go

നഗരസഭയിൽ മൂർഖന്റെ പോക്കുവരവ്, സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയയാൾ കുപ്പിയിലാക്കി

മൂർഖൻ പാമ്പിനെ കുപ്പിയിലാക്കിയപ്പോൾ.
മൂർഖൻ പാമ്പിനെ കുപ്പിയിലാക്കിയപ്പോൾ.
SHARE

ആലുവ∙ ‘പാമ്പ്, പാമ്പ്’ എന്നു ജീവനക്കാരിലൊരാൾ വിളിച്ചുപറഞ്ഞപ്പോൾ നഗരസഭാ ഓഫിസിലെ സഹപ്രവർത്തകർ അതത്ര കാര്യമാക്കിയില്ല.  ‘ഒറിജിനൽ മൂർഖൻ’ എന്നു ജീവനക്കാരൻ ആവർത്തിച്ചതോടെ എല്ലാവരും ഇരിപ്പിടം വിട്ട് ആകാംക്ഷാപൂർവം താഴേക്കോടി. അപ്പോഴേയ്ക്കും ഒന്നരയടി നീളമുള്ള മൂർഖൻ പത്തിയൊതുക്കി ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയുടെ അകത്തേക്കു കയറിയിരുന്നു. നഗരസഭ ഓഫിസിൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവാവാണു പാമ്പിനെ കുപ്പിയിലാക്കിയത്.

ഉച്ചയ്ക്കു രണ്ടോടെ നഗരസഭാ ഓഫിസിന്റെ പ്രവേശന കവാടത്തിൽ കാർ പോർച്ചിലാണ് ചെറിയ മൂർഖൻ പ്രത്യക്ഷപ്പെട്ടത്. ആളുകൾ നോക്കിനിൽക്കേ നഗരസഭാധ്യക്ഷയുടെ ഔദ്യോഗിക കാറിന്റെ അടിയിലൂടെ അതു സാവധാനം തെക്കോട്ട് ഇഴഞ്ഞുനീങ്ങി. ഈ സമയത്താണു യുവാവിന്റെ വരവ്. അടുത്തു കിടന്ന പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പൂരി അയാൾ പാമ്പിനെ അനായാസം അതിനുള്ളിലേക്കു കയറ്റി.

പിന്നീടു കുപ്പി അടച്ചു പോർച്ചിനു സമീപം വച്ചു സ്ഥലംവിട്ടു. നഗരസഭാ ഓഫിസിൽ നിന്ന് അറിയിച്ചതനുസരിച്ചു കോടനാടു നിന്നു വനംവകുപ്പ് ജീവനക്കാരെത്തി പാമ്പിനെ കൊണ്ടുപോയി. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ രണ്ടിൽ പെട്ടതാണു മൂർഖൻ പാമ്പ്. കൊന്നാൽ ജാമ്യം കിട്ടാത്ത കുറ്റം. പിടികൂടുന്ന പാമ്പുകളെ പിന്നീടു ജനവാസമില്ലാത്ത വനമേഖലയിൽ തുറന്നുവിടുകയാണു ചെയ്യുക. നഗരസഭാ ഓഫിസ് അങ്കണത്തിലെ കാടുകയറിയ പൂന്തോട്ടത്തിൽ നിന്നാകാം പാമ്പു വന്നതെന്നു കരുതുന്നു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama