go

പദ്ധതികൾ പലത്; കൊച്ചി ചെളിക്കുഴിയായി

Ernakulam News
ഇരുവശവും തകർന്ന തേവര പണ്ഡിറ്റ് കറുപ്പൻ റോഡിലെ യാത്ര.
SHARE

കൊച്ചി∙ ‘അധികമായാൽ അമൃതും വിഷം’ എന്ന ചൊല്ല് കൊച്ചിയിലെ റോഡുകളുടെ കാര്യത്തിലാണോ എന്നു സംശയം. കാരണം മഴയായതോടെ കുളമായിക്കിടക്കുന്ന റോഡുകളിൽ നല്ലൊരു പങ്കിനും പാരയായത് ‘അമൃത്’ പദ്ധതിയാണ്. അധികൃതരുടെ മുന്നിൽ നാട്ടുകാർ കരഞ്ഞുവിളിച്ചും മാസങ്ങളോളം കണ്ണുനട്ടിരുന്നും ഉന്നത നിലവാരത്തിൽ ടാർ ചെയ്തതിനു തൊട്ടുപിന്നാലെയാണു പല റോഡുകളും വെട്ടിപ്പൊളിച്ചു ജലഅതോറിറ്റി പണി തുടങ്ങിയത് എന്നതാണു ‘ട്വിസ്റ്റ്’. ഫലമോ, മിക്ക റോഡുകളിലൂടെയുമുള്ള സഞ്ചാരം ടാറിങ്ങിനു മുൻപത്തേക്കാൾ ദുരിതമായി. 

റോഡ് ഒരു  സങ്കൽപ്പം, ചെളി യാഥാർഥ്യം

പണ്ഡിറ്റ് കറുപ്പൻ റോഡിൽ തേവര മട്ടുമ്മൽ ജംക്‌ഷൻ മുതൽ ഫോക്‌ലോർ മ്യൂസിയം വരെ റോഡ് ഒരു സങ്കൽപം മാത്രം. കണികാണാൻ പോലുമില്ല ടാർ. ചെളിയാകട്ടെ ആവശ്യത്തിൽ കൂടുതലുണ്ടു താനും. റോഡിന്റെ ഇരുവശവും വെട്ടിക്കുഴിച്ചിട്ടിരിക്കുകയാണ്. കുണ്ടും കുഴിയും കുഴമ്പു പരുവത്തിൽ ചെളിക്കൂനകളും മാത്രം. രാവിലെയും വൈകിട്ടും ഇതുവഴി വരുന്നവരുടെ കാര്യം കട്ടപ്പുക. റോഡ് പൊളിച്ചിട്ടിരിക്കുന്ന രണ്ടു കിലോമീറ്റർ ദൂരം കടക്കാൻ ചുരുങ്ങിയത് ഒരു മണിക്കൂർ വേണം. തേവര സേക്രഡ് ഹാർട്ട് കോളജും സിഎംഐ പബ്ലിക് സ്കൂളും എസ്എച്ച് ഹയർ സെക്കൻഡറി സ്കൂളും ഈ റോഡിലാണ്. സ്കൂളും കോളജും തുറന്നതോടെ വിദ്യാർഥികളുടെ തിരക്കു കൂടിയായി. ദുരിതം ഇരട്ടിയും.

കണക്കു തെറ്റി, കണക്കുകൂട്ടൽ പിഴച്ചു

കണക്കുതെറ്റിയതു ജല അതോറിറ്റിക്കാണ്, കണക്കുകൂട്ടൽ നഗരസഭയ്ക്കും. പൈപ്പ് പണി നടക്കുന്ന മേഖലയിൽ 320 കണക്‌ഷനുകളാണുള്ളത്. ഭൂമി കുഴിച്ച് പൈപ്പിട്ട് ഇത്രയും വാട്ടർ കണക്‌ഷനുകൾ നൽകാനുള്ള കരാറാണു യഥാർഥത്തിൽ നൽകേണ്ടിയിരുന്നത്. എന്നാൽ ജല അതോറിറ്റി നൽകിയതാകട്ടെ ഇതിൽ 110 കണക്‌ഷനുകൾ നൽകാനുള്ള കരാർ മാത്രം. ഫലം, ഇപ്പോൾ നടക്കുന്ന പണി ഉടനൊന്നും തീരില്ല. ബാക്കിയുള്ള കണക്‌ഷൻ നിലവിലെ കരാറുകാരൻ നൽകില്ല. പുതിയ ടെൻഡർ വിളിച്ചെ ബാക്കിയുള്ളവർക്കു കൂടി കണക്‌ഷന്‍ നൽകാനാവൂ. ഇതിനു 33 ലക്ഷം രൂപ വീണ്ടും കണ്ടെത്തണം.

ടെൻഡർ വിളിക്കാനുള്ള കാലതാമസവും ഉറപ്പ്.  ബാക്കിയുള്ളവർക്കു കൂടി കണക്‌ഷൻ നൽകാതെ ടാർ ചെയ്താൽ ഇതിനായി വീണ്ടും റോഡ് പൊളിക്കേണ്ടി വരും. ഇതോടെ റോഡ് പണി ഏപ്രിലിൽ പൂർത്തിയാക്കാനിരുന്ന നഗരസഭയുടെ കണക്കുകൂട്ടലും തെറ്റി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവും കൂടിയായപ്പോൾ ‘പണി മൊത്തത്തിൽ പാളി’. ഇപ്പോൾ നടക്കുന്ന പൈപ്പ് പണി പോലും ഇഴഞ്ഞാണു നീങ്ങുന്നത്. റോഡിലെ തിരക്കു മൂലം രാത്രി മാത്രമേ പണി നടക്കുന്നുള്ളൂ. യുപി ജംക്‌ഷൻ മുതൽ മട്ടുമ്മൽ ജംക്‌ഷൻ വരെയുള്ള കണക്‌ഷനുകൾ ഇപ്പോഴും നൽകാൻ ബാക്കിയാണ്. ചുരുക്കത്തിൽ, ഓഗസ്റ്റ്–സെപ്റ്റംബർ ആകാതെ റോഡ് ടാറിങ് നടക്കില്ല.     

അൽപം അമൃത് പുരാണം 

തേവര, കോന്തുരുത്തി മേഖലകളിലെ ജലക്ഷാമം പരിഹരിക്കാൻ പ്രദേശത്തേക്കു ജനറം  പദ്ധതി പ്രകാരം വെള്ളം എത്തിച്ചു. എന്നാൽ ഉയർന്ന മർദത്തിലുള്ള പമ്പിങ് താങ്ങാൻ പ്രദേശത്തെ മുക്കാൽ നൂറ്റാണ്ടെങ്കിലും പഴക്കമുള്ള ആസ്ബറ്റോസ് പൈപ്പുകൾക്കായില്ല. ഇതോടെ പൈപ്പ് പൊട്ടലും റോഡ് തകർച്ചയും തുടർക്കഥയായി. ശാശ്വത പരിഹാരം കാണാനാണ് ‘അമൃത്’ പദ്ധതി പ്രകാരം ഉന്നത നിലവാരത്തിലുള്ള പൈപ്പ് ഇടാൻ തീരുമാനിച്ചതും ജനുവരിയിൽ റോഡിന്റെ ഇരുവശവും കുഴിച്ചു പണി തുടങ്ങിയതും. 

'താൽക്കാലിക പരിഹാരം ഒരാഴ്ചയ്ക്കകം' - എലിസബത്ത് ഇടിക്കുള, കൗൺസിലർ           

ജല അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് റോഡിന്റെ അവസ്ഥ ഇത്രയും ഗുരുതരമാകാൻ കാരണം. നിലവിൽ ഉടൻ ടാറിങ് നടക്കില്ല.  എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ മെറ്റലും സിമന്റും ചേർത്തുള്ള വെറ്റ് മിക്സ് ഇട്ടു റോഡ് ഒരേ നിരപ്പാക്കും. ഇതോടെ യാത്രക്കാരുടെ ദുരിതം ഒരു പരിധി വരെ കുറയ്ക്കാനാകും. പെരുമാറ്റച്ചട്ടം അവസാനിച്ച മേയ് 27ന് തന്നെ ഇതിനുള്ള ടെൻഡർ ക്ഷണിച്ചിരുന്നു. 9ന് ടെൻഡർ നടപടി പൂർത്തിയാക്കുകയും ചെയ്തു. 2 കോൺട്രാക്ടർമാർ  ഈ പണി ചെയ്യാൻ തയാറായിട്ടുണ്ട്. റോഡ് പരിശോധനയും പൂർത്തിയാക്കി.  നാളെ രാവിലെ അറ്റകുറ്റപ്പണി ആരംഭിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ. റോഡ് ടാറിങ്ങിനായി 1.64 കോടി രൂപയുടെ എസ്റ്റിമേറ്റ് അനുവദിച്ചിട്ടുണ്ട്. പൈപ്പ് പണി വൈകാതിരുന്നാൽ മഴ മാറിയാലുടൻ ടാറിങ് ആരംഭിക്കും.          

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama