go

90 താൽക്കാലിക പെയിന്റർമാരെ കെഎസ്ആർടിസി ഈ മാസംതന്നെ പിരിച്ചുവിടണം: ഹൈക്കോടതി

Ernakulam News
SHARE

കൊച്ചി∙ കെഎസ്ആർടിസിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തുവന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും പിന്നാലെ 90 പെയിന്റർമാരും പുറത്തേക്ക്. അനുവദിക്കപ്പെട്ട 180 ദിവസം കഴിഞ്ഞും ജോലിയിൽ തുടരുന്ന 90 എംപാനൽ പെയിന്റർമാരെ ജൂൺ 30ന് അകം പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടു. കാലാവധി പൂർത്തിയാക്കി പിരിച്ചുവിടുന്ന താൽക്കാലികക്കാരെ വീണ്ടും നിയമിക്കാൻ മുതിരരുതെന്നും താക്കീത് ചെയ്തു. പെയിന്റർ ഗ്രേഡ് –2 റാങ്ക് ലിസ്റ്റിൽ പെട്ട ഉദ്യോഗാർഥികളാണ് നിയമ പോരാട്ടത്തിനു തുടക്കമിട്ടത്. 2017ലെ സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയത് ഉൾപ്പെടെ അപ്പീലുകൾ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

പിരിച്ചുവിടലിനെ തുടർന്നുണ്ടാകുന്ന ഒഴിവുകളുടെ കാര്യത്തിൽ കെഎസ്ആർടിസിക്ക് ഉചിതമായ നടപടിയാകാമെന്ന് ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് അശോക് മേനോൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ചട്ടം ലംഘിച്ച് 180 ദിവസത്തിനു ശേഷവും എംപാനൽ അടിസ്ഥാനത്തിൽ ഡ്രൈവർമാരും കണ്ടക്ടർമാരും തുടരുന്നതു ശരിയല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഡ്രൈവർമാരുടെ കേസ് പരിഗണിക്കവെ, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ക്രമീകരണങ്ങൾ സാധ്യമാണെങ്കിലും എംപാനലുകാരെ അനിശ്ചിത കാലത്തേക്കു നിലനിർത്താനുള്ള തന്ത്രമായി അതിനെ ഉപയോഗിക്കരുതെന്നും കൂട്ടിച്ചേർത്തു. നിലവിൽ 90 എംപാനൽ പെയിന്റർമാർ കാലാവധി കഴിഞ്ഞും തുടരുന്നുണ്ട്. അവരെ അനിശ്ചിതമായി തുടരാൻ അനുവദിച്ചുകൂടെന്നും കോടതി പറഞ്ഞു.

സ്ഥിര നിയമനം വേണോ?

പെയിന്റർ തസ്തികയിലെ ഒഴിവുകൾ നികത്തണോ എന്നു തീരുമാനിക്കാനുള്ള പൂർണാധികാരം കെഎസ്ആർടിസിക്കാണ്. നിയമനം നടത്തണമെന്ന് ഉത്തരവു നൽകുന്നില്ലെന്നും വ്യക്തമാക്കി. 2017 ഒക്ടോബർ 22നു പിഎസ്‌സി ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകുമ്പോൾ നിലനിന്ന 70 ഒഴിവുകൾ കെഎസ്ആർടിസി റിപ്പോർട്ട് ചെയ്യണ്ടതായിരുന്നുവെന്ന് ഉദ്യോഗാർഥികൾ വാദിച്ചു.  2017 മാർച്ച് 21ന് ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തു. എന്തുകൊണ്ടോ, നിയമനം നടന്നില്ല. കാലഹരണപ്പെട്ട ലിസ്റ്റിൽനിന്നു നിയമനത്തിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നിർദേശിക്കുന്നില്ല. റിപ്പോർട്ട് ചെയ്ത ഒരു ഒഴിവിൽ പോലും നിയമനകാര്യം തീരുമാനിക്കേണ്ടതു കെഎസ്ആർടിസിയാണ്.ന്യായമായ കാരണങ്ങളാൽ ഒഴിവുകൾ നികത്തേണ്ടെന്നു തീരുമാനിക്കാനുള്ള അധികാരം തൊഴിലുടമയ്ക്കുണ്ട്. അതേസമയം, നിയമനം നടത്തുന്നെങ്കിൽ ചട്ടപ്രകാരമാകണം.– കോടതി പറഞ്ഞു.

വളഞ്ഞ വഴി വേണ്ട

അടിയന്തര സാഹചര്യം നേരിടാനുള്ള താൽക്കാലിക നിയമനത്തിനുള്ള സ്വാതന്ത്ര്യം ദുരുപയോഗിച്ച് ചട്ടങ്ങൾ കാറ്റിൽ പറത്തരുതെന്ന് കോടതി . എന്തു കാരണത്താലായാലും താൽക്കാലികക്കാരെ നിലനിർത്തുന്നതു തീർത്തും അപലപനീയമാണ്. വളഞ്ഞ വഴിയിലൂടെ കെഎസ്ആർടിസി അതിനു ശ്രമിക്കരുത്. സുപ്രീംകോടതി പറഞ്ഞതിന്റെ മറവിൽ, അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി താൽക്കാലികക്കാരെ ദിവസ വേതനത്തിൽ നിയോഗിക്കുന്നതു തുടരുമോ എന്നു കക്ഷികൾ ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് ഇതു പറയുന്നതെന്നും കൂട്ടിച്ചേർത്തു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama