go

ചീനവല(‍ഞ്ഞ) പദ്ധതി

Ernakulam News
SHARE

ഫോർട്ട്കൊച്ചി∙ കൊച്ചിയുടെ ജീവനാണു ചീനവലകൾ. വിദേശ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്ന ചീനവലകളുടെ സംരക്ഷണം ചീനവല ഉടമകളുടെയും തൊഴിലാളികളുടെയും മാത്രം ആവശ്യമല്ലെന്ന തിരിച്ചറിവുണ്ടായിട്ടും നവീകരണ പദ്ധതിക്കു പഞ്ചവത്സരപ്പഴക്കം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചീനവലകൾ  പൈതൃകത്തനിമയോടെ നവീകരിച്ചു സംരക്ഷിക്കാനുള്ള ഒന്നരക്കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ട് 5 വർഷമായി.  ഇതിനായി കൊണ്ടുവന്ന 10 ലക്ഷം രൂപയുടെ തമ്പകം തടി വാസ്കോഡ ഗാമ സ്ക്വയറിൽ കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷം.  ചീനവലകൾക്ക് ആവശ്യമായ നീളത്തിലുള്ള തേക്കിൻ തടി കോതമംഗലത്തെ വനത്തിൽ അടയാളപ്പെടുത്തിയിട്ട് 9 മാസം.

പദ്ധതിക്കായി ആദ്യ ഗഡു പണം കിറ്റ്കോയ്ക്കു കൈമാറിയിട്ട് 5 വർഷം. യുഡിഎഫ് സർക്കാരിന്റെ കാലത്തു തുടക്കമിട്ട പദ്ധതി എൽഡിഎഫ് സർക്കാരിന്റെ കാലത്തും ഇഴയുകയാണ്.ബീച്ചിലെ 11 ചീനവലകളുടെ നവീകരണം ലക്ഷ്യമിട്ടാണു പദ്ധതി തയാറാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം മാസങ്ങൾക്കു മുൻപു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചിരുന്നു. ടൂറിസം വകുപ്പു തയാറാക്കിയ പദ്ധതിയുടെ നടത്തിപ്പു ചുമതല കിറ്റ്കോയ്ക്കാണ്. 75 ലക്ഷം രൂപയാണ് ആദ്യ ഗഡുവായി കിറ്റ്കോയ്ക്കു ലഭിച്ചത്. 

രണ്ടാം ഗഡുവായി 45 ലക്ഷം രൂപ കൂടി നൽകി. കഴിഞ്ഞ വർഷമാണ് ഇതിൽ നിന്ന് 10 ലക്ഷം രൂപ മുടക്കി തമ്പകം തടി വാങ്ങിയത്. തടി കിടക്കുന്നതു  കാണുമ്പോൾ പദ്ധതിയിൽ പ്രതീക്ഷ അർപിച്ചിരിക്കുന്ന ചീനവല തൊഴിലാളികളുടെ മനസ്സിനു കുളിർമ. എന്നാൽ, പദ്ധതി വൈകുന്തോറും അറ്റകുറ്റപ്പണികൾ നടത്താനാകാതെ ചീനവലകളിലെ പൈപ്പുകൾ ദ്രവിച്ച് അപകടാവസ്ഥയിലേക്കു നീങ്ങുന്നതു കാണുമ്പോൾ ചങ്കിടിപ്പ്. 

തേക്കിൻ തടി കിട്ടിയപ്പോൾ പണമില്ലെന്നു പരാതി

ചീനവലകളുടെ നിർമാണത്തിന് ആവശ്യമായ നീളത്തിലുള്ള തേക്കിൻതടി ലഭ്യമാകാത്ത കാരണത്താലാണു പദ്ധതി പ്രധാനമായി നീണ്ടത്. അവസാനം, കോതമംഗലം ‍ഡിഎഫ്ഒയുടെ കീഴിലുള്ള മുള്ളരിങ്ങോട് വനത്തിൽ നിന്ന് ആവശ്യത്തിനുള്ള തേക്കിൻതടി കണ്ടെത്തി. ചീനവല ത്തൊഴിലാളികളും കിറ്റ്കോ അധികൃതരുമടങ്ങിയ സംഘം ഇതിൽ 415 തടികൾ മാർക്ക് ചെയ്തു മലയിറങ്ങി. തടിക്കു വനംവകുപ്പിന്റെ സീനിയറേജ് നിരക്കു പ്രകാരം 80 ലക്ഷം രൂപ വരും.

1.30 കോടി രൂപയാണു മാർക്കറ്റ് വില. പണം തികയാത്ത അവസ്ഥയിലായപ്പോൾ കൂടുതൽ തുക അനുവദിക്കണമെന്നു കിറ്റ്കോ ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടു.  95 ലക്ഷം രൂപയാണ് അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. അധിക തുക ഇനിയും അക്കൗണ്ടിലേക്കു വരാത്തതാണു പദ്ധതി വൈകാൻ കാരണമെന്നു പറയുന്നു. തുക പൂർണമായി ഫോറസ്റ്റ് വകുപ്പിനു നൽകിയാലേ തടി മുറിച്ചു കൊണ്ടുവരാനാകൂ എന്നതിനാൽ തടി മുറിക്കൽ വൈകി. മാസങ്ങൾ കഴിഞ്ഞതോടെ മരത്തിലെ മാർക്കിങ് മിക്കവാറും പോയിട്ടുണ്ടാകുമെന്നാണു ചീനവല തൊഴിലാളികളുടെ ആശങ്ക.

95 ലക്ഷം കൂടി അനുവദിച്ചു

പദ്ധതി നിർവഹണ ഏജൻസിയായ കിറ്റ്കോയുടെ അഭ്യർഥന പ്രകാരം 95 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അത് കിറ്റ്കോയ്ക്ക് കൈമാറുന്ന നടപടികൾ അവസാന ഘട്ടത്തിലാണെന്നും ടൂറിസം  വകുപ്പ് അധികൃതർ അറിയിച്ചു.  തടികൾ മുറിക്കുന്നതിനു വനംവകുപ്പിനു നൽകേണ്ട തുക തികയാതിരുന്നതിനാലാണു ടൂറിസം വകുപ്പിൽ നിന്നു കൂടുതൽ തുക ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ കൈവശമുള്ള പണം ഉപയോഗിച്ചു പകുതിയിലേറെ തടികൾ വെട്ടിയെടുക്കുന്നതിനു ഡിഎഫ്ഒയ്ക്ക് കത്തു നൽകാൻ കിറ്റ്കോ നടപടി സ്വീകരിച്ചിട്ടുണ്ടെന്നറിയുന്നു. ബാക്കി തടി ടൂറിസം വകുപ്പിന്റെ പണം അക്കൗണ്ടിൽ വരുന്ന മുറയ്ക്കു വെട്ടിയെടുക്കാനാണ് ആലോചന.

ചീനവലകളിൽ പകുതിയിലേറെ അപകടാവസ്ഥയിൽ

നൂറ്റാണ്ടുകൾ പഴക്കമുള്ള 11 ചീനവലകളാണു ഫോർട്ട്കൊച്ചി ഭാഗത്തുള്ളത്. ഇതിൽ പലതും മണ്ണടിഞ്ഞതു മൂലം വല വലിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.  6 വലകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിൽ  2 എണ്ണം പൈപ്പുകൾ ദ്രവിച്ച് പൂർണമായി അപകാടവസ്ഥയിലാണ്. വല വലിക്കാൻ കഴിയാതായതോടെ 25,000 രൂപയോളം ചെലവഴിച്ചു പൈപ്പിലെ ദ്രവിച്ച ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയതായി ചീനവല ഉടമ കെന്നഡി പറഞ്ഞു.  ചീനവലകളിൽ ഉപയോഗിച്ച പൈപ്പുകളെല്ലാം മാറ്റി പകരം മരത്തിന്റെ തടികൾ ഉപയോഗിക്കുന്നതിനാണു പദ്ധതി വിഭാവനം ചെയ്യുന്നത്. അതിനാൽ പൈപ്പ് നന്നാക്കാൻ  ഇപ്പോൾ ചെലവഴിക്കുന്ന പണം പാഴാവുകയാണെന്നു ചീനവല ഉടമകൾ പറയുന്നു. മണ്ണടിഞ്ഞുകൂടി വല വലിക്കാൻ കഴിയാതായതോടെ അഴിമുഖത്തോടു ചേർന്നുള്ള ചില വലകൾ വെള്ളത്തിലേക്കു കൂടുതൽ ഇറക്കിയിട്ടു. ഇതിനു ലക്ഷങ്ങളാണ് ഉടമകൾക്കു ചെലവായത്. വീണ്ടും മണ്ണടിഞ്ഞതോടെ മുടക്കിയ കാശ് വെള്ളത്തിലായി.

വാട്ടർ മെട്രോ ജെട്ടിയും ചീനവലകളും

വാട്ടർ മെട്രോയുടെ ജെട്ടി സ്ഥാപിക്കുമ്പോൾ ചീനവലകൾ മാറ്റേണ്ടിവരുമെന്ന ആശങ്കയും ചില ചീനവല ഉടമകൾക്കുണ്ട്. എന്നാൽ, ചീനവലകൾക്കു ദോഷം വരാത്ത വിധമാണു ബോട്ട് ജെട്ടിയുടെ രൂപരേഖ തയാറാക്കിയതെന്നു വാട്ടർ മെട്രോ അധികൃതർ പറയുന്നു. നഗരസഭ മേഖലാ ഓഫിസിന് എതിർവശത്തായാണു ബോട്ട് ജെട്ടിക്കു സ്ഥാനം കണ്ടിട്ടുള്ളത്. ഈ ഭാഗത്ത് 4 ചീനവലകളാണ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോഴുള്ളത് 3 എണ്ണം. ചീനവലകൾക്കിടയിൽ 20 അടി നീളം  കിട്ടുന്ന വിധത്തിൽ പുന:സ്ഥാപിക്കേണ്ടി വരുമെന്നും അല്ലാതെ ചീനവലകൾ ഇവിടെ നിന്നു നീക്കേണ്ടി വരില്ലെന്നും സൂചനയുണ്ട്.

ചീനവലയും ഹോട്ടലും

ബീച്ചിലെ ചീനവലകളുടെ നവീകരണം പൂർത്തിയാകുമ്പോൾ അതിന്റെ തട്ടിൽ റസ്റ്ററന്റ് ഉണ്ടാകും. ചീനവലകളിൽ നിന്നു പിടിക്കുന്ന ജീവനുള്ള മീനുകൾ അവിടെവച്ചുതന്നെ പാചകം ചെയ്തു കൊടുക്കുന്ന സംവിധാനം വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കും. റസ്റ്ററന്റ് അടക്കം ഒരു വലയുടെ നവീകരണത്തിന് 22 ലക്ഷം രൂപയെങ്കിലും ചെലവു വരുമെന്നാണു പ്രതീക്ഷിക്കുന്നത്. വല കൊളുത്തുന്ന പുറം ബ്രാസോയ്ക്ക് തേക്കിൻ തടിയാണ് ഉപയോഗിക്കുന്നത്.

കളസാന്തിക്ക് തമ്പകം, കുറ്റികൾക്ക്  തെങ്ങ്, തട്ടിന് ആഞ്ഞിലി എന്നിവയും. 23 വലകളാണു ഫോർട്ട്കൊച്ചിയിലുണ്ടായിരുന്നത്. ഇപ്പോൾ അത് 11 ആയി. സൊസൈറ്റി വല, കരിപ്പൂവല, ബാങ്ക് വല, കൊച്ചുവല, പങ്കൻവല,  അമേരിക്കൻ വല എന്നിങ്ങനെ വലകൾക്കു വിളിപ്പേരുകളുമുണ്ട്. കുട്ടി, കൊമ്പിരിത്തണ്ട്, റാംസം, പുറം കഴുക്കോൽ, കരക്കഴുക്കോൽ, കളസാന്തി, സവയം, പുറം ബ്രാസോ, അകം ബ്രാസോ, ഭാരക്കല്ല് എന്നിങ്ങനെയാണു ചീനവലയുടെ വിവിധ ഭാഗങ്ങൾ അറിയപ്പെടുന്നത്.

കെ.ജെ. മാക്സി, എംഎൽഎ

ചീനവല നവീകരണ പദ്ധതിക്കുള്ള ഫണ്ട് 2 ഘട്ടങ്ങളായി കിറ്റ്കോയെ ഏൽപിച്ചിട്ടുണ്ട്. തേക്കിൻതടി കിട്ടാനുള്ള ബുദ്ധിമുട്ടുണ്ടായിരുന്നു.  അതു പരിഹരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചിട്ട് ഒരു വർഷമാകുന്നു. പദ്ധതി നിർവഹണ ഏജൻസിയായ കിറ്റ്കോയുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചയാണു വൈകാൻ പ്രധാന കാരണം.

ഡൊമിനിക് പ്രസന്റേഷൻ (മുൻ എംഎൽഎ)

2014ൽ തുടക്കമിട്ട പദ്ധതിയാണിത്. അന്ന് 75 ലക്ഷം രൂപ ആദ്യ ഗഡുവായി കിറ്റ്കോയ്ക്കു നൽകിയിരുന്നു. കിറ്റ്കോയുടെ അനാസ്ഥയാണ് പദ്ധതി ഇത്ര വൈകാൻ പ്രധാന കാരണം. പദ്ധതി പൂർത്തീകരിക്കാൻ ജനപ്രതിനിധികൾ മുൻകയ്യെടുക്കണം.

ഡെർസൻ ആന്റണി (കോ–ഓർഡിനേറ്റർ കൊച്ചിൻ ചൈനീസ് നെറ്റ് ഓണേഴ്സ് അസോസിയേഷൻ)

വനത്തിൽ പോയി ആവശ്യമുള്ള തടി മാർക്ക് ചെയ്തു പോന്നിട്ട് 9 മാസം കഴിഞ്ഞു. അടയാളപ്പെടുത്തലുകൾ മരത്തിന്റെ തൊലി വന്നു മൂടിപ്പോയിട്ടുണ്ടെങ്കിൽ വീണ്ടും മാർക്ക് ചെയ്യേണ്ടി വരും. 1.20 കോടി രൂപ രണ്ടു ഘട്ടമായി കിറ്റ്കോയ്ക്ക് പദ്ധതി നടത്തിപ്പിനു  ലഭിച്ചിട്ടുണ്ട്. ഇത്ര തുക കയ്യിലുള്ളപ്പോഴാണു പണമില്ലെന്ന കാരണം പറഞ്ഞ് തേക്കിൻതടി വെട്ടാതിരിക്കുന്നത്. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama