go

ഫൊറൻസിക് ലാബ് സജ്ജമാണ്; തുറക്കില്ല

Ernakulam News
തൃപ്പൂണിത്തുറയിലെ റീജനൽ ഫൊറൻസിക് ലബോറട്ടറി .
SHARE

തൃപ്പൂണിത്തുറ∙ പൂർണസജ്ജമായിട്ടും പ്രവർത്തനം തുടങ്ങാതെ തൃപ്പൂണിത്തുറയിലെ റീജനൽ ഫൊറൻസിക് സയൻസ് ലാബ്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമമായ പോക്സോ കേസുകളിൽ രണ്ടായിരത്തോളം ഫൊറൻസിക് പരിശോധനാ ഫലങ്ങൾ കെട്ടിക്കിടക്കുമ്പോഴാണിത്. തൃപ്പൂണിത്തുറ റെയിൽവെ മേൽപ്പാലത്തിനു സമീപം 1.5 കോടി രൂപ കെട്ടിടത്തിനും 3.5 കോടി രൂപ യന്ത്രങ്ങൾക്കും വേണ്ടി ചെലവാക്കിയ ലാബാണ് മാസങ്ങളായി ഉദ്ഘാടകനെ കാത്തിരിക്കുന്നത്. എറണാകുളം മുതൽ തിരുവനന്തപുരം വരെ 7 ജില്ലകളിലെ കേസുകളിൽ ഫൊറൻസിക് പരിശോധന നിലവിൽ തിരുവനന്തപുരത്താണു നടത്തുന്നത്.

ഇവിടെ 2000 ബീജ പരിശോധനാ ഫയലുകളാണു കെട്ടിക്കിടക്കുന്നത്. ഇതിൽ 1200 എണ്ണം പോക്സോ കേസുകളുടേതാണ്. പരിശോധന ബാക്കിയുള്ള 1700 സൈബർ കേസുകളിൽ 700 എണ്ണവും പോക്സോ കേസുകളിൽ പെട്ടതാണ്. കൊലപാതകങ്ങളുമായി   ബന്ധപ്പെട്ട ആയിരത്തോളം സ്രവപരിശോധനകളും ബാക്കിയാണ്.  തൃപ്പൂണിത്തുറയിലെ ഫൊറൻസിക് ലാബ് പ്രവർത്തനം തുടങ്ങിയാൽ, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ പരിശോധന ഇവിടെ നടത്താൻ കഴിയും. കെട്ടിടം നേരത്തെ തന്നെ പൂർത്തിയാക്കുകയും പൂന്തോട്ടം വച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു.

ലഹരിമരുന്നുകൾ പരിശോധിക്കാനുള്ള, ഒരു കോടി രൂപ വിലയുള്ള യന്ത്രം ഘടിപ്പിച്ചിട്ട് മാസങ്ങളായി. ഘടിപ്പിച്ച ശേഷം ഇത് ഓഫ് ചെയ്യരുതെന്ന നിർദേശം പാലിച്ചിട്ടില്ലെന്നും പരാതിയുണ്ട്. സ്പെക്ട്രോമീറ്ററുകളും ഘടിപ്പിച്ചിട്ടുണ്ട്. സൈബർ പരിശോധനകൾക്കാവശ്യമായ യന്ത്രങ്ങളും കംപ്യൂട്ടറുകളുമൊക്കെ പ്രവർത്തന സജ്ജമാണ്. ഡീസൽ ജനറേറ്ററും വച്ചിട്ടുണ്ട്. ചില യന്ത്രങ്ങൾ കെട്ടു പൊട്ടിക്കാതെ വച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞ‌ശേഷം ഉദ്ഘാടനം നടത്താമെന്നാണു നേരത്തെ പറഞ്ഞതെങ്കിലും ഇപ്പോൾ ഇക്കാര്യത്തിൽ അനക്കമൊന്നുമില്ല.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama