go

ചെല്ലാനത്ത് അടിയന്തര നടപടി വേണം: തീരസംരക്ഷണ സമിതി

Ernakulam News
ചെല്ലാനത്ത് ഇന്നലെയുണ്ടായ ശക്തമായ കടൽക്കയറ്റത്തിൽ നിന്ന്.
SHARE

ചെല്ലാനം∙ ശക്തമായ കടലാക്രമണത്തിൽ നിന്ന് ജനങ്ങളെരക്ഷിക്കാൻ കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്  ആലപ്പുഴ സഹായമെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന തീരസംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ചെല്ലാനം കമ്പനിപ്പടി, ബസ്സാർ, മറുവക്കാട് പ്രദേശങ്ങളിൽ 400 ൽ പരം കുടുംബങ്ങൾ വെള്ളത്തിലാണ്. രോഗികളെ ആശുപത്രിയിലേക്കും വയോധികരെയും സ്ത്രീകളേയും കുട്ടികളേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം. സെപ്റ്റിക് ടാങ്കുകളും മറ്റും കവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ രോഗങ്ങൾ പടരാതിരിക്കാൻ നടപടി സ്വീകരിക്കണം.

Ernakulam News
ചെല്ലാനത്തെ കടൽവെള്ളം കയറിയ വീടുകളിൽ ഒന്ന്.

ജിയോ ബാഗുകളിൽ നിറയ്ക്കുന്നതിന് ആവശ്യമായ മണലെത്തിക്കണം. മതിയായ തൊഴിലാളികളെയും യന്ത്രസംവിധാനങ്ങളും ചെല്ലാനത്ത് ഏർപ്പാടാക്കണം.  കാലവർഷത്തിന്റെ  ആരംഭത്തിൽത്തന്നെ ശക്തമായ കടൽകയറ്റമാണ് അനുഭവപ്പെടുന്നത്.  മോൺ.ആന്റണി തച്ചാറ, ഫാ. സ്റ്റീഫൻ ജെ.പുന്നയ്ക്കൽ, കെആർഎൽസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി ജോർജ്,  കെഎൽസിഎ സംസ്ഥാന ജന.സെക്രട്ടറി ഷെറി ജെ.തോമസ്, ഫാ.ആന്റണി കുഴിവേലി, ഫാ.മൈക്കിൾ പുന്നക്കൽ, ടി.എ. ഡാൽഫിൻ, പൈലി ആലുങ്കൽ, ബാബു കാളിപ്പറമ്പിൽ, ജിൻസൻ വെളുത്തമണ്ണുങ്കൽ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു .

Ernakulam News
കടലാക്രമണം രൂക്ഷമായ ചെല്ലാനം തീരത്ത് നിയുക്ത എംപി ഹൈബി ഈഡൻ സന്ദർശനം നടത്തുന്നു. മുൻ മേയർ ടോണി ചമ്മണി സമീപം.

പുലിമുട്ടുകൾ സ്ഥാപിക്കാൻ സമ്മർദം ചെലുത്തും: ഹൈബി

ചെല്ലാനം∙കടൽക്ഷോഭം തടയാൻ അടുത്ത കാലവർഷത്തിനു മുൻപെങ്കിലും പുലിമുട്ടുകൾ സ്ഥാപിക്കുന്നതിന് സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് നിയുക്ത എംപി ഹൈബി ഈഡൻ പറഞ്ഞു. ചെല്ലാനം നിവാസികളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം. കാലവർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ ചെല്ലാനം പഞ്ചായത്തിലെ കമ്പനിപ്പടി, ബസാർ, മറുവക്കാട് പ്രദേശങ്ങളിൽ കടൽ വീടുകളിലേക്ക് കയറി തുടങ്ങി. ജിയോ ട്യൂബ് നിർമാണത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന മണൽകൂനകൾ കടലിലേക്ക് ഒഴുക്കി. അതോടെ പ്രദേശത്ത് യാതൊരു സംരക്ഷണവും ഇല്ലാതായെന്ന് തീരദേശത്ത് സന്ദർശനം നടത്തിയ  ഹൈബി ഈഡൻ പറ‍ഞ്ഞു. 

Ernakulam News
കപ്പൽചാലിൽ സ്ഥാപിച്ചിരുന്ന ബോയ കടൽക്ഷോഭത്തിൽ സൗത്ത് ബീച്ചിനു സമീപം അടിഞ്ഞപ്പോൾ.

അശാസ്ത്രീയമായ ജിയോ ട്യൂബ് നിർമാണം,  ആ പദ്ധതി പൂർണ പരാജയത്തിലാക്കി. ഇതിന്റെ നിർമ്മാണത്തിന് പ്രീ ക്വാളിഫൈഡ് ടെൻഡർ വിളിക്കുകയോ ട്യൂബ് നിർമ്മിച്ച് പരിചയമുള്ള പൊതുമേഖല സ്ഥാപനത്തെ ഏൽപിക്കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്.   തോടുകളിൽ നിന്ന് നീക്കുന്ന മണൽ ജിയോ ബാഗുകളിലാക്കി താൽക്കാലികമായി സംരക്ഷണ ഭിത്തികൾ തീർക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടു. ഫിഷറീസ്, ഇറിഗേഷൻ മന്ത്രിമാരെയും വിവരം ധരിപ്പിച്ചിട്ടുണ്ട്. മുൻ മേയർ ടോണി ചമ്മിണി, പഞ്ചായത്ത് അംഗങ്ങളായ വത്സ ഫ്രാൻസീസ്, ലിസി സോളി, പീറ്റർ ഷീൽ , ഷാജി തോപ്പിൽ, വി.ടി.ആന്റണി, തോമസ് ഗ്രിഗറി എന്നിവരും ഒപ്പമുണ്ടായിരുന്നു.

പോയ ബോയ സൗത്ത് ബീച്ചിൽ

ഫോർട്ട്കൊച്ചി∙ കപ്പലുകൾക്കു ദിശ കാണിക്കുന്നതിനു കടലിൽ സ്ഥാപിച്ചിരുന്ന ബോയ കടലെടുത്തു. സൗത്ത് ബീച്ചിനു സമീപം ഐഎൻഎസ് ദ്രോണാചാര്യയുടെ പരിസരത്താണ് ഇന്നലെ രാവിലെ ബോയ അടിഞ്ഞത്. ഇന്നലെ വൈകിട്ടു കടലിൽ ബോയ ഒഴുകി നടക്കുന്നതു കണ്ടെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ബോയ ഉറപ്പിച്ചു നിർത്തിയിരുന്ന ചങ്ങല കടൽക്ഷോഭത്തിൽ പൊട്ടിയതാവാമെന്നു കരുതുന്നു. ബോയ തീരത്തു നിന്നു നീക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പകരം ബോയ സ്ഥാപിച്ചുവെന്നും കൊച്ചിൻ പോർട് ട്രസ്റ്റ് അധികൃതർ അറിയിച്ചു.

എവിടെ നിന്നും മണലെടുക്കാം: കലക്ടർ

ചെല്ലാനം∙ തീരദേശത്തിന്റെ അടിയന്തര സുരക്ഷയ്ക്കായി ജിയോ ബാഗുകളിൽ നിറക്കാൻ എവിടെ നിന്നും മണലെടുക്കാമെന്ന്  ജലസേചന വകുപ്പ് ജില്ലാ എക്സി.എൻജിനീയർക്ക് കലക്ടർ നിർദ്ദേശം നൽകി. 2 ദിവസത്തിനുള്ളിൽ ബസാർ, കമ്പനിപ്പടി, വേളാങ്കണ്ണി മേഖലയിൽ ജിയോ ബാഗ് സ്ഥാപിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama