go

പ്രതീക്ഷയുടെ വിളി; പ്രത്യാശയുടെ മറുമൊഴി

Ernakulam News
ഹൈബി ഈഡൻ
SHARE

കൊച്ചി ∙ എറണാകുളം ലോക്‌സഭാ മണ്ഡലത്തിന്റെ വികസന പ്രതീക്ഷകൾക്കു ചെറുപ്പത്തിന്റെ ചുറുചുറുക്കം വേഗവും നൽകാനാണു നിയുക്ത എംപി ഹൈബി ഈഡന്റെ ശ്രമം. മുൻഗണനാ പട്ടിക തന്നെ അദ്ദേഹത്തിന്റെ മനസിലുണ്ട്. മെട്രോ റെയിൽ തൃപ്പൂണിത്തുറ, നെടുമ്പാശേരി, കാക്കനാട് ഇൻഫോപാർക്ക് എന്നിവിടങ്ങളിലേക്കു നീട്ടുന്ന പദ്ധതികൾ വേഗത്തിലാക്കുക, മഹാനഗരത്തെ വീർപ്പു മുട്ടിക്കുന്ന മാലിന്യ സംസ്കരണ പ്രശ്നത്തിൽ  കേന്ദ്ര സഹായം ലഭ്യമാക്കുക, കടൽക്ഷോഭത്തിൽ പൊറുതി മുട്ടുന്ന ജില്ലയുടെ തീരമേഖല സുരക്ഷിതമാക്കാൻ പുതിയതായി കേന്ദ്രത്തിൽ രൂപീകരിച്ച ഫിഷറീസ് മന്ത്രാലയത്തിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുക, കൊച്ചിയുടെ ടൂറിസം സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതി ആവിഷ്കരിക്കുക, അ‍‍ഡ്വഞ്ചർ ടൂറിസത്തിനും ജലവിനോദങ്ങൾക്കും പ്രാധാന്യം നൽകിയുളള ടൂറിസം വികസനം യാഥാർത്ഥ്യമാക്കുക, കൊച്ചിൻ ഷിപ്‌യാഡ്, റിഫൈനറി തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനു പരിശ്രമിക്കുക എന്നിവയാണ് അവയിൽ ചിലത്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിനിർത്തി വികസനത്തിനുളള ആത്മാർഥ ശ്രമമാണു ഹൈബി ഈഡൻ വാഗ്ദാനം ചെയ്യുന്നത്. മലയാള മനോരമ സംഘടിപ്പിച്ച ‘ഹലോ എംപി’ ഫോൺ ഇൻ പരിപാടിയിലാണു ഹൈബി വികസന സ്വപ്നങ്ങൾ വായനക്കാരുമായി പങ്കു വച്ചത്. 

ദേശീയപാതാ വികസനം പ്രധാനം 

ദേശീയപാത വികസനത്തിനു മുന്തിയ പരിഗണനയാണു ഹൈബിയുടെ വാഗ്ദാനം. ഒട്ടേറെ വായനക്കാരിൽ നിന്ന് അതു സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉയർന്നു. മൂത്തകുന്നം വരെ ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കുന്ന ജോലികൾ വേഗത്തിലാക്കണമെന്ന ആവശ്യമാണു വരാപ്പുഴയിൽ നിന്നു വിളിച്ച  വി.ആർ.സന്തോഷ്കുമാർ ഹൈബിക്കു മുന്നിൽ വച്ചത്.  വരാപ്പുഴയിൽ പുതുതായി 2 നാലുവരിപ്പാലങ്ങൾ നിർമിക്കണമെന്നും ഭാവിയിലെ തിരക്കു കൂടി കണക്കിലെടുത്തു വേണം ദേശീയപാത വികസിപ്പിക്കേണ്ടതെന്നും നിർദേശിച്ച അദ്ദേഹം‌, ചേരാനല്ലൂർ–ചിറ്റൂർ  റോഡ് 4 വരിയായി വികസിപ്പിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. 

ദേശീയപാത വികസനത്തിനു സമരസമിതി എലവേറ്റഡ് ഹൈവേ ശുപാർശ ചെയ്തിട്ടുണ്ടെന്നു ഹൈബി പറഞ്ഞു. അതിന്റെ സാധ്യത പരിശോധിക്കും. മുൻപു നിശ്ചയിച്ച പോലെ 45 മീറ്ററിൽ റോഡ് വികസിപ്പിക്കാനുളള നടപടി വേഗത്തിലാക്കും. 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമം അനുസരിച്ചു സ്ഥലം വിട്ടു നൽകുന്നവർക്കു അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കും. ചേരാനല്ലൂർ–ചിറ്റൂർ റോഡ് വികസിപ്പിക്കാൻ നിലവിൽ ശുപാർശകളില്ല. കണ്ടെയ്നർ റോഡാണു പകരമായി ഉപയോഗിക്കുന്നതെന്നും ഹൈബി പറഞ്ഞു. 

∙ ഒാൾഡ് റെയിൽവേ സ്റ്റേഷൻ നവീകരണവും  പൊന്നുരുന്നി സ്റ്റേഷനും

എറണാകുളത്തിന്റെ യാത്രകളിൽ റെയിൽവേയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കാനാണു ശ്രമമെന്ന് ഹൈബി പറയുന്നു.  മുൻഗണനകളിൽ വിവിധ റെയിൽവേ പദ്ധതികൾ ഉൾപ്പെടുത്തണമെന്നു പോണേക്കരയിൽ നിന്നു ജോസഫും തമ്മനത്തു നിന്നു കുരുവിള മാത്യൂസും നിർദേശിച്ചു. എറണാകുളം ഒാൾഡ് റെയിൽവേ സ്റ്റേഷൻ നവീകരിച്ചു ട്രെയിൻ സർവീസ് ആരംഭിക്കണമെന്നായിരുന്നു പ്രധാന നിർദേശം. വൈറ്റില മൊബിലിറ്റി ഹബിനു സമീപമുളള പൊന്നുരുന്നിയിൽ  റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. റെയിൽവേയ്ക്ക് അവിടെയുള്ള 110 ഏക്കർ സ്ഥലം ഉപയോഗിക്കാനാവും. ഇടപ്പളളി സ്റ്റേഷൻ മെച്ചപ്പെടുത്തണമെന്ന നിർദേശവും ഉയർന്നു. 

ഒാൾഡ് റെയിൽവേ സ്റ്റേഷൻ നവീകരിക്കാൻ പദ്ധതിയുണ്ടെന്നു ഹൈബി മറുപടി നൽകി. പഴയ ട്രാക്ക് മാറ്റുന്ന ജോലികൾ നടന്നു വരികയാണ്. 35 കുടുംബങ്ങളെ  നഗരസഭ പുനരധിവസിപ്പിക്കാനുണ്ട്. മംഗളവനം സംരക്ഷിച്ചു കൊണ്ടു വേണം സ്റ്റേഷൻ നവീകരണം നടത്താൻ. റെയിൽവേ ഗേറ്റ് പ്രശ്നത്തിനും പരിഹാരം കാണേണ്ടതുണ്ട്. വടുതല മേൽപാലം കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിക്കുമെന്നിരിക്കെ ആ ഗതാഗതക്കുരുക്കു കൂടി കണക്കിലെടുക്കണം. പൊന്നുരുന്നി സ്റ്റേഷൻ മുൻഗണന നൽകി നടപ്പാക്കേണ്ട പദ്ധതിയാണ്. ഇതുമായി ബന്ധപ്പെട്ടു റെയിൽവേ ഏരിയ മാനേജരുമായി കൂടിയാലോചിച്ചു നടപടി സ്വീകരിക്കും. പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കും. ഇടപ്പളളി സ്റ്റേഷൻ വികസനത്തിനും നടപടി സ്വീകരിക്കുമെന്നു ഹൈബി ഉറപ്പു നൽകി.

ജീവിതത്തെ തൊട്ടു വിളിച്ചപ്പോൾ...

കൊച്ചി ∙ തകർന്ന റോഡുകൾ, വെള്ളക്കെട്ടിന്റെ തീരാദുരിതങ്ങൾ, തീരപരിപാലന നിയമത്തിന്റെ കുരുക്കുകൾ, തെരുവു വിളക്കുകൾക്കു വേണ്ടിയുള്ള കാത്തിരിപ്പ്.... ദൈനംദിന ജീവിതത്തിൽ തങ്ങൾ അനുഭവിക്കുന്ന ഒരുപിടി പ്രശ്നങ്ങളുമായാണു ഹൈബിയെ മണ്ഡലവാസികൾ വിളിച്ചത്. ചില വിളികൾ എറണാകുളം ലോക്സഭാ മണ്ഡലാതിർത്തികൾക്ക് അപ്പുറത്തു നിന്നുമെത്തി. തിരഞ്ഞെടുത്ത ചില ചോദ്യങ്ങളും അവയ്ക്കു ഹൈബി നൽകിയ മറുപടികളും: 

സ്മിജി മാത്യു, ലൂയിസ്, കോന്തുരുത്തി

? പണ്ഡിറ്റ് കറുപ്പൻ റോഡിന്റെ അവസ്ഥ പരിതാപകരമാണ്. പൈപ്പിടാനായി കുഴിച്ച ശേഷം അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ കുഴിയും വെള്ളക്കെട്ടുമാണ്. അപകടവും പതിവാകുന്നു. അടിയന്തര ഇടപെടലുണ്ടാവണം.

∙ പുതിയ കുടിവെള്ള കണക്‌ഷനുകൾ നൽകാനായി പഴയ ആസ്ബറ്റോസ് പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനാണു റോഡ് കുഴിച്ചത്. ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നലെയും ഈ വിഷയം ചർച്ച ചെയ്തു. ഇനി 600 കണക്‌‌ഷനുകൾ കൂടി കൊടുക്കാൻ പൈപ്പിടണമെന്നാണ് പറഞ്ഞത്. ഇതിനായുള്ള ടെൻഡർ 21 നാണ് തുറക്കുക. ഉടൻ തന്നെ ടെൻഡർ നൽകി അടുത്ത 3 ദിവസത്തിനുള്ളിൽ പണി തീർക്കാമെന്നാണ് ഉദ്യോഗസ്ഥർ ഉറപ്പു പറഞ്ഞിരിക്കുന്നത്. അതിനു പിന്നാലെ റോഡിന്റെ അറ്റകുറ്റപ്പണി ചെയ്യാൻ നഗരസഭയും നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ മേയർ സൗമിനി ജെയിനും മുൻകൈ എടുക്കുന്നുണ്ട്. 

കോശി ചെറിയാൻ, പനമ്പിള്ളി നഗർ

? പനമ്പിള്ളി നഗർ- ഗിരിനഗർ പാലം വീതി കൂട്ടി നിർമിക്കണമെന്ന ഏറെക്കാലമായുളള ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. ഏറെ ജനവാസമുള്ള ഈ പ്രദേശത്തിനായുള്ള ഡ്രെയിനേജ് മാസ്റ്റർ പ്ലാൻ, മോഡൽ റോഡ് പദ്ധതി തുടങ്ങിയവയ്ക്കായും ഇടപെടലുണ്ടാവണം.

∙ പനമ്പിള്ളി നഗർ-ഗിരിനഗർ പാലത്തിനായി ബെന്നി ബെഹനാൻ എംഎൽഎ ആയിരിക്കെ ഒരു കോടി രൂപ അനുവദിച്ചതാണ്. അതിനു സമീപത്തു താമസിക്കുന്ന ആൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണു പദ്ധതി മുടങ്ങിയത്. നഗരസഭ ഉൾപ്പടെ വിവിധ ഏജൻസികളുടെ സഹകരണത്തോടെ ഡ്രെയിനേജ് മാസ്റ്റർ പ്ലാൻ, മോഡൽ റോഡ് പദ്ധതികൾ നടപ്പാക്കാൻ ശ്രമമുണ്ടാകും. ഇക്കാര്യത്തിൽ എംഎൽഎ ഉൾപ്പടെയുള്ളവരെ പങ്കെടുപ്പിച്ചു യോഗം വിളിക്കാം. 

ജെ.ഷെമീന, പറവൂർ

? പറവൂർ വെടിമറ ജംക്‌ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. പ്രളയ ദുരന്തത്തിന് ഇരയായിട്ടും പ്രാഥമികമായി ലഭിച്ച 10000 രൂപയല്ലാതെ മറ്റൊരു സഹായവും ലഭിച്ചില്ല

‌∙ വെടിമറയിൽ തെരുവു വിളക്ക് സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ടു തുടർ സഹായം ലഭിക്കാത്ത വിവരം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി അർഹമായ ആനൂകൂല്യം ലഭിക്കാൻ സഹായിക്കാം.

സുപ്രി കാട്ടുപറമ്പിൽ, നായരമ്പലം

? നായരമ്പലത്ത് 8,9 വാർഡുകളിൽ വെള്ളം കയറിയതിനാൽ ഇവിടുള്ളവർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. അടിയന്തര ഇടപെടലുണ്ടാവണം

∙ കഴിഞ്ഞ ദിവസം അവിടെ സന്ദർശിച്ചപ്പോൾ എനിക്കു കാര്യങ്ങൾ നേരിട്ടു ബോധ്യപ്പെട്ടതാണ്.  ജലസേചന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി സംസാരിച്ചപ്പോഴും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഈ പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര ഇടപെടലുണ്ടാവും. പുലിമുട്ട് നിർമാണം പോലെ ശാശ്വതമായ പരിഹാര മാർഗങ്ങൾ പരിഗണിക്കും.

മേരി പോൾ, മുട്ടിനകം, വരാപ്പുഴ

? തീരദേശ പരിപാലന നിയമത്തിൽ ഇളവ് അനുവദിച്ചിട്ടും അതനുസരിച്ച് നിർമാണത്തിന് അനുമതി നൽകാൻ പഞ്ചായത്ത് തയാറാകുന്നില്ല. തങ്ങൾക്ക് അത്തരം ഇളവിനെക്കുറിച്ച് അറിവില്ലെന്നാണ് പറയുന്നത്. തീരത്ത് നിന്ന് 20 മീറ്ററിനപ്പുറം നിർമാണത്തിന് അനുമതി നൽകിയില്ലെങ്കിൽ പാവപ്പെട്ട തീരദേശവാസികളുടെ കാര്യം ബുദ്ധിമുട്ടിലാവും.

∙ തീരദേശത്തെ നിർമാണവുമായി ബന്ധപ്പെട്ടു തീരദേശ പരിപാലന നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. അതു സംബന്ധിച്ച ഉത്തരവ് പഞ്ചായത്തുകളിൽ ലഭിക്കാത്തതിനാലാവും ഇങ്ങനെയൊരു മറുപടി അവിടെ നിന്ന് ലഭിച്ചത്. ഇക്കാര്യത്തിലുള്ള അവ്യക്തത ഉടൻ മാറും.

ഉബൈദ്, ഉളിയന്നൂർ

? ഉളിയന്നൂരിൽ പെരിയാറിലേക്ക് വന്നു ചേരുന്ന വടുവാ തോട് അടഞ്ഞതിനാൽ ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. തോടിന്റെ ഒഴുക്ക് പൂർവസ്ഥിതിയിലെത്താൻ നടപടി സ്വീകരിക്കണം.

∙ ഇക്കാര്യത്തിൽ പഞ്ചായത്താണു നടപടിയെടുക്കേണ്ടത്. പഞ്ചായത്ത് അധികൃതരുമായി സംസാരിക്കാം. 

തോമസ് സേവ്യർ, കണ്ടനാട്

? കണ്ടനാട്-ഉദയംപേരൂർ റോഡിലൂടെ ഒരു ബസ് സർവീസുമില്ലാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമെല്ലാമുള്ള പ്രദേശമാണ്. ബസ് സർവീസ് തുടങ്ങാൻ നടപടി സ്വീകരിക്കണം.

∙ ഇക്കാര്യം ആർടിഒയുടെ ശ്രദ്ധയിൽപ്പെടുത്താം. വൈകാതെ ഈ റൂട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് വേണ്ടതു ചെയ്യാൻ ശ്രമിക്കാം.

പ്രവീൺ, വൈപ്പിൻ

? എളങ്കുന്നപ്പുഴ 21-ാം വാർഡ് വേട്ടുവ കോളനി റോഡ് അറ്റകുറ്റപ്പണിക്കായി ഫെബ്രുവരിയിൽ പൊളിച്ചിട്ടിട്ട് ഇതുവരെ ഒരു ജോലിയും ചെയ്യാത്തതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. മഴക്കാലം തുടങ്ങുന്നതിനു തൊട്ടു മുൻപ് കുറച്ചു മെറ്റലടിച്ചിട്ടു. ഉടൻ ഇടപെടലുണ്ടാവണം.

∙ ഈ റോഡിന്റെ അറ്റകുറ്റപ്പണിക്കായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണു മനസിലാവുന്നത്. ജോലി ഉടൻ ചെയ്യാൻ പഞ്ചായത്ത് അധികൃതരുമായും ജില്ലാ പഞ്ചായത്ത് അംഗവുമായി ബന്ധപ്പെട്ടു നിർദേശം നൽകാം. 

റെയ്ബി, മുട്ടിനകം, വരാപ്പുഴ

? മുട്ടിനകം ചെട്ടിഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കു കാരണം ജനങ്ങൾ വലയുകയാണ്. ട്രാഫിക് പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും രാവിലെ പൊലീസ് വരാത്തതിനാൽ സ്കൂളിൽ പോകുന്ന വിദ്യാർഥികൾ അടക്കം ബുദ്ധിമുട്ടുന്നു.

∙ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചർച്ച ചെയ്ത് രാവിലെയും വൈകിട്ടും കൃത്യമായി ട്രാഫിക് സേവനം ഉറപ്പാക്കാം. 

എ.ജെ.വർഗീസ്, ഏലൂർ ഫെറി

? ഏലൂർ ഫെറിയിൽ നിന്നു ചേരാനെല്ലൂർ പ്രദേശത്തേക്കുള്ള പാലത്തിനു തറക്കല്ലിട്ടെങ്കിലും പിന്നീടു പണി മുടങ്ങിയിരിക്കുകയാണ്. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവുന്ന ഈ പദ്ധതി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണം.

∙ വി.കെ.ഇബ്രാഹിം കുഞ്ഞ് എംഎൽഎയുടെ ശ്രമഫലമായാണ് ഇവിടെ പാലം പദ്ധതിക്ക് അനുമതിയായത്. തറക്കല്ലിട്ട് നിർമാണം തുടങ്ങാൻ നടപടിയുമായതാണ്. എന്നാൽ, പുതിയ സർക്കാർ വന്നതോടെ പാലം പണി നിർത്തിവച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട് എന്ത് ചെയ്യാനാവുമെന്നു പരിശോധിക്കാം.

മുഹമ്മദ് അസ്‌ലം, വിദ്യാർഥി, എസ്ആർവി സ്കൂൾ, എറണാകുളം

? എംജി റോഡിൽ നിന്നു സ്കൂളിനു മുന്നിലൂടെ ചിറ്റൂർ റോഡിലേക്കുള്ള റോഡിലുൾപ്പടെ രൂക്ഷമായ വെള്ളക്കെട്ടാണ്. സ്കൂൾ വളപ്പിനുള്ളിലും വെള്ളക്കെട്ടാണ്. 

∙ എംജി റോഡിലെ മെട്രോ റെയിൽ ജോലിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണു വെള്ളക്കെട്ടു രൂക്ഷമാക്കിയത്. കെഎംആർഎലുമായി ബന്ധപ്പെട്ട് അവിടെ കലുങ്ക് നിർമിക്കുന്നതുൾപ്പടെയുള്ള പരിഹാര നടപടികൾ ആരംഭിച്ചിരുന്നു. വെള്ളക്കെട്ട് പരിഹരിക്കാൻ ഉടൻ എന്തു ചെയ്യാനാവും എന്നു പരിശോധിക്കാം.

ലോഹിതാക്ഷൻ, വൈറ്റില

? കണിയാമ്പുഴ-ഏരൂർ റോഡ് വികസനം ഏറെക്കാലമായി മുടങ്ങിക്കിടക്കുകയാണ്. 

∙ ഇക്കാര്യത്തിൽ തടസമെന്താണെന്നു പരിശോധിച്ചു നടപടിയെടുക്കാം.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama