go

ഇടതുകയ്യിൽ മൊബൈൽ ഫോൺ, വലതു കയ്യിൽ സ്റ്റിയറിങ്; ഡ്രൈവറുടെ ലൈസൻസ് പോയി

Ernakulam News
SHARE

കാക്കനാട്∙ ഇടതുകയ്യിൽ മൊബൈൽ ഫോണും വലതു കയ്യിൽ സ്റ്റിയറിങ്ങും പിടിച്ചു നഗരത്തിരക്കിലൂടെ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടു ബസ് ഓടിക്കുന്നതു ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് പിന്തുടർന്ന് എറണാകുളം ടിഡിഎം ഹാളിനു മുന്നിൽ തടഞ്ഞു. ആലുവ–ഫോർട്ട്കൊച്ചി റൂട്ടിലെ സ്വകാര്യ ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി അരുൺപ്രസാദിന്റെ ഡ്രൈവിങ് ലൈസൻസ് ആർടിഒ ജോജി പി.ജോസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇന്നലെ ആർടി ഓഫിസിൽ ഹാജരായ ഡ്രൈവർ, മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടുള്ള ഡ്രൈവിങ് ആവർത്തിക്കില്ലെന്നും മാപ്പാക്കണമെന്നും അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ല.

ഈ വർഷം ഇതുവരെ കൊച്ചി നഗരത്തിലും പരിസരത്തും മാത്രം മൊബൈൽ ഫോണിൽ സംസാരിച്ചു വാഹനമോടിച്ച കുറ്റത്തിനു 96 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ആർടിഒ പറഞ്ഞു. ഇതരഗതാഗത നിയമലംഘനത്തിന്റെ പേരിൽ സസ്പെൻഷനിലായതു 475 ഡ്രൈവർമാരുടെ ലൈസൻസ്. ഒരു മാസം മുതൽ ഒരു വർഷം വരെയാണ് ലൈസൻസ് സസ്പെൻഷൻ. അപകടം സൃഷ്ടിച്ചതിനും റെഡ് സിഗ്നൽ ലംഘിച്ചതിനും മദ്യപിച്ചശേഷം വാഹനം ഓടിച്ചതിനും രണ്ടിൽക്കൂടുതൽ പേരെ ഇരുചക്ര വാഹനത്തിൽ കയറ്റിയതിനുമൊക്കെയാണു ലൈസൻസ് സസ്പെൻഡ് ചെയ്തത്. 

ഈ കാലയളവിൽ നടത്തിയ ഗതാഗതപരിശോധനയിൽ നിയമലംഘനത്തിന് അയ്യായിരത്തോളം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. സ്വകാര്യവാഹനങ്ങൾ ഉപയോഗിച്ച് ടാക്സി സർവീസ്, രേഖകളില്ലാതെ വാഹനമോടിക്കൽ, ഇൻഷുറൻസും നികുതിയും അടയ്ക്കാതെ വാഹനങ്ങൾ നിരത്തിലിറക്കൽ, ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് വിവിധ കേസുകളിൽ ചുമത്തിയത്. എണ്ണൂറോളം ഇതര സംസ്ഥാന വാഹനങ്ങളും നിയമലംഘനത്തിനു പിടിയിലായി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama