go

കടമക്കുടി–വരാപ്പുഴ റോഡ്: പ്രധാന പാലത്തിന്റെ അപ്രോച്ച് റോഡ് വീണ്ടും തകർന്നു

Ernakulam News
കടമക്കുടി–വരാപ്പുഴ റോഡിലെ പ്രധാന പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു പാലവും റോഡും തമ്മിൽ വിള്ളൽ രൂപപ്പെട്ട ഭാഗം പൊതുമരാമത്ത് അധികൃതർ പരിശോധിക്കുന്നു.
SHARE

വരാപ്പുഴ ∙ കടമക്കുടി–വരാപ്പുഴ റോഡിലെ പ്രധാന പാലത്തിന്റെ അപ്രോച്ച് റോഡ് വീണ്ടും തകർന്നു. പൊതുമരാമത്ത് വകുപ്പ് അധികൃതരും പൊലീസും പരിശോധന നടത്തിയതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം രണ്ടു ദിവസത്തേക്കു നിരോധിച്ചു. അപ്രോച്ച് റോഡിൽ തൽക്കാലത്തേക്കു മെറ്റൽ നിറച്ച് ടൈൽ വിരിച്ച് രണ്ടുദിവസത്തിനകം ഗതാഗതത്തിനു തുറന്നു കൊടുക്കും. അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളും ബലപ്പെടുത്തി പുനർനിർമിക്കുന്നതിനുള്ള ജോലികൾക്കായി പൊതുമരാമത്ത് ബ്രിജസ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കുന്നതായി അസിസ്റ്റന്റ് എൻജിനീയർ സൈനുദ്ദീൻ പറഞ്ഞു. മഴ കഴിയുന്നതോടെ ജോലികൾ ആരംഭിക്കും.

വരാപ്പുഴയിൽ നിന്നു രണ്ടര കിലോമീറ്ററോളം ദൂരത്തിലുള്ള കടമക്കുടി റോ‍ഡിൽ പുഴയ്ക്കു കുറുകെ നിർമിച്ചിട്ടുള്ള പുതുശേരി സ്ലൂസ് കം ബ്രിജിന്റെ അപ്രോച്ച് റോഡാണ് അപകടകരമായ തരത്തിൽ താഴ്ന്നു വിള്ളൽ രൂപപ്പെട്ടത്. വരാപ്പുഴ പഞ്ചായത്തിന്റെ അതിർത്തിയിലുള്ള അപ്രോച്ച് റോഡിന്റെ ഭാഗമാണിത്. കഴിഞ്ഞ പ്രളയത്തിനു മുമ്പാണ് ഇവിടെ അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലും വിള്ളൽ കണ്ടുതുടങ്ങിയത്. പ്രളയത്തിലെ കുത്തൊഴുക്കിൽ പാലത്തിന്റെ ഇരുവശങ്ങളിലും അപ്രോച്ച് റോഡിലെ കരിങ്കല്ലും മണ്ണും പൂർണമായും ഒലിച്ചു പോയി.ഇതോടെ അപ്രോച്ച് റോഡ് പൂർണമായും തകർന്നു. തകർന്ന ഭാഗത്ത് വലിയ മെറ്റൽ നിറച്ച് ടൈൽ വിരിച്ചു പ്രശ്നം താൽക്കാലികമായി പരിഹരിക്കുകയായിരുന്നു. എന്നാൽ കുത്തൊഴുക്കുള്ള ഇൗ ഭാഗത്ത് പാലത്തിന്റെ അടിഭാഗത്തെ മണ്ണ് വീണ്ടും ഒലിച്ചു പോയതാണ് തകർച്ചയ്ക്ക് കാരണമായതെന്നു വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.മുഹമ്മദ്,സ്ഥിരംസമതി ചെയർമാൻ പി.ടി.ജെയ്സൺ എന്നിവർ പറഞ്ഞു.

2001–02 സാമ്പത്തിക വർഷത്തിലാണ് വരാപ്പുഴ പഞ്ചായത്തിനെയും കടമക്കുടി ദ്വീപിനെയും ബന്ധിപ്പിച്ചു വാഹനഗതാഗത യോഗ്യമായ സ്ലൂസ് കം ബ്രിജ് നിർമിച്ചത്. മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്ന് അനുവദിച്ച 1.27 കോടി ഉപയോഗിച്ചാണു പാലം നിർമിച്ചത്. വേനലിൽ ഉൾപ്പെടെ ഇവിടെ ശക്തമായ കുത്തൊഴുക്ക് ഉള്ളതിനാലാണു ഇവിടെ സ്ലൂസ് കം ബ്രിജ് നിർമിച്ചത്. എന്നാൽ ഒഴുക്കു തടയുന്ന തരത്തിൽ ഷട്ടർ ഒന്നും സ്ഥാപിക്കാതെയാണു പാലം നിർമാണം പൂർത്തിയാക്കിയത്. നിർമാണം കഴിഞ്ഞു കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പാലവും അപ്രോച്ച് റോഡും തമ്മിൽ ചേരുന്ന ഭാഗത്തു അകൽച്ച വന്നു തുടങ്ങിയിരുന്നതായി മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അലക്സ് മണവാളൻ പറഞ്ഞു. നിലവിൽ റോഡും പാലവും തമ്മിലുള്ള അകൽച്ചയും പാലത്തിന്റെ കൈവരി തുടങ്ങുന്ന ഭാഗത്തു രൂപപ്പെട്ട വിള്ളലും അപകടകരമായ തരത്തിൽ കൂടുതലായിട്ടുണ്ട്. മഴ ആരംഭിച്ചതോടെ പുഴയിലെ ശക്തമായ ഒഴുക്കും പ്രശ്നം ഗുരുതരമാക്കുമെന്നാണ് ആശങ്ക.

കടമക്കുടി ഹയർ സെക്കൻഡറി സ്കൂൾ,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങളും യാത്രികരും ഇതിലൂടെയാണു കടന്നു പോകുന്നത്. മാത്രമല്ല കടമക്കുടിയിലേക്കുള്ള ബസ് സർവീസുകളും ഇൗ പാലത്തിലൂടെയാണു പോകുന്നത്. രാത്രിയിൽ ഇവിടെ മതിയായ വെളിച്ചം ഇല്ലാത്തതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. കടമക്കുടിയിൽ നിന്നുള്ള ആയിരക്കണക്കിനു പേർക്കു ദ്വീപിൽ നിന്നു പുറത്തിറങ്ങണമെങ്കിൽ ഇൗ പാലം മാത്രമാണു ഏക ആശ്രയം. പാലത്തിലൂടെ ഗതാഗതം നിരോധിച്ചതോടെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടിലാകും. ആകെയുള്ള റോഡിലെ പ്രധാന പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നാണു വിവിധ സംഘടനകളുടെയും പ്രദേശവാസികളുടെയും ആവശ്യം. ഇതുന്നയിച്ച് പൊതുമരാമത്തു വകുപ്പിനും ഇറിഗേഷൻ വകുപ്പിനും കലക്ടർക്കും നിവേദനങ്ങളും നൽകിയിട്ടുണ്ട്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama