go

ദുരിതക്കടൽ; ചെല്ലാനത്തെ വിഴുങ്ങി കടൽ

Ernakulam News
കടലൊഴുകും വഴി: കൊച്ചി ചെല്ലാനം മറുവക്കാട് റോഡിൽ വെള്ളം കയറിയപ്പോൾ ഒഴുകിയെത്തുന്ന തെങ്ങിൻതടി കണ്ട് നിൽക്കുന്ന സ്കൂട്ടർ യാത്രികർ. ചിത്രം: മനോരമ
SHARE

ചെല്ലാനം∙ ചെല്ലാനം തീരദേശമേഖലയെ കടൽ വിഴുങ്ങുന്നു. ഒരാഴ്ചയായി ശക്തമായ കടൽകയറ്റത്തിൽ ജനം ദുരിതത്തിലാണ്. കടൽകയറ്റം ഒഴിവാക്കാൻ നിർമിച്ച മണൽവാടകളും ജിയോ ബാഗുകളും ഒലിച്ചുപോയി. കടൽഭിത്തി തകർന്നുകിടക്കുന്നതും പ്രശ്നം രൂക്ഷമാക്കി. ഓരോ ദിവസവും വേലിയേറ്റത്തിന്റെ ശക്തി കൂടുകയാണ്. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ വേലിയേറ്റത്തിൽ നാന്നൂറിലേറെ വീടുകളിൽ വെള്ളംകയറി. കമ്പനിപ്പടി, ബസാർ, മറുവക്കാട് മേഖല വെള്ളത്തിനടിയിലാണ്. വീടുകളിൽ മണ്ണും ചെളിയും നിറഞ്ഞ സ്ഥിതിയാണ്.

Ernakulam News
ചെല്ലാനം മറുവക്കാട് കടൽഭിത്തിയില്ലാത്ത സ്ഥലത്തുനിന്നു ചെറു കനാലിലൂടെ ശക്തിയിൽ ഒഴുകിയെത്തുന്ന വെള്ളം വീട്ടിലേക്കു കയറാതെ തടയിടുന്നവർ.

ചെല്ലാനം ബസാർ, ഉപ്പതക്കാട് തോടുകളിൽ മണ്ണുനിറഞ്ഞതോടെ കടൽവെള്ളം കെട്ടിക്കിടക്കുകയാണ്.തോടുകളിലെ മാലിന്യം ഒഴുകി വീട്ടുവളപ്പുകളിലെത്തി. ഇതോടെ പകർച്ചവ്യാധി ഭീഷണിയുമുണ്ട്. മറുവക്കാട് ബസാറും കമ്പനിപ്പടിയിലെ പ്രധാന റോഡുകളും രണ്ടു ദിവസമായി വെള്ളത്തിനടിയിലാണ്. പഞ്ചായത്ത് ആരംഭിച്ച ക്യാംപുകളിലേക്കു പോവാൻ നാട്ടുകാരിൽ പലരും കൂട്ടാക്കിയിട്ടില്ല. കഴിഞ്ഞ വർഷത്തെ ക്യാംപുകളുടെ ശോചനീയാവസ്ഥയാണു കാരണം.

Ernakulam News
വെളിയത്താംപറമ്പിൽ ബീച്ച്റോഡ് വെള്ളത്തിൽ മുങ്ങിയപ്പോൾ.

വൈപ്പിനിൽ കടലിളക്കം

വൈപ്പിൻ∙  വൈപ്പിനിലെ  തീരപ്രദേശങ്ങളിൽ കടലിളക്കം തുടരുന്നു. ‌വേലിയേറ്റസമയത്തു മണിക്കൂറുകളോളം ആഞ്ഞടിച്ച  തിരമാലകൾ മൂലം രണ്ടാംദിവസവും തീരദേശ റോഡും വീടുകളും വെള്ളത്തിലായി. വെളിയത്താംപറമ്പ് ,നായരമ്പലം, എടവനക്കാട് പ്രദേശങ്ങളിലാണു തിരമാലകൾ  കൂടുതൽ ശക്തം. ചാത്തങ്ങാട് ബീച്ചിലും കടൽകയറ്റമുണ്ടായി. വൈകിട്ട് വേലിയേറ്റമായതോടെ ആഞ്ഞടിച്ച തിരകൾ കടൽഭിത്തിയിലെ കല്ലുകളുടെ വിടവിലൂടെ കരയിലേക്കെത്തി. റോഡ് നിറഞ്ഞൊഴുകിയ വെള്ളം  പറമ്പുകളിലേക്കും വീടുകളിലേക്കും എത്തി .പലരും താൽക്കാലികമായി  താമസം മാറ്റി. വീടുകളുടെ പരിസരത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം ഒഴുകിപ്പോയി.

എടവനക്കാട് അണിയിൽ, ചാത്തങ്ങാട്  ഭാഗത്തും കടൽ ക്ഷോഭം രൂക്ഷമായിരുന്നു. റവന്യു –വില്ലേജ് അധികൃതർ  സ്ഥലത്തെത്തി. നിയുക്ത എംപി ഹൈബി ഈഡൻ സന്ദർശിച്ചു. വൈപ്പിനിലെ കടൽഭിത്തിയുടെ അപര്യാപ്തതകൾ വെളിപ്പെടുത്തുന്നതായിരുന്നു  കടൽക്ഷോഭം. നിർമാണത്തിലെ അപാകതയാണു  ഭിത്തിക്കടിയിൽക്കൂടി വെള്ളമെത്താനുള്ള കാരണം.  പലയിടത്തും ഭിത്തിയുടെ  അടിഭാഗത്തെ കല്ലുകൾ  അടർന്നുപോയ അവസ്ഥയിലാണ്  .വെളിയത്താംപറമ്പിലും  അണിയിലിലും ഭിത്തിക്കു വേണ്ടത്ര ഉയരമില്ല.  പ്രളയകാലത്തു വെള്ളം ഒഴുക്കിവിടാൻ തിരത്തുണ്ടാക്കിയ വിടവുകൾ അടയ്ക്കാതിരുന്നതും സ്ഥിതിഗതി രൂക്ഷമാക്കിയതായി  ചൂണ്ടിക്കാണിക്കപ്പെടുന്നു. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama