go

നടുവ്,സമയം,വസ്ത്രം എന്നിവ പോക്കായി; ജീവൻ ബാക്കി കിട്ടുമോ

Ernakulam News
തകർന്നു കിടക്കുന്ന തമ്മനം – പുല്ലേപ്പടി റോഡ്.
SHARE

കൊച്ചി∙ നഗരഹൃദയത്തിലേക്കുള്ള  ഗതാഗതത്തിന്റെ സുപ്രധാന നാഡികളിലൊന്നാണു തമ്മനം–പുല്ലേപ്പടി റോഡ്. എന്നാൽ ‘ബ്ലോക്ക്’ മൂലം വാഹനയോട്ടം സ്തംഭിക്കാത്ത ദിവസങ്ങൾ വിരളം. അടിയന്തരമായി റോഡിന് ‘ആൻജിയോപ്ലാസ്റ്റി’ നടത്താൻ അധികൃതർ തയാറായില്ലെങ്കിൽ യാത്രക്കാരുടെ ജീവന് ഈ മഴക്കാലത്ത് ഒരു ഗ്യാരന്റിയുമുണ്ടാവില്ല എന്നതാണു സ്ഥിതി. റോഡിൽ കതൃക്കടവ് ജംക്‌ഷനിൽനിന്നു തമ്മനത്തേക്കു തിരിഞ്ഞാൽ നൂറു മീറ്ററോളം കുഴി മാത്രമേയുള്ളൂ. മഴ പെയ്താൽ അപ്പോൾ വെള്ളവും നിറയും. തകർന്നു കിടക്കുന്ന ഭാഗത്തിനു തൊട്ടു മുൻപു വരെ ഉന്നത  നിലവാരത്തിൽ ടാർ ചെയ്തിരിക്കുന്നതിനാൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ തൊട്ടടുത്തെത്തുമ്പോൾ മാത്രമേ കുഴികൾ കാണൂ. പെട്ടെന്നു ബ്രേക്ക് ഇട്ടാൽ പിന്നിൽ വരുന്ന വാഹനങ്ങളുമായി ഇടി ഉറപ്പ്. ജീവൻ കയ്യിൽ പിടിച്ചാണ് ഇരുചക്ര വാഹനയാത്രക്കാരും ഇതിലേ സഞ്ചരിക്കുന്നത്.

കുഴികൾ ഒഴിവാക്കി കസർത്തു കാട്ടുന്ന വലിയ വാഹനങ്ങളിൽ നിന്നു രക്ഷപ്പെടാൻ വശങ്ങളിലേക്ക് ഒരൽപം ഒതുക്കേണ്ടി വന്നാൽ പിന്നെ ഏതെങ്കിലും ചെളിക്കുഴിയിൽ നോക്കിയാൽ മതി. അത്യാഹിതങ്ങൾ സംഭവിക്കാത്തതു മഹാഭാഗ്യം. ഏതായാലും ‘മഡ് ബാത്തിനുള്ള’ അവസരം അധികൃതരുടെ വകയായി യാത്രക്കാർക്ക് ആവോളം ലഭിക്കുന്നുണ്ട്. റോഡ് കുഴിച്ചു പൈപ്പിട്ട ജല അതോറിറ്റി തന്നെയാണ് ഇവിടെയും വില്ലനെന്നാണു നഗരസഭയുടെ വാദം. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെയും പൈപ്പിട്ടത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ജോലികളൊന്നും സമയബന്ധിതമായി പൂർത്തിയാക്കിയില്ല. കരാറെടുത്തയാൾ ജോലികൾ ആരംഭിച്ചതു തന്നെ വൈകിയാണ്. പൂർത്തിയാക്കിയതാകട്ടെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു തൊട്ടുമുൻപും. ഇതോടെ റോഡ് റീ ടാർ ചെയ്യാനുള്ള ടെൻഡർ വിളിക്കാൻ കഴിയാതെയായി.

പെരുമാറ്റച്ചട്ടം അവസാനിച്ചതോടെ ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ കരാറായാലും ഇനി ടാറിങ് നടക്കണമെങ്കിൽ മഴക്കാലം കഴിയണം.  റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണിക്കായി പുതിയ കരാർ വിളിക്കാൻ സാങ്കേതിക പ്രശ്നം ഉണ്ട്. ഇതിനാൽ നിലവിൽ ടാറിങ്ങിനുള്ള കരാർ എടുക്കുന്നയാളെക്കൊണ്ടു തന്നെ അറ്റകുറ്റപ്പണി നടത്തി താൽക്കാലിക പരിഹാരമെങ്കിലും കാണാനാണു നഗരസഭയുടെ ശ്രമം. റോഡിന്റെ വീതികൂട്ടാനുള്ള ജോലികളും നടക്കുകയാണ്. കതൃക്കടവു മുതൽ സ്റ്റേഡിയം ലിങ്ക് റോഡ് ആരംഭിക്കുന്നതു വരെയുള്ള ഭാഗത്തു സ്ഥലമെടുപ്പ് ഉൾപ്പെടെ പൂർത്തിയായിട്ടുണ്ട്. തമ്മനം ജംക്‌ഷനിലും സ്ഥലമെടുത്തു കഴിഞ്ഞു. ബാക്കിയുള്ള ഭാഗങ്ങളിൽ നടപടി ഉടൻ പൂർത്തിയാകും. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബറിലോ ടാറിങ് കൂടി പൂർത്തിയാകുന്നതോടെ  ഗതാഗതക്കുരുക്കിനു  ശാശ്വത പരിഹാരം കാണാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

'വലിയ റോഡ്; പിഡബ്ല്യുഡി ഏറ്റെടുക്കണം' - ഗ്രേസി ജോസഫ് (വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ)

ഏഴു നഗരസഭാ ഡിവിഷനുകളിലൂടെയാണു റോഡ് കടന്നു പോകുന്നത്. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു കൗൺസിലർമാർക്കു ലഭിക്കുന്ന പ്ലാൻ ഫണ്ട് മതിയാകില്ല. ഇതിനാൽ പിഡബ്ല്യുഡി ഏറ്റെടുക്കണം എന്നു സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പിഡബ്ല്യുഡി പട്ടികയിൽ ഉൾപ്പെടുത്താം എന്നു സമ്മതിക്കുകയും ചെയ്തു. എന്നാൽ നടപടിക്കു വ്യക്തത വന്നിട്ടില്ല. ഇതു നടന്നാൽ റോഡിന് നേട്ടമാണ്. ഇപ്പോൾ തകർന്നു കിടക്കുന്ന ഭാഗത്തു പ്ലാൻ ഫണ്ട് ഉപയോഗിച്ചു കാന ഉയർത്തിപ്പണിതു കേബിൾ ഡക്ട് വരെ നിർമിച്ചതാണ്. നല്ല നിലവാരത്തിലുള്ള ടാറിങ്ങുമായിരുന്നു. എന്നാൽ പൈപ്പ് പണി എല്ലാം കുളമാക്കി. നാളെ റോഡ് ടാറിങ്ങിനുള്ള ടെൻഡർ വിളിക്കും. കരാറുകാരായാൽ ഉടൻ അറ്റകുറ്റപ്പണി നടത്തും. റോഡ് വികസനത്തിനു തടസമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാനുള്ള നടപടികളുമായിട്ടുണ്ട്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama