go

NGO നിങ്ങൾ ഗെറ്റ് ‌ഔട്ട്

Ernakulam News
കാക്കനാട്ടെ എൻജിഒ ഫ്ലാറ്റുകളിൽ ചിലത്. ഇവ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടി മെട്രോ സിറ്റിക്കായി വിട്ടുകിട്ടണമെന്നാണ് കെഎംആർഎല്ലിന്റെ ആവശ്യം.
SHARE

കാക്കനാട്∙ എൻജിഒ ക്വാർട്ടേഴ്സ് മേഖലയിൽ ശേഷിക്കുന്ന 16 ഏക്കർ സ്ഥലം കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കെഎംആർഎൽ സർക്കാരിനു കത്തു നൽകി. ഇതോടെ സർക്കാർ ജീവനക്കാരുടെ മുഴുവൻ പാർപ്പിട സമുച്ചയങ്ങളും പൊളിക്കേണ്ടി വരുമെന്ന ആശങ്ക ഉയർന്നു. സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾ താമസിക്കുന്ന 396 ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണു കെഎംആർഎൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ മെട്രോ സിറ്റിക്കായി എൻജിഒ ക്വാർട്ടേഴ്സ് മേഖലയിൽ 17 ഏക്കർ കെഎംആർഎല്ലിനു കൈമാറിയിരുന്നു. ഇവിടെയുണ്ടായിരുന്ന 162 ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കുകയും ചെയ്തു. അന്നു കുടിയിറക്കപ്പെട്ട സർക്കാർ ജീവനക്കാരിൽ പലരും ഉയർന്ന വാടക നിരക്കിൽ വീടെടുത്താണു താമസിക്കുന്നത്. ഇതിനിടെയാണു ശേഷിക്കുന്ന 16 ഏക്കർ കൂടി മെട്രോ റെയിൽ കമ്പനിക്കു കൈമാറാൻ നീക്കം.

സർക്കാർ ജീവനക്കാർക്കായി മെട്രോയുടെ മേൽനോട്ടത്തിൽ കാക്കനാട്ട് പുതിയ പാർപ്പിട സമുച്ചയം നിർമിക്കാനുള്ള പദ്ധതി എങ്ങുമെത്താതിരിക്കെയാണു നിലവിലുള്ള എൻജിഒ ഫ്ലാറ്റുകൾ ഒഴിപ്പിച്ചു സ്ഥലമേറ്റെടുക്കാനുള്ള കെഎംആർഎല്ലിന്റെ ശ്രമം. മെട്രോ സിറ്റിക്കായി നേരത്തെ ഇവിടത്തെ ഒട്ടേറെ ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റിയതിനു പകരമാണു പുതിയ പാർപ്പിട സമുച്ചയം വാഗ്ദാനം ചെയ്തിരുന്നത്. ഇതു നടപ്പായില്ല. 396 കുടുംബങ്ങളെക്കൂടി കുടിയിറക്കിയാൽ ഇവരും പുറത്തെ വാടക വീടുകളിൽ അഭയം തേടേണ്ടി വരും. നേരത്തെ പ്രഖ്യാപിച്ച പാർപ്പിട സമുച്ചയം പൂർത്തിയാക്കാതെ സ്ഥലം കൈമാറാനുള്ള നീക്കത്തിനെതിരെ സർവീസ് സംഘടനകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നുണ്ട്. അത്യാധുനിക ഫ്ലാറ്റ് മാതൃകയിൽ സർക്കാർ ജീവനക്കാർക്കായി പാർപ്പിട സമുച്ചയം നിർമിക്കാനാണ് മെട്രോ റയിൽ കമ്പനി തീരുമാനിച്ചിരുന്നത്. 

ജീവനക്കാർക്കായി ഫ്ലാറ്റുകൾ നിർമിക്കാൻ സർക്കാരും പദ്ധതി തയാറാക്കിയിരുന്നു. പുതുതായി 400 എൻജിഒ ഫ്ലാറ്റുകൾ പണിയാൻ 42 കോടി രൂപയുടെ പദ്ധതിക്കു വർഷങ്ങൾക്കു മുൻപ് അംഗീകാരം ലഭിച്ചിരുന്നു. എൻജിഒ ക്വാർട്ടേഴ്സ് മേഖല പൂർണമായി കെഎംആർഎല്ലിനു കൈമാറുന്നതോടെ ഈ പദ്ധതികളൊക്കെ അവതാളത്തിലാകുമെന്നാണു ജീവനക്കാരുടെ ആശങ്ക.  ദൂരെ പ്രദേശങ്ങളിൽ നിന്നു കലക്ടറേറ്റ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ജോലി ചെയ്യുന്ന പല ജീവനക്കാരുടെയും കുടുംബങ്ങൾ കാക്കനാട്ടും പരിസരങ്ങളിലും പൊള്ളുന്ന വാടകയ്ക്കു വീടെടുത്തു താമസിക്കുകയാണ്.

ശുപാർശ ചുവപ്പുനാടയിൽ

കോടതിയിലേതുൾപ്പെടെ സ്ഥലം മാറ്റമില്ലാത്ത സ്ഥാപനങ്ങളിലെ ജീവനക്കാർക്കു പ്രത്യേക ക്വാർട്ടേഴ്സ് സ്ഥാപിക്കണമെന്ന ശുപാർശ ജില്ലാ ഭരണകൂടം സർക്കാരിനു സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല. നിലവിലുള്ള എൻജിഒ ക്വാർട്ടേഴ്സുകളിൽ നല്ലൊരു പങ്കും സ്ഥലം മാറ്റമില്ലാത്ത ഹൈക്കോടതിയിലേതുൾപ്പെടെയുള്ള ജീവനക്കാർക്ക് അനുവദിച്ചതിനാൽ പുതുതായെത്തുന്ന സർക്കാർ ജീവനക്കാർക്കു ക്വാർട്ടേഴ്സ് കണ്ടെത്താൻ നിർവാഹമില്ലാത്ത അവസ്ഥയാണെന്നു ചൂണ്ടിക്കാട്ടിയാണു പുതിയ ക്വാർട്ടേഴ്സിന് അടിയന്തര നടപടി വേണമെന്നു ജില്ലാ ഭരണകൂടം 5 വർഷം മുൻപ് ആവശ്യപ്പെട്ടിരുന്നത്.

സാധാരണ വകുപ്പുകളിലെ ജീവനക്കാർ സ്ഥലം മാറ്റം കിട്ടിയെത്തുമ്പോൾ ക്വാർട്ടേഴ്സ് നൽകാനാകുന്നില്ല.    സ്ഥലം മാറ്റമില്ലാത്ത  ജീവനക്കാർക്കു ലഭിക്കുന്ന ക്വാർട്ടേഴ്സിൽ  സർവീസ് കാലം മുഴുവൻ (30–35 വർഷം വരെ) താമസിക്കാം. ഇതുമൂലമാണു പുതുതായെത്തുന്ന ജീവനക്കാർക്കു ക്വാർട്ടേഴ്സ് നൽകാൻ കഴിയാത്തത്. പുതിയ പദ്ധതി നടപ്പാക്കുമ്പോൾ സ്ഥലം മാറ്റമില്ലാത്ത ജീവനക്കാർക്കായി പ്രത്യേകം ക്വാർട്ടേഴ്സ് നിർമിക്കണമെന്നാണ് ആവശ്യം.

എന്നു വരും മെട്രോ സിറ്റി?

സ്ഥലം കൈമാറ്റം അനിശ്ചിതത്വത്തിലായാൽ മെട്രോ സിറ്റിയുടെ വരവു വൈകും. മെട്രോ ഓടിത്തുടങ്ങുന്നതിനൊപ്പം എൻജിഒ ക്വാർട്ടേഴ്സ് മേഖലയിൽ മെട്രോ സിറ്റി പദ്ധതിയും പ്രാവർത്തികമാക്കുമെന്നായിരുന്നു പ്രഖ്യാപനം. കൊച്ചി മെട്രോ റെയിൽ കമ്പനിക്കു സ്ഥിര വരുമാനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ആദ്യം മെട്രോ ബിസിനസ് ഡിസ്ട്രിക്റ്റ് എന്ന പേരിലും പിന്നീടു മെട്രോ സിറ്റി എന്ന പേരിലും പദ്ധതി ആവിഷ്ക്കരിച്ചത്. ഭാവിയിൽ കെഎംആർഎൽ ആസ്ഥാനം ഇവിടേക്കു മാറ്റാനും ആലോചിച്ചിരുന്നു. പദ്ധതി യാഥാർഥ്യമാകുന്നതോടെ വിശാല കൊച്ചിയിലെ ഏറ്റവും വലിയ ഷോപ്പിങ്, വിനോദ കേന്ദ്രമായി ഈ മേഖല മാറുമെന്നായിരുന്നു വിലയിരുത്തൽ. 

നടപടികൾക്കു വേണ്ടത്ര വേഗം കിട്ടാതായതോടെ മെട്രോ ട്രെയിൻ ഓടിയിട്ടും മെട്രോ സിറ്റി പദ്ധതി ഫയലിൽ ഒതുങ്ങി.     സ്മാർട്സിറ്റി, ഇൻഫോപാർക്ക്, പ്രത്യേക സാമ്പത്തിക മേഖല എന്നിവയുമായി ബന്ധപ്പെട്ടു വിദേശികളടക്കം ഒട്ടേറെ പേർ കാക്കനാട്ട് സ്ഥിര താമസമാക്കുമെന്ന പ്രതീക്ഷയും പദ്ധതിക്കു പിന്നിലുണ്ടായിരുന്നു. ഷോപ്പിങ് മാളുകളും തിയറ്റർ കോംപ്ലക്സും ഹോട്ടലുകളും റസ്റ്ററന്റുകളും ഉൾപ്പെടുന്ന പദ്ധതിയിൽ നിന്നു വൻ ലാഭം ഉണ്ടാക്കാനാകുമെന്നായിരുന്നു മെട്രോ റെയിൽ കമ്പനിയുടെ വിലയിരുത്തൽ.

'താമസ സൗകര്യം ഉറപ്പാക്കണം' - സി.എ. അനീഷ് (ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം)

ജില്ലയിലെ ദൂര പ്രദേശങ്ങളിൽ നിന്നും ഇതര ജില്ലകളിൽ നിന്നും സർക്കാർ ഓഫിസുകളിൽ ജോലിക്കെത്തുന്നവർക്കു കുറഞ്ഞ വാടകയ്ക്കു കിടപ്പാടമെന്നതാണ് എൻജിഒ ക്വാർട്ടേഴ്സ് കൊണ്ടു ലക്ഷ്യമിടുന്നത്. 25 ശതമാനം ജീവനക്കാർക്കെങ്കിലും ക്വാർട്ടേഴ്സ് ലഭ്യമാക്കണം. നിലവിലെ താമസക്കാർക്കു താമസ സൗകര്യം ഉറപ്പാക്കിയിട്ടു മാത്രമേ സ്ഥലം കൈമാറാവൂ.

'കുടിയിറക്കരുത് '- ടി.വി. ജോമോൻ (എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി)

വികസനത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരെ കുടിയിറക്കരുത്. നേരത്തെ വാഗ്ദാനം ചെയ്ത പാർപ്പിട സമുച്ചയം പൂർത്തിയാക്കണം. വൻ വാടക നൽകിയാണു പല ജീവനക്കാരും ഓഫിസിനടുത്തു വീടെടുത്തു താമസിക്കുന്നത്. എൻജിഒ ക്വാർട്ടേഴ്സ് മേഖല കെഎംആർഎല്ലിനു കൈമാറിയപ്പോൾ കുടിയിറക്കിയ  ജീവനക്കാരിൽ പലർക്കും ഇപ്പോഴും വീടു കിട്ടിയിട്ടില്ല.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama