go

പുതപ്പിൽ പൊതിഞ്ഞ്, കയർ ചുറ്റി, കല്ലു കെട്ടിയ നിലയിൽ മൃതദേഹം; എങ്ങുമെത്താതെ അന്വേഷണം

trivandrum-death-body
SHARE

ആലുവ∙ യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി പെരിയാറിൽ താഴ്ത്തിയ സംഭവം നടന്നു 4 മാസം പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസ്. കേസ് അന്വേഷിച്ച എസ്ഐ മുതൽ എസ്പി വരെയുള്ള പ്രധാന ഉദ്യോഗസ്ഥരെല്ലാം ഇതിനിടെ സ്ഥലംമാറി. അന്വേഷണം ഊർജിതമാക്കാൻ രൂപീകരിച്ച 20 അംഗ സ്പെഷൽ സ്ക്വാഡിനും തുമ്പുണ്ടാക്കാൻ കഴിഞ്ഞില്ല. 

യുസി കോളജിനു സമീപം കടൂപ്പാടം വിൻസൻഷ്യൻ വിദ്യാഭവൻ കടവിൽ ഫെബ്രുവരി 11നു വൈകിട്ടാണ് പുതപ്പിൽ പൊതിഞ്ഞ്, പ്ലാസ്റ്റിക് കയർ ചുറ്റി, കല്ലു കെട്ടിയ നിലയിൽ മൃതദേഹം കണ്ടത്. 40 കിലോഗ്രാം ഭാരമുള്ള കരിങ്കല്ലാണ് കെട്ടിത്തൂക്കിയതെങ്കിലും ഉള്ളിൽ വായു രൂപപ്പെട്ടതാണ് മൃതദേഹം താഴ്ന്നു പോകാതെ പൊങ്ങിക്കിടക്കാൻ കാരണം. ഒരു സ്ത്രീയും പുരുഷനും ചേർന്നു കാറിലാണ് ജഡം പുഴയിൽ താഴ്ത്താൻ കൊണ്ടുപോയതെന്ന വിവരം 2 ദിവസത്തിനുള്ളിൽ പൊലീസിനു ലഭിച്ചു.

പുതപ്പും പ്ലാസ്റ്റിക് കയറും കളമശേരിയിലെ 2 കടകളിൽ നിന്നു വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു.  സിസിടിവി ദൃശ്യങ്ങളും കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാരി നൽകിയ വിവരങ്ങളുമാണ് അന്വേഷണ പുരോഗതിക്കു സഹായകമായത്. എന്നിട്ടും പ്രതികളിലേക്ക് എത്തുന്ന സൂചനകളൊന്നും ലഭിച്ചില്ല. കൊല്ലപ്പെട്ട യുവതി ഏതു സംസ്ഥാനക്കാരിയാണെന്നും തിരിച്ചറിയാനായില്ല. കാണാതായ യുവതികളെ കുറിച്ചുള്ള വിവരങ്ങൾ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും ശേഖരിച്ചു പരിശോധിച്ചിരുന്നു.

പോസ്റ്റ്മോർട്ടം ചിത്രങ്ങളെ അടിസ്ഥാനമാക്കി യുവതിയുടെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഒടുവിൽ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങൾ പൊലീസ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. അതുകണ്ട് ആരെങ്കിലും വിളിച്ചേക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായതോടെ അന്വേഷണം ഏറെക്കുറെ നിലച്ച മട്ടാണ്. എന്നാൽ ഇപ്പോഴും പലരെയും ചോദ്യം ചെയ്യുന്നുണ്ടെന്നും അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama