go

ആരാധനാലയങ്ങളിൽ ആക്രമണ പദ്ധതി: 6 പേർക്കെതിരെ എൻഐഎ കേസ്

SHARE

കൊച്ചി, കോയമ്പത്തൂർ ∙ കേരളത്തിലും തമിഴ്നാട്ടിലും ആരാധനാലയങ്ങളിൽ ആക്രമണത്തിനു പദ്ധതിയിട്ട കേസിൽ 6 പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസ് റജിസ്റ്റർ ചെയ്തു. കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസറുദീൻ (32), പോതന്നൂർ നഞ്ചുണ്ടാപുരം ടി. അസറുദീൻ, സൗത്ത് ഉക്കടം അൽഅമീൻ കോളനിയിൽ ഷെയ്ക് ഹിദായത്തുല്ല, കണിയാമുത്തൂർ എം. അബൂബക്കർ (29), കരിമ്പുകടൈ ആസാദ്നഗർ സദ്ദാം ഹുസൈൻ, മനിയത്തോട്ടം ഇബ്രാഹിം ഷാഹിൻ (28) എന്നിവരെയാണു കേസിൽ പ്രതി ചേർത്തത്. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാൻ ഹാഷിമുമായി ഇവർക്കു ബന്ധമുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മുഹമ്മദ് അസറുദീനും സഹ്രാൻ ഹാഷിമും ഓൺലൈൻ സുഹൃത്തുക്കളാണ്. കോയമ്പത്തൂരിലെ 7 കേന്ദ്രത്തിൽ എൻഐഎ ഇന്നലെ പരിശോധന നടത്തിയിരുന്നു. കൊച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘമാണു പരിശോധന നടത്തിയത്. സംശയമുള്ള ഏതാനും പേരോടു ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ശ്രീലങ്കൻ സ്ഫോടനങ്ങളുടെ ഇന്ത്യൻ ബന്ധം അന്വേഷിക്കുന്നതിനിടെയാണു പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. കേസിൽ പങ്കുള്ളതായി സംശയിക്കുന്ന മലയാളി യുവാക്കളെ എൻഐഎ തിരയുന്നുണ്ട്. മുഹമ്മദ് അസറുദീനുമായി ബന്ധപ്പെട്ടിരുന്ന ഏതാനും മലയാളി യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

കോയമ്പത്തൂരിൽ ഇന്നലെ അസറുദീന്റെ ട്രാവൽ ഏജൻസിയിലും പരിശോധന നടത്തി. ഇവരെ റേസ് കോഴ്സിലെ എൻഐഎ ഓഫിസിലാണു ചോദ്യം ചെയ്യുന്നത്. ശ്രീലങ്കയിലെ സ്ഫോടന പരമ്പരയ്ക്കു മുൻപ് അവിടെനിന്ന് ഒരാൾ കോയമ്പത്തൂരിൽ ചിലരെ സന്ദർശിച്ചു മടങ്ങിയതായി രഹസ്യ വിവരം ലഭിച്ചിരുന്നു.  പരിശോധനയിൽ 14 മൊബൈൽ ഫോണുകൾ, 29 സിംകാർഡുകൾ, 10 പെൻഡ്രൈവുകൾ, മൂന്ന് ലാപ്ടോപ്പുകൾ, ആറ് മെമ്മറി കാർഡുകൾ, 4 ഹാർഡ് ഡിസ്കുകൾ, 13 ഡിവിഡി, സിഡികൾ, ഒരു കത്തി, ഒരു ഇലക്ട്രിക് ബാറ്റൺ, 300 എയർഗൺ വെടിയുണ്ടകൾ, രേഖകൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുത്തു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama