go

നിപ്പ: പറവൂരിൽ കേന്ദ്രസംഘം

Ernakulam News
വൗവ്വാലുകളെ പിടികൂടാൻ വലകൾ വിരിക്കുന്നതിനായി പോസ്റ്റുകൾ ഇടുന്നു.
SHARE

പറവൂർ ∙ നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കേന്ദ്ര സംഘം പറവൂരിലെ തുരുത്തിപ്പുറം, വാവക്കാട് പ്രദേശങ്ങൾ സന്ദർശിച്ചു. നിപ്പ വൈറസ് വാഹകരായ വവ്വാലുകളെ പിടികൂടാൻ ഇവിടെ വലകൾ സ്ഥാപിച്ചു. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.ബി. സുദീപ്,  ആലപ്പുഴ എൻഐവി ഉപകേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബാലസുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലാണു കേന്ദ്രസംഘം വവ്വാലുകളിൽ നിന്നു സാംപിളുകൾ ശേഖരിക്കുന്നത്. പോസ്റ്റുകൾ സ്ഥാപിച്ചാണു വലകൾ ഘടിപ്പിച്ചത്. രാത്രിയിൽ സഞ്ചരിക്കുന്ന വവ്വാലുകൾ വലയിൽ കുടുങ്ങും. 

ഈ വവ്വാലുകളിൽ നിന്ന് ഇന്ന് സാംപിളുകൾ ശേഖരിക്കും. തുടർന്ന് പുണെ എൻഐവിയിൽ വിശദ പരിശോധന നടത്തി നിപ്പ വൈറസ് ബാധയുണ്ടോയെന്നു കണ്ടെത്തും. നിപ്പ ബാധിച്ച വിദ്യാർഥിയുടെ വീട് സ്ഥിതി ചെയ്യുന്ന തുരുത്തിപ്പുറത്തും, വാവക്കാടും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ പഴംതീനി വവ്വാലുകളെ കണ്ടെത്തിയിരുന്നു. പഴംതീനി വവ്വാലുകളാണു നിപ്പ വൈറസ് ബാധയ്ക്കു കാരണമാകുന്നത്. എയിംസിലെ ഡോ. അശുതോഷ് ബിശ്വാസിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും ഇന്നലെ തുരുത്തിപ്പുറത്തു സന്ദർശനം നടത്തി.  വിദ്യാർഥിക്കു നിപ്പ ബാധിച്ചതു പേരയ്ക്ക കഴിച്ചതു മൂലമാണെന്ന സംശയത്തെ തുടർന്നായിരുന്നു സംഘത്തിന്റെ പരിശോധന.

നിപ്പയ്ക്കെതിരെ ചിത്രം വരച്ചു

Ernakulam News
നിപ്പ രോഗ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ.

കൊച്ചി ∙ നിപ്പ രോഗ ബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യ ബോധവൽക്കരണം ലക്ഷ്യമിട്ടു ജില്ലയിലെ സ്കൂളുകളിൽ ‘വരയ്ക്കാം ആരോഗ്യത്തിനായി’ ചിത്രരചന മത്സരം നടത്തി. അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് കെ. ചന്ദ്രശേഖരൻ നായർ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു. എൽപി, യുപി, ഹൈസ്കൂൾ, വിഎച്ച്എസ്എസ്, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായാണു ചിത്രരചന മത്സരം സംഘടിപ്പിച്ചത്. സ്കൂൾ, ഉപജില്ല, ജില്ലാ തലങ്ങളിൽ മികച്ച രചനകൾക്കു സമ്മാനങ്ങൾ നൽകും. സ്കൂൾ അസംബ്ലികളിൽ ഇന്നലെ പ്രത്യേകം തയാറാക്കിയ ബോധവൽക്കരണ സന്ദേശം വായിച്ചു. ബോധവൽക്കരണ ക്ലാസുകളും നടന്നു. അഡീഷനൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എസ്. ശ്രീദേവി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.കെ. ലളിത, ഡപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. കെ.ആർ. വിദ്യ, ഗവ. ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക പി.വി. ശൈലജ, പിടിഎ പ്രസിഡന്റ് ഷിബു ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.

ഐസലേഷൻ വാർഡിൽ മൂന്നുപേർ കൂടി

കൊച്ചി ∙ നിപ്പ രോഗ ലക്ഷണങ്ങളുമായി എറണാകുളം മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിൽ ഇന്നലെ 3 പേരെ കൂടി പ്രവേശിപ്പിച്ചു. അതേസമയം, രോഗ ബാധയില്ലെന്നു സ്ഥിരീകരിച്ച 2 പേരെ മെഡിക്കൽ കോളജിൽ നിന്നു ഡിസ്ചാർജ് ചെയ്തു. 6 പേരാണ് ഇപ്പോൾ ഐസലേഷൻ വാർഡിലുള്ളത്. മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച പരിശോധിച്ച 10 സാംപിളിലും വൈറസ് ബാധ ഇല്ലെന്നു  കണ്ടെത്തിയിരുന്നു. നിപ്പ രോഗം ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടു. രോഗിയുമായി ഇടപഴകിയ ഒരാളെ കൂടി ഉൾപ്പെടുത്തിയതോടെ നിരീക്ഷണ പട്ടികയിൽ ഇപ്പോൾ 330 പേരാണുള്ളത്. 

നിരീക്ഷണ കാലാവധി പൂർത്തിയാക്കുന്നതിനാൽ ഇവരിൽ 33 പേരെ ഇന്നു പട്ടികയിൽ നിന്ന് ഒഴിവാക്കും. കഴിഞ്ഞ മാസം എറണാകുളം ജില്ലയിൽ റജിസ്റ്റർ ചെയ്ത 1798 മരണങ്ങളിൽ 1689 എണ്ണം പരിശോധിച്ചു. നിപ്പ രോഗം സംശയിക്കുന്ന മരണങ്ങളുണ്ടായിട്ടില്ല. ആരോഗ്യ വിദഗ്ധർ 4 മെഡിക്കൽ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. നിപ്പ വൈറസിന്റെ ഉറവിടം അന്വേഷിക്കുന്ന കേന്ദ്ര സംഘം പറവൂരിൽ സന്ദർശനം നടത്തി. ഇതിനിടെ, നിപ്പ ലക്ഷണങ്ങളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്കു രോഗമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. ആശുപത്രി വളപ്പിലെ ദേശീയ വൈറോളജി ഇൻ‌സ്റ്റിറ്റ്യുട്ടിലാണു പരിശോധന നടന്നത്. നേരിയ പനി മാത്രമുള്ള യുവതി ആശുപത്രിയിൽ ചികിൽസയിലാണ്. അടുത്ത ദിവസം ഡിസ്ചാർ‌ജ് ചെയ്തേക്കും. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama