go

കപ്പലണ്ടിമുക്കിൽ കപ്പലണ്ടിയില്ല, പുളിഞ്ചോട്ടിൽ പുളിമരവും

Ernakulam News
എറണാകുളം ജോസ് ജംക്‌ഷന്റെ പഴയ കാല ചിത്രം.
SHARE

കൊച്ചി ∙ മേനക... പത്മ... കൊച്ചിയിലൂടെ ഒരിക്കലെങ്കിലും സഞ്ചരിച്ചവർ  ഇൗ രണ്ടു ‘സുന്ദരി’കളെ ഒന്നു കണ്ടെങ്കിലെന്നു കൊതിച്ചുപോകും. അത്രയ്ക്കല്ലേ പ്രശസ്തി! ബസുകളുടെ വാതിലിൽ നിന്നു മേനകയിലേക്കും പത്മയിലേക്കും ആളെ വിളിച്ചുകയറ്റിക്കൊണ്ടിരിക്കുന്നു. എംജി റോഡ് പുകുതി കഴിഞ്ഞാൽ പത്മയ്ക്കു മുന്നിൽ ഇന്നും ഇറങ്ങാം. പക്ഷെ, മേനകയുടെ കാര്യമോ? മേനക ബസ് സ്റ്റോപ്പുണ്ട്. ഷൺമുഖം റോഡിൽ. പണ്ട് ഇവിടെ മേനക എന്നപേരിൽ  ഒരു സിനിമാ തിയറ്ററുണ്ടായിരുന്നു. അതുകൊണ്ടു ബസ് സ്റ്റോപ്പിനും മേനക എന്നു പേരായി. കാലം മാറിമാറിവന്നപ്പോൾ മേനക തീരശീലയഴിച്ചു. പേരു മാത്രം അവിടെവച്ച് മേനക പോയി. പിന്നെ കുറെക്കാലം കഴിഞ്ഞപ്പോൾ പെന്റ മേനകയെന്ന ഷോപ്പിങ് കോംപ്ലക്സ് വന്നു; തിയറ്റർ നിന്ന അതേ സ്ഥലത്ത്.  പത്മയും തിയറ്റർ തന്നെ. പുതുമോടിയൊക്കെയായി  മൾട്ടിപ്ലക്സുകളുടെ കാലത്തും പിടിച്ചുനിൽക്കുന്നു.

Ernakulam News
എറണാകുളം എംജി റോഡിന്റെ പഴയകാല ദൃശ്യം.

ഫാഷനിൽ ജോസ്

എംജി റോഡിലെ ജോസ് ജംക്‌ഷനിൽ കുറച്ചുനേരം നിന്ന്,  കാലം കുറേ പിന്നോട്ടടിക്കണം... കൊച്ചിയുടെ ഫാഷൻ സ്റ്റേറ്റ്മെന്റ് ഇവിടെയായിരുന്നു. ജോസ് ബ്രദേഴ്സ് ടെല്‌റിങ് സെന്റർ. സ്യൂട്ടും കോട്ടും എന്നു വേണ്ട യൂറോപ്യൻ ഫാഷൻ കേരളത്തിലേക്കു വന്നിറങ്ങിയിരുന്നത് ഇൗ ജംക്‌ഷൻ വഴിയാണ്. ജോസ് ബ്രദേഴ്സ് ടെല്‌റിങ് പിന്നീടു വസ്ത്ര വ്യാപാര സ്ഥാപനമായി മാറി. കേരളം മുഴുവൻ  ശാഖകളുണ്ടായി. ജോസ് ബ്രദേഴ്സിന്റെ ‘ കട് പീസ് ’ വ്യാപാരം പാവങ്ങളുടെ വസ്ത്ര സങ്കൽപ്പത്തിലും സ്വപ്നങ്ങൾ നെയ്തു. വസ്ത്ര വ്യാപാരമൊക്കെ അവസാനിപ്പിച്ചെങ്കിലും  തീരെയങ്ങ് ഇല്ലാതെ പോകാതിരിക്കാൻ ജംക്‌ഷനിൽ ഇന്നും  ഒരു ജോസ് ബ്രദേഴ്സ് ഉണ്ട്.   ജംക്‌ഷന്റെ പേരിന് ഇപ്പോഴും മാറ്റമില്ല– ജോസ് ജംക്‌ഷൻ. 

Ernakulam News
കൊച്ചി കപ്പൽശാല സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് ഇങ്ങനെയായിരുന്നു.

ആ വൈദ്യശാല അടച്ചു

എംജി റോഡ് വടക്കേയറ്റം ചെന്ന് അവസാനിക്കുന്നതു മാധവ ഫാർമസി ജംക്‌ഷൻ. അവിടെ ഇറങ്ങി 360 ഡിഗ്രി തിരിഞ്ഞു നോക്കിയാലും  മാധവ ഫാർമസി കാണാനാവില്ല. ശീമാട്ടി, ചെന്നൈ സിൽക്സ്, മെട്രോ സ്റ്റേഷൻ, പിഎൻവിഎം ഹോസ്പിറ്റൽ... ഇതൊക്കെ കാണാം. വളരെക്കാലം മുൻപ് ഇവിടെ പ്രസിദ്ധമായ ആയുർവേദ വൈദ്യശാലയുണ്ടായിരുന്നു. പൊരുതിയിൽ നാരായണൻ വൈദ്യരുടേത്. ആ വൈദ്യശാല പിന്നീട് ആയുർവേദ, ആലോപ്പതി ആശുപത്രിയായി. മാധവ ഫാർമസി എന്ന പേരുമാറ്റി പിഎൻവിഎം എന്നായി. പക്ഷേ, ജംക്‌ഷൻ ഇപ്പോഴും മാധവ ഫാർമസി തന്നെ. 

Ernakulam News
മേനക തിയറ്റർ ഉദ്ഘാടന വേളയിലെ ചിത്രം.

അന്നു പുല്ലുള്ള പടി

പുല്ലേപ്പടിയിൽ ഇന്നു പുല്ലൊന്നുമില്ല. പിന്നെങ്ങനെ ഇൗ പേരുവന്നു? പുല്ലൂറ്റ് എന്നൊരു തറവാട്ടുകാർ ഇവിടെ താമസിച്ചിരുന്നു.  പുല്ലൂറ്റുകാരുടെ പടി പിന്നെപ്പിന്നെ പുല്ലേപ്പടിയാവുകയായിരുന്നു. ഇന്നു കാണുന്ന പുല്ലേപ്പടി ഒരു കാലത്തു ഡെയറി ബിസിനസിന്റെ കേന്ദ്രമായിരുന്നു. ഇൗ ഡെയറികളിലെ പശുക്കൾക്കു വേണ്ടി നഗരത്തിന്റെ പല ഭാഗത്തുനിന്നും പുല്ല് അരിഞ്ഞുകൊണ്ടുവരും.  നഗരത്തിലെ പുല്ല് വിൽപനയുടെ കേന്ദ്രമായിരുന്നു പുല്ലേപ്പടി. ആ വകുപ്പിലും വേണമെങ്കിൽ പുല്ലേപ്പടി എന്നു പറയാം. 

ടാറ്റ പറഞ്ഞ സോപ്പ് മണം

ഹൈക്കോടതിക്കു പുറകിലൂടെ ഇആർജി സ്റ്റേഷൻ കഴിഞ്ഞു അയ്യപ്പൻകാവിലേക്കു പോകുന്ന  റോഡിൽ എന്നും സുഗന്ധമായിരുന്നു. ടാറ്റാപുരം. ആ പേര് ഇന്നാരും പറയുന്നില്ല. വേരറ്റുപോകാതെ, പോസ്റ്റ് ഓഫിസ് മാത്രം  ടാറ്റാപുരം എന്ന് ഇന്നും അറിയപ്പെടുന്നു. എറണാകുളം ജീവിതത്തിന്റെ സജീവ കേന്ദ്രമായിരുന്നു ടാറ്റാപുരം. പിന്നീടു ടാറ്റാപുരം സുകുമാരൻ എന്ന കഥാകൃത്തിലൂടെ കൂടുതൽ അറിഞ്ഞു. ടാറ്റയുടെ സോപ്പ് ഫാക്ടറിയും ഓയിൽ മില്ലും ചേർന്നു ദേശത്തിനു ചാർത്തിക്കൊടുത്ത പേര്. ദക്ഷിണേന്ത്യയിൽ  ആദ്യമായി സുഗന്ധ സോപ്പ്  ഉണ്ടാക്കിയ സ്ഥലം. 

ടാറ്റ ഹെയർ ഓയിൽ കുറച്ചെങ്കിലും കിട്ടാൻ ആളുകൾ കൊതിച്ച കാലം. അന്ന് ഇൗ ഫാക്ടറിയിൽ നിന്നു പുറത്തിറങ്ങുന്ന തൊഴിലാളികൾക്കു പോലും ആ സുഗന്ധമുണ്ടായിരുന്നു. ജോലികഴിഞ്ഞ് അവർ രാത്രി സൈക്കിളിൽ പോകുമ്പോൾ ആ വഴിയെല്ലാം സുഗന്ധം പരക്കും. ട്രേഡ് യൂണിയൻ സമ്മേളനങ്ങളും രാഷ്ട്രീയ യോഗങ്ങളും അവിടെയായിരുന്നു. 1500 ൽ ഏറെ തൊഴിലാളികൾ. സോപ്പും ഹെയർ ഓയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കൊണ്ടുപോകാൻ ഫാക്ടറി വളപ്പിലേക്കു റെയിൽവേ ലൈനുണ്ടായിരുന്നു. 

ഇന്നു ടാറ്റ ഫാക്ടറിയില്ല. ഹിന്ദുസ്ഥാൻ യൂണി ലീവറിന്റേതാണു ഫാക്ടറി. കഷ്ടി 45 ജീവനക്കാർ. സോപ്പ് നിർമാണത്തിനുള്ള  ഗ്രാന്യൂൾസ് കൊണ്ടുവന്നു സൺലൈറ്റ് സോപ്പ് ഉണ്ടാക്കുന്നു. ഒരു ഫാക്ടറിക്കൊപ്പം ഒരു ദേശത്തിന്റെ പേരു തന്നെ ഇല്ലാതായി. അയ്യപ്പൻകാവിനു പടിഞ്ഞാറാണു ടാറ്റാപുരം. ടാറ്റാപുരത്തിനു തൊട്ടടുത്തായിരുന്ന തൃക്കണാർവട്ടത്തിനും  ഇതേ ദുര്യോഗമുണ്ടായി. നഗരസഭയുടെ ഒരു ഡിവിഷന് ഇന്ന് ആ പേരുണ്ട്. റവന്യൂ രേഖകളിലും തൃക്കണാർവട്ടം എന്ന പേരുണ്ട്. സ്ഥലത്തിന്റെ പേര് അയ്യപ്പൻകാവ് എന്നു മാറി. 

പൂട്ടിയ ഹോട്ടലിന്റെ പേര്

സെന്റ് തെരേസാസ് കോളജിനു പുറകിൽ പടിയാത്തുകുളമെന്ന സ്ഥലമുണ്ട്. വലിയ വഞ്ചികളിൽ പച്ചക്കറി എത്തിയിരുന്ന, വ്യാപാരം നടന്നിരുന്ന സ്ഥലം. ഇന്നു കുളമില്ല. കുളം നികത്തിയ സ്ഥലത്തു നഗരസഭയുടെ വാഹനങ്ങൾ തലങ്ങും വിലങ്ങും കിടക്കുന്നതു കാണാം. നഗരസഭയുടെ വാഹന വർക്ക് ഷോപ്പാണ്.  ചിറ്റൂർ റോഡിലെ വൈഎംസിഎ ജംക്‌ഷന് 50 വർഷം മുൻപ് ആ പേരില്ല. അതു ഗുണ പൈ മുക്ക് ആയിരുന്നു. ഹോസ്പിറ്റൽ റോഡ്  കെപിസിസി ജംക്‌ഷൻ ക്രോസ് ചെയ്തു ചിറ്റൂർ റോഡിലേക്കു ചേരുന്ന സ്ഥലത്തിനു ഇയ്യാട്ടുമുക്കെന്നാണു പേര്. ഇയ്യാട്ടുകുടുംബക്കാർ താമസിച്ചിരുന്ന സ്ഥലം. രവിപുരത്തിനടുത്തുള്ള  റെയിൽവേ ഗേറ്റ് ജംക്‌ഷൻ അറ്റ്ലാന്റിസ് ഗേറ്റ് ആണ്. പണ്ട് ഇവിടെയൊരു ഹോട്ടലുണ്ടായിരുന്നു, അറ്റ്ലാന്റിസ് എന്ന പേരിൽ. അക്കാലത്തെ ഭേദപ്പെട്ടൊരു ഹോട്ടൽ.   കപ്പൽ ശാലയ്ക്കു സ്ഥലമെടുപ്പു വന്നപ്പോൾ ഹോട്ടലിന്റെ സ്ഥലം പോയി. എന്നിട്ടും ഇന്നും ആ സ്ഥലം അറ്റ്ലാന്റിസ് തന്നെ. 

പെരുമാനൂ‍രും കുരിശുമുക്കും

പെരുമാനൂർ പള്ളിയും ആംഗ്ലോ  ഇന്ത്യൻ സ്കൂളും ഇല്ലായിരുന്നെങ്കിൽ പെരുമാനൂർ എന്നൊരു ദേശം വിസ്മൃതമാകുമായിരുന്നു. തേവര ജംക്‌ഷൻ മുതൽ എറണാകുളം ജനറൽ ആശുപത്രിവരെ വിശാലമായിക്കിടന്നിരുന്ന പ്രദേശമാണു പെരുമാനൂർ. വില്ലിങ്ടൺ ഐലൻഡിൽ നിന്നുള്ള പാലം കഴിഞ്ഞാൽ, ഷിപ് യാഡ് ഇന്നിരിക്കുന്ന സ്ഥലത്തിനുള്ളിലൂടെയായിരുന്നു പഴയ റോഡ്. ഷിപ് യാഡിനു സ്ഥലം ഏറ്റെടുത്തപ്പോൾ ആ റോഡിന്റെ പകുതി പോയി. ബാക്കി ഓൾഡ് തേവര റോഡ് എന്ന പേരിൽ അറിയപ്പെട്ടു. പെരുമാനൂർ പള്ളിക്കു മുന്നിൽ നിന്നു കുരിശുപള്ളി റോഡിലൂടെ കായലിലേക്കു വഴി. ആ റോഡും കുരിശുപള്ളി റോഡും സന്ധിക്കുന്നിടത്തു കുരിശുമുക്ക്. അവിടെനിന്നു നേരേ ചെല്ലുന്നതു വരവുകാട്ട് പള്ളിയിലേക്ക്. 

പെരുമാനൂർ പള്ളിയുടെ സെമിത്തേരിപ്പള്ളിയായിരുന്നു അത്. ആ സ്ഥലത്ത് ഇന്നു  കപ്പൽശാലയുടെ ഡ്രൈ ഡോക് സ്ഥിതിചെയ്യുന്നു.  മണ്ണിട്ടുനികത്തിയ സ്ഥലമായിരുന്നു ഇത്. അതിനാൽ ബണ്ട് എന്നു വിളിച്ചു. വിളിച്ചുവിളിച്ചു നാട്ടുകാർ  ഇതിനെ  ‘ വൺ ഡേ ’ എന്നാക്കി.  കപ്പൽശാലയിരിക്കുന്ന സ്ഥലം വൺഡേ ജംക്‌ഷനായിരുന്നു ഒരു കാലത്ത്. വൺഡേ ജംക്‌ഷനിലെ വരവുകാട്ട് പള്ളി കപ്പൽശാലയ്ക്കു വേണ്ടി മാറ്റി സ്ഥാപിച്ചു, പനമ്പിള്ളിനഗറിലെ അംബികാപുരം പള്ളി. പെരുമാനൂർ കരയുടെ അറ്റത്ത്, ഇന്നു തേവര ജംക്‌ഷൻ എന്നറിയപ്പെടുന്നിടത്ത് ഒരു റെയിൽവേ സ്റ്റേഷനുണ്ടായിരുന്നു. തേവര, കോന്തുരുത്തി, നെട്ടൂർ, കുമ്പളം ഭാഗങ്ങളിലുള്ളവർ ട്രെയിൻ കയറിയിരുന്ന സ്ഥലം. ആ റെയിൽവേ ലൈൻ തന്നെ ഇല്ലാതായതോടെ സ്റ്റേഷന്റെ പ്രവർത്തനം നിലച്ചു. പാളം വരെ ആളുകൾ ഉൗരിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം  സ്റ്റേഷന്റെ  അവസാന തൂണും  വീണു. 

കപ്പലണ്ടിമുക്കിൽ കപ്പലണ്ടിയില്ല

കപ്പലണ്ടിയും  കൊപ്രയും ആട്ടി എണ്ണയെടുക്കുന്ന തമിഴ്നാട്ടുകാർ കുടിയേറി പ്പാർത്ത സ്ഥലം പാണ്ടിക്കുടി. എണ്ണയാട്ടു നിന്നെങ്കിലും പാണ്ടിനാട്ടുകാർ താമസിച്ചുവന്ന സ്ഥലത്തിന് ഇന്നും അതേ പേരുതന്നെ. ചിരട്ടപ്പാലം പണ്ടു ചിരട്ടക്കച്ചവട കേന്ദ്രമായിരുന്നു. വലിയ മച്ചുവകൾ ചിരട്ടയുമായി അടുത്ത പാലം ചിരട്ടപ്പാലമായി. തൊട്ടടുത്തുതന്നെ കൽക്കരി വ്യാപാരത്തിന്റെ കേന്ദ്രമായി കരിപ്പാലമുണ്ടായി. നെല്ലുവന്ന സ്ഥലം നെല്ലുപാലം. ഫോർട്ട്കൊച്ചിയിൽ നിന്നു വരുമ്പോൾ എറണാകുളത്തിനും മട്ടാഞ്ചേരിക്കും തിരിയുന്ന സ്ഥലം കപ്പലണ്ടി മുക്ക്. കപ്പലണ്ടിക്കച്ചവടമായിരുന്നു ഇവിടെ. 

അപകടച്ചോട്

പുളിഞ്ചോട്– ആലുവ നഗരകേന്ദ്രത്തിൽ നിന്നു വാഹനങ്ങൾ ദേശീയപാതയിലേക്കു കയറുന്ന സ്ഥലം. അവിടെ മെട്രോ സ്റ്റേഷനു പുളിഞ്ചോട് എന്നാണു പേര്. എന്നാൽ പുളിഞ്ചോട് ജംക്‌ഷൻ ഒരുകാലത്തു കേരളം മുഴുവൻ അറിയുന്ന സ്ഥലമായിരുന്നു. നിരന്തരമുണ്ടാകുന്ന വാഹനാപകടങ്ങളുടെ പേരിൽ. 4 വരിപ്പാതയും ഗതാഗത ക്രമീകരണങ്ങളും വന്നതോടെ പുളിഞ്ചോടിന്റെ ആ ദുര്യോഗം മാറി. പണ്ട് അവിടെയുണ്ടായിരുന്ന  കൂറ്റൻ പുളിമരം ഇപ്പോഴില്ല. മരം പോയെങ്കിലും ജംക്‌ഷന്റെ പേരു മാറിയില്ല. ഇന്നും പുളിഞ്ചോടുതന്നെ. ആലുവയോടു ചുറ്റിപ്പറ്റി വേരു പറിഞ്ഞുപോയ വേറെയും സ്ഥലങ്ങളുണ്ട്. ഗ്ലാസ് ഫാക്ടറി സ്റ്റോപ്പ്, കൊച്ചിൻ ബാങ്ക് ജംക്‌ഷൻ എന്നിങ്ങനെ. പണ്ടുണ്ടായിരുന്ന കൊച്ചിൻ ബാങ്കിന്റെ ആസ്ഥാനമായിരുന്നു  ഇൗ ജംക്‌ഷനിൽ. കൊച്ചിൻ ബാങ്ക് പിന്നീടു മറ്റൊരു ബാങ്കിൽ ലയിച്ചെങ്കിലും നാട്ടുകാർ ആ പേരു മുറുകെപ്പിടിച്ചു, ഇന്നും കൊച്ചിൻ ബാങ്ക് ജംക്‌ഷൻ തന്നെ. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama