go

മഴയിൽ മരണം,മാരകദുരിതം

Ernakulam News
രാജുവിന്റെ മരണത്തിനിടയാക്കി കിഴകൊമ്പിൽ കെട്ടിടനിർമാണ സൈറ്റിൽ റബർമരം കിണറിനു മുകളിലേക്ക് കടപുഴകി വീണ‌ുണ്ടായ അപകടം.
SHARE

കൊച്ചി∙ ജില്ലയിൽ 2 പേരുടെ ജീവനെടുത്തു കാലവർഷക്കലി. ഓട്ടോറിക്ഷയ്ക്കു മുകളിൽ ചക്കവീണുണ്ടായ അപകടത്തിൽ ഡ്രൈവർക്കു ഗുരുതരപരുക്കുമേറ്റു.  മുളന്തുരുത്തിയിൽ റെയിൽവേ ട്രാക്കിലേക്കു മരം വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ജില്ലയുടെ തീരമേഖലയെ വിറപ്പിച്ചു കടൽകയറ്റവും തുടരുന്നു.  കടലാക്രമണം രൂക്ഷമായ ചെല്ലാനം തീരത്തു മാത്രം നാനൂറോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. നൂറോളം കുടുംബങ്ങൾ വീടൊഴിഞ്ഞു പോയി. ദുരിത മേഖലകൾ സന്ദർശിക്കാനെത്തിയ കലക്ടർ മുഹമ്മദ് സഫിറുല്ലയ്ക്കു നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നു മടങ്ങേണ്ടിയും വന്നു. 

മരണം കൂത്താട്ടുകുളത്തും മുളന്തുരുത്തിയിലും

Ernakulam News
കെ. രാജു , പി.ടി.സാജൻ.

ശക്തമായ കാറ്റിലും മഴയിലും കെട്ടിടനിർമാണ സൈറ്റിൽ റബർമരം കടപുഴകി വീണാണു കൂത്താട്ടുകുളം ബാപ്പുജി കവല കുളത്തിങ്കൽ വീട്ടിൽ കെ. രാജുവിന്റെ (52)  മരണം. ഉച്ചയോടെ കിഴകൊമ്പു ഭാഗത്തു നിർമാണത്തിലിരിക്കുന്ന വീടിന്റെ സമീപത്തുള്ള കിണർഭിത്തി തേച്ചുകൊണ്ടിരിക്കെ ആയിരുന്നു അപകടം. മഴ നനയാതിരിക്കാൻ പ്ലാസ്റ്റിക് പടുത വലിച്ചു കെട്ടി അതിനു കീഴിലിരുന്നു ജോലി ചെയ്യുന്നതിനിടെ രാജുവിന്റെ മുകളിലേക്കു മരം വീഴുകയായിരുന്നു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംസ്കാരം ഇന്നു 12ന്. ഭാര്യ: ഉഷ (അല്ലപ്ര). മക്കൾ: സ്വപ്ന, രേഷ്മ (സോഫ്റ്റ്‌വെയർ എൻജിനീയർ, ചെന്നൈ), രാഹുൽ. മരുമകൻ: അനീഷ്. 

വീടിനു സമീപത്തെ തോട്ടിലാണു മുളന്തുരുത്തി പുളിക്കമാലി പീടികപ്പറമ്പിൽ പരേതനായ കുഞ്ഞന്റെ മകൻ പി.ടി.സാജനെ(39) മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി മുതൽ യുവാവിനെ കാണാത്തതിനെ തുടർന്നു നടത്തിയ തിരച്ചിലിനിടെ ഇന്നലെ ഉച്ചയ്ക്കു 3നാണു നാട്ടുകാർ തോട്ടിൽ മൃതദേഹം കണ്ടത്. രണ്ടടിയോളം വെള്ളമാണു തോട്ടിലുണ്ടായിരുന്നത്. തോടിനു കുറുകെ നടക്കാനിട്ടിരുന്ന അടയ്ക്കാമരത്തിൽ നിന്നു കാൽ വഴുതി വീണതാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് 2ന് എടയ്ക്കാട്ടുവയൽ കാനായിക്കോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും. മാതാവ്: കുഞ്ഞമ്മ. സഹോദരങ്ങൾ: സന്തോഷ് (കലക്ട്രേറ്റ്, കാക്കനാട്), ഡിംപിൾ. 

കൂത്താട്ടുകുളം ചെരുകുന്നു മലയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കു ചക്ക വീണാണു ഡ്രൈവർക്കു ഗുരുതര പരുക്കേറ്റത്. കൂത്താട്ടുകുളം മുനിസിപ്പൽ ഓഫിസിനു മുന്നിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർ വെളിയനാട് പുന്നയ്ക്കൽ ഹരിദാസിനാണു (52) പരുക്ക്. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഇന്നലെ ഉച്ചയ്ക്കു വലുപ്പമുള്ള ചക്ക കാറ്റിൽ അടർന്നു വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിൽ ഇടിച്ചാണു നിന്നത്. 

വീടിനുള്ളിൽ കടൽ; തീരം കണ്ണീരിൽ 

ശക്തമായ കടൽകയറ്റത്തിൽ പൊറുതിമുട്ടിയിരിക്കുകയാണു ചെല്ലാനത്തെ ജനങ്ങൾ. അലറിയെത്തുന്ന തിരമാലകളെ തടുക്കാൻ കടലിനും കിടപ്പാടത്തിനുമിടയിൽ ഒന്നുമില്ല. താൽക്കാലിക പ്രതിരോധത്തിന്റെ ഭാഗമായി നിർമിച്ച മണൽവാടകളും ജിയോ ബാഗുകളും കടൽകയറ്റത്തിൽ ഒലിച്ചുപോയി. ഒരുകാലത്തു ചെല്ലാനത്തെ കടലാക്രമണത്തിൽ നിന്നു കോട്ടപോലെ കാത്തിരുന്ന കടൽഭിത്തി തകർന്നു ചിതറിക്കിടക്കുന്നു. 3 ദിവസമായുള്ള ശക്തമായ വേലിയേറ്റത്തിൽ നാനൂറിലേറെ വീടുകളിൽ വെള്ളം കയറി. കമ്പനിപ്പടി, ബസാർ, മറുവക്കാട് മേഖല വെള്ളത്തിനടിയിലാണ്. വീടുകളിൽ മണ്ണും ചെളിയും നിറഞ്ഞു. വീടുകളുടെ ശുചിമുറി തകർന്നു മാലിന്യം ഒഴുകുന്നു. തീരദേശത്തു രോഗഭീതിയും വർധിക്കുന്നു. മറുവക്കാട് ബസാർ, കമ്പനിപ്പടിയിലെ പ്രധാന റോഡ് 3 ദിവസമായി വെള്ളത്തിനടിയിലാണ്. പള്ളിത്തോട് മുതൽ അന്ധകാരനഴി വരെയുള്ള തീരവും കടലാക്രമണ ഭീഷണിയിലാണ്. പള്ളിത്തോട് ചാപ്പക്കടവ് തീരത്താണുകടലാക്രമണം ‌രൂക്ഷം. 

കലക്ടർക്കു മുന്നിൽ ‘തീരക്കലി’ 

കടൽകയറ്റത്തെത്തുടർന്നു ചെല്ലാനം മേഖല സന്ദർശിക്കാനെത്തിയ കലക്ടർ മുഹമ്മദ് സഫിറുല്ല നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നു മടങ്ങി. മറുവക്കാടു പ്രദേശത്തെ തകർന്നു കിടക്കുന്ന കടൽഭിത്തി സന്ദർശിക്കവെയാണു നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. ജില്ലാഭരണകൂടവും ഉദ്യോഗസ്ഥരും മതിയായ സുരക്ഷ നൽകിയില്ലെന്നു നാട്ടുകാർ പറയുന്നു. കടൽഭിത്തിക്കു പകരം ജിയോ ട്യൂബ് നിർമിക്കാൻ അധികൃതർക്കു കഴിഞ്ഞില്ല. കടൽകയറ്റത്തെ ചെറുക്കാൻ ജിയോ ബാഗ് സംരക്ഷണ ഭിത്തി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കലക്ടറെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. തീരത്തെ ദുരിതം വിലയിരുത്താൻ കലക്ടർ ചെല്ലാനം സന്ദർശിക്കണമെന്നു കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയിൽ, ആലപ്പുഴ സഹായ മെത്രാൻ ഡോ.ജയിംസ് ആനാപറമ്പിൽ എന്നിവർ ആവശ്യപ്പെട്ടിരുന്നു. 

ട്രാക്കിൽ മരം; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

മുളന്തുരുത്തിയിൽ റെയിൽവേ ട്രാക്കിലേക്കു മരം വീണ് എറണാകുളം-കോട്ടയം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മുളന്തുരുത്തി റെയിൽവേ സ്റ്റേഷനു സമീപം ഇന്നലെ രാവിലെ പതിനൊന്നോടെയാണു സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്കുമരം കാറ്റിൽ ട്രാക്കിലേക്കു വീഴുകയായിരുന്നു. മരത്തിന്റെ ചില്ലകൾ ബഫർ ലൈനിലും എറണാകുളം ഭാഗത്തേക്കുള്ള പ്രധാന ലൈനിലും വീണതിനെ തുടർന്നു ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ലൈനുകൾക്കു കേടുപാടുകളും സംഭവിച്ചു. . തകരാറുകൾ പരിഹരിച്ച് ഉച്ചയ്ക്ക് 12.30നു ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്. പരശുറാം, ശബരി എക്സ്പ്രസുകൾ തൊട്ടടുത്ത സ്റ്റേഷനുകളിൽ പിടിച്ചിട്ടു. 45 മിനിറ്റു വരെ വൈകിയാണു ട്രെയിനുകൾ സർവീസ് നടത്തിയത്. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama