂസയുടെ നേതൃത്വത്തിൽ റിക്രൂട്മെന്റ് തട്ടിപ്പ് ഇപ്പോഴും തുടരുന്നതായാണു വിവരം. മലയാളികളടക്കം കുറച്ചു പേർ കഴിഞ്ഞദിവസം ഇവിടെയെത്തിയിട്ടുണ്ട്. തട്ടിപ്പിന്റെ വിഹിതം, പോളണ്ടിലെ ഏജൻസിയിലെ ഉദ്യോഗസ്ഥനും ലഭിക്കുന്നുണ്ട്.ഇന്ത്യൻ രൂപ സ്ലോട്ടിയിലേക്കു മാറ്റി, ഇവിടേക്കു വരുന്നവരുടെ കൈയിൽ കൊടുത്തുവിടുകയാണ്. പോളണ്ടിലേക്കുള്ള വീസ തട്ടിപ്പ് വാർത്തകളെത്തുടർന്ന്, വീസയുടെ നിരക്ക് 1.6 ലക്ഷം രൂപ വരെ കുറഞ്ഞിട്ടുണ്ട്.’

‘കടം വാങ്ങിയും ആഭരണവും വീടുമൊക്ക പണയം വച്ചുമാണു ഞങ്ങൾ ഇവിടെയെത്തിയത്. കഷ്ടപ്പാട് സഹിച്ചിട്ടായാലും ഇവിടെത്തന്നെ തുടരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

പോളണ്ടല്ലേ, യൂറോപ്പല്ലേ എന്ന ചിന്തയിൽ മികച്ച ശമ്പളവും തൊഴിൽ സാഹചര്യവുമൊക്കെ പ്രതീക്ഷിച്ചാണ് ഇവിടേക്കു വന്നത്. ഇനിയെങ്കിലും ആരും തട്ടിപ്പിൽ പെടാതിരിക്കാനാണ് ഇത്രയും തുറന്നുപറയുന്നത്.’

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama