go

പദ്ധതികളിൽ ക്രമക്കേടെന്ന്; നഗരസഭയിൽ പ്രതിഷേധം

Ernakulam News
മൂവാറ്റുപുഴ നഗരസഭ അധ്യക്ഷയുടെ ഓഫിസിനു മുന്നിൽ പ്രതിപക്ഷാംഗങ്ങൾ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.
SHARE

മൂവാറ്റുപുഴ∙ നഗരസഭയിൽ പുതിയ പദ്ധതികൾ ‍തയാറാക്കിയതിലെ ക്രമക്കേടുകളും പുഴയോര ടൂറിസം പദ്ധതിയോടുള്ള അവഗണനയും ചൂണ്ടിക്കാട്ടി പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ ഹാളിലും നഗരസഭ ചെയർപഴ്സന്റെ ഓഫിസിനു മുന്നിലും കുത്തിയിരുന്നു.  നഗരസഭയുടെ 2019–20 ബജറ്റ് വിഹിതത്തിന് അനുസൃതമായി വാർഷിക പദ്ധതിയും ഭേദഗതിയും പുതിയ പദ്ധതികളും തയാറാക്കിയതിൽ ക്രമക്കേടുകളും നിയമലംഘനവും ഉണ്ടെന്നാരോപിച്ചാണ് പ്രതിപക്ഷം ബഹളം വച്ചത്. 

നിലവിൽ കെട്ടിടമുള്ള അങ്കണവാടികൾക്ക് വീണ്ടും കെട്ടിടം നിർമിക്കാനും കഴിഞ്ഞ പദ്ധതി കാലയളവിൽ നിർമാണ ജോലികൾ പൂർത്തിയാക്കിയ റോഡുകളുൾപ്പെടെയുള്ള പദ്ധതികൾക്ക് വീണ്ടും പണം അനുവദിച്ചും വൻ അഴിമതിക്കു വഴിയൊരുക്കുന്നതാണ് പുതിയ നിർദേശങ്ങളെന്നാണ് ആക്ഷേപം. പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിലെ വികസന പദ്ധതികൾക്ക് പണം അനുവദിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. നിലവിൽ  മികച്ച കെട്ടിടങ്ങളുള്ള അങ്കണവാടികൾക്ക്  പുതിയ കെട്ടിടം നിർമിക്കാൻ വീണ്ടും തുക പദ്ധതി വിഹിതത്തിൽ ഉൾപെടുത്തിയപ്പോൾ അങ്കണവാടിയില്ലാത്ത ഇരുപതാം വാർഡിൽ അങ്കണവാടി നിർമിക്കാനുള്ള പണം അനുവദിച്ചില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

വലിയ പ്രതീക്ഷകളോടെ മൂന്നര കോടിയോളം രൂപ ചെലവഴിച്ചു നിർമിച്ച പുഴയോര ടൂറിസം പദ്ധതിയോടുള്ള അവഗണനയ്ക്കെതിരെയും പ്രതിപക്ഷം ബഹളം വച്ചു. പുഴയോര ടൂറിസം പദ്ധതി കാടുകയറിയ നിലയിലാണ്. ഇവിടെയുള്ള വിളക്കുകൾ തെളിയുന്നില്ല. ഇതു മുതലെടുത്ത് സാമൂഹിക വിരുദ്ധർ പുഴയോര നടപ്പാത കയ്യടക്കുന്നുവെന്നും ഇതിനെതിരെ പ്രതിഷേധങ്ങളുയർന്നിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നുമാണ് പരാതി. കൗൺസിൽ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷാംഗങ്ങൾ നഗരസഭാ കൗൺസിൽ ഹാളിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. കൗൺസിൽ യോഗം അവസാനിച്ചതോടെ നഗരസഭ അധ്യക്ഷയുടെ ഓഫിസിനു മുന്നിലും പ്രതിപക്ഷാംഗങ്ങൾ കുത്തിയിരുന്നു. പ്രതിപക്ഷ നേതാവ് കെ.എ.അബ്ദുൽ സലാം, ഉപനേതാവ് സി.എം.ഷുക്കൂർ, ജയ്സൺ തോട്ടത്തിൽ, ഷാലിനാ ബഷീർ, പ്രമീളാ ഗിരീഷ്, ജിനു ആന്റണി, എസ്.ജയകൃഷ്ണൻ എന്നിവർ സമരത്തിനു നേതൃത്വം നൽകി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama