go

സൗഹൃദക്കപ്പലിൽ അക്കരെയിക്കരെ

Ernakulam News
ഫ്രണ്ട് – ഷിപ് ക്യാംപെയ്ൻ ഫോർട്ട്കൊച്ചിയിൽ ആരംഭിച്ചപ്പോൾ.
SHARE

ട്രോളിങ് നിരോധനത്തെ തുടർന്നു മത്സ്യത്തൊഴിലാളികൾ കരയിലിരിക്കുമ്പോൾ തിരയിലിറങ്ങുകയാണ് ഒരുകൂട്ടം സൗഹൃദ– തോണികൾ. പ്രളയത്തിരയിൽ ഒറ്റപ്പെട്ടവരെ തിരഞ്ഞു വന്നവരിലേക്കു പല കൈവഴികളിലൂടെ ഒഴുകിയെത്തുന്ന സൗഹൃദത്തിന്റെ ചെറുതോണികൾ എന്ന ലക്ഷ്യത്തോടെയാണ് ‘FRIEND- SHIP’ ഒരുങ്ങുന്നത്.  പ്രളയനാളുകളിലെ നമ്മുടെ രക്ഷകരോട് ഒരു വാക്കിൽ നന്ദി പറഞ്ഞുതീർക്കാനാകില്ലെന്ന പലരുടെയും ചിന്തകളിൽ നിന്നാണു ‘സൗഹൃദത്തോണി’ എന്ന ആശയത്തിന്റെ  പിറവി. പ്രളയത്തിൽ നശിച്ച നെയ്ത്തുഗ്രാമമായ ചേന്ദമംഗലത്തെ അഴുക്കു പറ്റിയ  കൈത്തറിത്തുണികളിൽ നിന്നു ‘ചേക്കുട്ടി’യെ ഒരുക്കിയ  നാഷനൽ ഇന്നൊവേഷൻ കൗൺസിൽ അംഗം കൂടിയായ ലക്ഷ്മി മേനോനാണ് ഈ കൂട്ടായ്മയ്ക്കു തുടക്കമിട്ടത്.

പ്രളയത്തെ അതിജീവിച്ച ഒരാണ്ടു പിന്നിടുമ്പോഴും തിരയിൽ തിരഞ്ഞെത്തി 65,000 ജീവനുകൾ തീരത്തടുപ്പിച്ചവർക്കു നാട് എന്തു തിരികെ നൽകിയെന്ന ചിന്ത ബാക്കിയാണ്. സംസ്ഥാന സർക്കാരിന്റെ ആദരം ഏറ്റുവാങ്ങുമ്പോഴും മറ്റു സഹായങ്ങൾ നിരസിച്ചവരാണു  മത്സ്യത്തൊഴിലാളികൾ. മാത്രമല്ല ദുരിതാശ്വാസനിധിയിലേക്ക് ഒരു തുക നൽകാനും അവർ പരിശ്രമിച്ചു. പ്രളയദുരിതം നേരിട്ടു ബാധിക്കാത്തവർ പോലും നാടിന്റെ രക്ഷകരോടു കടപ്പെട്ടിരിക്കുന്നുവെന്ന ചിന്ത മനസിൽ കൊണ്ടുനടക്കുന്നവരാണ്. ഏതു രീതിയിലാവണം അതു പ്രകടമാക്കേണ്ടത് എന്ന് ആശയക്കുഴപ്പത്തിലായവർക്കു മുന്നിലേക്കാണ് ‘ഫ്രണ്ട്–ഷിപ്’ എന്ന പദ്ധതിയെത്തുന്നത്. 

ഫ്രണ്ട്ഷിപ്പിന്റെ തുടക്കം

ദേശീയ സമുദ്രദിനവും സൗഹൃദദിനവും ഒരുമിച്ചെത്തിയ എട്ടിനാണ് ‘ഫ്രണ്ട്–ഷിപ്’ പദ്ധതിക്കു തുടക്കമിട്ടത്. അപകട സാധ്യതയേറിയ ജോലി ചെയ്യുന്നവരായതിനാൽ മത്സ്യത്തൊഴിലാളികൾക്കു കൈത്താങ്ങാൻ ഇൻഷുറൻസ് പരിരക്ഷയൊരുക്കുകയാണ് ആദ്യം. 24 രൂപ വാർഷിക പ്രീമിയത്തിലൂടെ ഒരു മത്സ്യത്തൊഴിലാളിക്ക് ഒരു വർഷത്തേക്കുള്ള ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാം. പക്ഷേ പണമല്ല, ഈ പദ്ധതിയുടെ അടിസ്ഥാനം സൗഹൃദമാണ്. സൗഹൃദത്തിലൂടെ പങ്കുവയ്ക്കുന്ന സ്നേഹത്തിനു പകരം വയ്ക്കാൻ മറ്റൊന്നില്ലല്ലോ. 24 രൂപ പ്രീമിയം എടുക്കുന്ന ഒരാൾക്ക് ഒരു മത്സ്യത്തൊഴിലാളിയുടെ വിലാസവും ഫോൺ നമ്പറും ലഭിക്കും. നാടിന്റെ രക്ഷകനായ ഒരാളുമായി ആജീവനാന്ത സൗഹൃദത്തിനുള്ള വഴിയൊരുങ്ങുകയാണിവിടെ. 

ആദ്യത്തെ ഒരു ഫോൺ കോളിലൂടെ പരസ്പരം പരിചയപ്പെടാം, അദ്ദേഹത്തോടു നന്ദി പറയാം. പിന്നീടു ചെറിയ കാര്യങ്ങളിലൂടെ നമ്മുടെ സ്നേഹം അവരിലെത്തിക്കാം. ഒരു ഡോക്ടറുടെ അപോയ്മെന്റ് എടുത്തുനൽകാനോ, ബാങ്കിലെ ആവശ്യത്തിനോ, വിദ്യാഭ്യാസ കാര്യങ്ങൾക്കോ എന്തുമാകട്ടെ നിങ്ങളുടെ സൗഹൃത്തിനു േവണ്ടിയെന്താണു ചെയ്യുക, ആ സൗഹൃദക്കണ്ണിയിലേക്ക് അദ്ദേഹത്തെ കൂടി ചേർത്തു നിർത്താം. വീട്ടിൽ മക്കൾക്കു പഠനോപകരണങ്ങൾ വാങ്ങുമ്പോൾ മറ്റൊരു കുടുംബത്തെ കൂടിയോർക്കാം, ആ സൗഹൃത്തിനുള്ളതു വാങ്ങി സമ്മാനിക്കാം. സൗഹൃദത്തിന്റെ മൂല്യം ഏങ്ങനെയെല്ലാം സമ്പന്നമാക്കാമെന്നത് ഓരോരുത്തരുടേയും രീതിയിലാകട്ടെ!

സൗഹൃദത്തോണിയിലേറാം

കേരളം സൗഹൃദത്തിന്റെ തോണി തുഴയാനൊരുങ്ങുമ്പോൾ ആരും മാറി നിൽക്കേണ്ടതില്ല. ഇൻഷുറൻസ് പ്രീമിയമായ 24 രൂപ ചെലവാക്കാൻ സാധിക്കാത്തവർക്കും ഈ തോണി തുഴയാമെന്ന പ്രത്യേകതയുണ്ട്. പ്രീമിയം വളരെ കുറഞ്ഞ തുകയായതിനാൽ പല വ്യക്തികളും സ്ഥാപനങ്ങളും മൾട്ടിപ്പിൾ പോളിസികളാകും എടുക്കുക. ഇങ്ങനെയുള്ളവർക്കും സൗഹൃദത്തിനായി ഒരു മത്സ്യത്തൊഴിലാളിയുടെ വിലാസമാണു നൽകുക. ബാക്കി പോളിസിതുകയുടെ ഭാഗമാകുന്നവരുടെ വിലാസവും നമ്പറും സ്കൂളുകളും കോളജുകൾക്കും സന്നദ്ധ സ്ഥാപനങ്ങൾക്കും കൈമാറും. ഇതുവഴി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും ഈ സൗഹൃദത്തോണിയുടെ ഭാഗമാകും. വിദ്യാർഥികൾ വഴി കുടുംബബന്ധങ്ങളിലേക്കും ഈ സൗഹൃദമൂല്യം കൈമാറാം.

ഫ്രണ്ട് –ഷിപ് ടോക്കൺ

സൗഹൃദ – തോണി അഥവാ ഫ്രണ്ട് – ഷിപ് വെറുതെയൊരു ആശയമല്ല. ഒരു യഥാർഥ തോണിയുണ്ടാക്കുകയും വേണം. നൊസ്റ്റാൾജിയ ഉണർത്തുന്ന അസ്സലൊരു കടലാസു തോണി. മത്സ്യത്തൊഴിലാളികൾക്കുള്ള ഇൻഷൂറൻസ് രേഖകൾക്കൊപ്പം അതു സ്പോൺസർ ചെയ്യുന്ന വ്യക്തികൾ അല്ലെങ്കിൽ അവരുമായി സൗഹൃദ–തോണിയിലേറുന്നവർ ഒരുക്കിയ ഒരു തോണിയുടെ മാതൃകയും നൽകും. പ്രളയകാലത്ത് തിരയിൽ തിരഞ്ഞുവന്നർക്കു കേരളം സമ്മാനിക്കുന്ന സൗഹൃദ– തോണിയാണിത്. സ്കൂളുകളിൽ വിദ്യാർഥികൾ ഒരുക്കുന്ന തോണികൾ ഒരു കേന്ദ്രത്തിൽ കലക്ട് ചെയ്ത് അതിൽ മാഗ്നറ്റിക് സ്റ്റിക്കർ കൂടിയുൾപ്പെടുത്തി നൽകാനുള്ള ഒരുക്കത്തിലാണിവർ. ഗുഡ് കർമ ഫൗണ്ടേഷനാണ് ഈ പദ്ധതിയുടെ സംഘാടനം. പോളിസി വിവരങ്ങൾക്ക് വെബ്സൈറ്റ് : makefriendship.org

സൗഹൃദം കൂടുതൽ പേരിലേക്ക്

ജീവിതം സമ്പന്നമാക്കുന്ന സൗഹൃദവലയത്തിലേക്കു നമ്മുടെ രക്ഷകരെ കൂടി ഉൾപ്പെടുത്താനുള്ള അവസരം പലരീതിയിൽ വിനിയോഗിക്കാം. ജൂൺ എട്ടിനു നടന്ന ജന്മദിനാഘോഷ പരിപാടിയിൽ ഉറ്റബന്ധുക്കൾ ചെയ്തതും ഇതാണ്. ജന്മദിനം ആഘോഷിച്ച കുരുന്നിന്റെ മാതാപിതാക്കൾ മൾട്ടിപ്പിൾ പോളിസിയെടുത്തു. വിരുന്നിനെത്തിയ ഓരോ അതിഥിക്കും സമ്മാനമായി നൽകിയ കിറ്റിൽ ഒരു മത്സ്യത്തൊഴിലാളിയുടെ വിലാസവും നമ്പറും ‘ടോക്കൺ ഓഫ് ഗ്രാറ്റിറ്റ്യൂഡ് ’  മാഗ്നറ്റിക് ബ്രൂച്ചും ഉൾപ്പെടുത്തി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഇനി രക്ഷകരും കുടുംബങ്ങളുമായി ഉറ്റസൗഹൃദത്തിലാകുന്ന നാളുകളാണു നാളെയുടെ പ്രതീക്ഷ. ഫ്രണ്ട്‌–ഷിപ് പദ്ധതിയുടെ ഭാഗമായുള്ള  ശിൽപശാല 14നു പറവൂർ എസ്എൻഎച്ച്എസ് സ്കൂളിൽ നടക്കും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama