go

പാതിരാത്രി വീട്ടിൽനിന്നു വിളിച്ചിറക്കി;രണ്ടു മണിക്കൂറിൽ കൊന്നു ചതുപ്പിൽ താഴ്ത്തി

Ernakulam News
അർജുന്റെ കൊലപാതകം നടന്ന തിരുനെട്ടൂരിലെ കണ്ടൽക്കാടുകൾ നിറഞ്ഞ ചതുപ്പു പ്രദേശം സന്ദർശിക്കുന്ന പൊലീസും ഫൊറൻസിക് സംഘവും.
SHARE

കൊച്ചി∙ പാതിരാത്രി വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടു പോയ യുവാവിനെ കൊന്നു ചതുപ്പിൽ താഴ്ത്താൻ യുവാക്കൾക്കു വേണ്ടി വന്നതു രണ്ടേ രണ്ടു മണിക്കൂർ. പ്രതികളുടെ കൂർമ ബുദ്ധിക്കു മുന്നിൽ പതറിയ പൊലീസിന് ഇവരെ പിടികൂടാനും മൃതദേഹം കണ്ടെത്താനും കഴിഞ്ഞത് 9 ദിവസത്തിനു ശേഷം. സൗഹൃദം, ലഹരി,  പ്രതികാരം, സംഘർഷം, തട്ടിക്കൊണ്ടുപോകൽ, കൊല, കുറ്റകൃത്യം മറയ്ക്കൽ... നെട്ടൂർ കൊലപാതകത്തിന്റെ പിന്നാമ്പുറക്കഥകളും ആസൂത്രണവും പ്രതികൾ കുടുങ്ങിയ രീതിയുമെല്ലാം ത്രില്ലർ സിനിമകളെ വെല്ലും. ഇരയുടെയും പ്രതികളുടെതുമുൾപ്പെടെ എല്ലാ വേരുകളും ചെന്നെത്തുന്നതാകട്ടെ ലഹരിമാഫിയയെന്ന വടവൃക്ഷത്തിലേക്കും.  

അപകടത്തിനും പ്രതികാരം

ഒന്നാം പ്രതി നിബിന്റെ സഹോദരനും അർജുന്റെ സുഹൃത്തുമായ എബിൻ ഒരു വർഷം മുൻപാണു കളമശേരിയിൽ നടന്ന ബൈക്കപകടത്തിൽ മരിച്ചത്. ഈ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അർജുൻ മാസങ്ങളോളം ആശുപത്രിയിലായിരുന്നു. അപകടം നടന്ന ദിവസം രാത്രി എബിന്റെ വീട്ടിലെത്തിയ അർജുൻ ഇയാളെ ബൈക്കിൽ കൂട്ടിക്കൊണ്ടു പോകവേയായിരുന്നു അപകടം. എന്നാൽ, തന്റെ സഹോദരനെ കൊലപ്പെടുത്തിയതാണെന്നും ഇതിനു പകരം വീട്ടുമെന്നും പല പ്രാവശ്യം നിബിൻ പരസ്യമായി വെല്ലുവിളിച്ചിരുന്നുവെന്നു സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകിയിരുന്നു. ഇതുതന്നെയാകാം കൊലയ്ക്കുള്ള പ്രചോദനമെന്നു പൊലീസ് പറയുന്നു. ഒന്നാം പ്രതി റോണിയുൾപ്പെടെ പ്രതികളെല്ലാവരും ലഹരിവിൽപനയും ഗുണ്ടാ പ്രവർത്തനങ്ങളുമായി സ്ഥിരം പ്രശ്നക്കാരാണെന്നും പൊലീസ് സൂചിപ്പിച്ചു. 

ചോദ്യം ചെയ്യൽ, മർദനം, പിന്നെ കൊല

2നു രാത്രി 10നാണ് അർജുനെ പെട്രോൾ വാങ്ങാനെന്നു തെറ്റിദ്ധരിപ്പിച്ചു പ്രതികൾ കൂട്ടിക്കൊണ്ടു പോയത്.  രണ്ടാം പ്രതി നിബിന്റെ ചോദ്യം ചെയ്യലും തുടർന്നു ക്രൂരമർദനവും അരങ്ങേറി. രണ്ടാം പ്രതി റോണിയാണു മർദനത്തിനു നേതൃത്വം നൽകിയത്. പട്ടിക കൊണ്ടും കല്ലു കൊണ്ടും തലയ്ക്കടിച്ചു. മരിച്ച ശേഷം ചതുപ്പിൽത്താഴ്ത്തി എന്നാണു പ്രതികളുടെ മൊഴിയെങ്കിലും അർജുൻ അപ്പോൾ മരിച്ചോ എന്ന കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേ വ്യക്തതയുണ്ടാകൂ എന്നു പൊലീസ് പറയുന്നു. രാത്രിയായതിനാൽ ബോധം മറഞ്ഞപ്പോൾ മരിച്ചെന്നു സംശയിച്ചു ചതുപ്പിൽ താഴ്ത്തിയതാകാനും സാധ്യതയുണ്ട്.

പൊലീസിനെ പറ്റിച്ചു, പിടിയിലായിട്ടും

പിടിയിലായ ശേഷവും മൃതദേഹം മറവുചെയ്ത സ്ഥലം സംബന്ധിച്ച വിവരം തെറ്റിച്ചു പറഞ്ഞ പ്രതികൾ പൊലീസിനെ കുഴക്കി. ചതുപ്പിനു നടുവിലായി ഇവർ ആദ്യം ചൂണ്ടിക്കാണിച്ച സ്ഥലത്തേക്കു മണ്ണുമാന്തി ഉൾപ്പെടെ എത്തിച്ചു വഴി വെട്ടിയൊരുക്കിയാണു പൊലീസ് എത്തിയത്. എന്നാൽ മൃതദേഹം ഇവിടെ ഉണ്ടായിരുന്നില്ല. വീണ്ടും ചോദ്യം ചെയ്തതിനു ശേഷമാണു വാഹനം എത്തുന്ന സ്ഥലത്തുനിന്ന് ഏതാനും മീറ്റർ മാത്രം അകലെ യഥാർഥ സ്ഥലം കണ്ടെത്താനായത്.        

‘കൊലക്കളം’ നാട്ടുകാർക്ക് പേടിസ്വപ്നം

തിരുനെട്ടൂർ സ്റ്റേഷനിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറി കണ്ടൽക്കാടുകൾ നിറഞ്ഞ ചതുപ്പു പ്രദേശമാണു കൊലയ്ക്കായി പ്രതികൾ തിരഞ്ഞെടുത്തത്. ലാഭകരമല്ലെന്ന കാരണത്താൽ സ്റ്റേഷൻ അടച്ചുപൂട്ടിയതോടെ ഇവിടം ലഹരിസംഘങ്ങളുടെ വിഹാരകേന്ദ്രമാണ്. ഇവരെ പേടിച്ചു പകൽ പോലും ആരും ഈ വഴി വരാറില്ല. 

പൊലീസ് വാദം തെറ്റെന്ന് അർജുന്റെ അച്ഛൻ വിദ്യൻ

Ernakulam News
വിദ്യൻ

ജൂലൈ 2ന് രാത്രി 10നാണ് അർജുനെ കൂട്ടുകാരൻ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയത്. പിറ്റേന്നു തന്നെ പരാതി നൽകിയെങ്കിലും പൊലീസ് ഉദാസീന മനോഭാവമാണ് എടുത്തത്. കൊണ്ടുപോയവരെക്കുറിച്ചു കൃത്യമായ വിവരം നൽകി. ദിവസവും സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും നടപടി ഉണ്ടായില്ല. കാണാതായവനെ കണ്ടുപിടിക്കാൻ പൊലീസുകാർ കണിയാൻമാരാണോ എന്നു വരെ ഒരു പൊലീസുകാരൻ ആക്ഷേപിച്ചു. ജൂലൈ 3ന് രാത്രി 12.01നു ശേഷമാണ് അർജുൻ വാട്സാപ്പിൽ ഓഫ്‌ലൈൻ ആയത്. രാവിലെ 7.30വരെ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു.

ആലുവ, കോതമംഗലം എന്നിവിടങ്ങളിലാണു ടവർ ലൊക്കേഷൻ എന്നു സൈബർ സെല്ലിൽനിന്ന് അറിഞ്ഞതിനെത്തുടർന്നു കൂട്ടുകാരും ബന്ധുക്കളും അവിടെല്ലാം അന്വേഷിച്ചു. ഇപ്പോൾ അറസ്റ്റിലായ റോണി, നിബിൻ എന്നിവരിൽ നിന്നു കൂട്ടുകാരാണു ചോദ്യം ചെയ്ത് സത്യം വെളിപ്പെടുത്തിയത്. ഇതു പൊലീസിനു കൈമാറിയെങ്കിലും പൊലീസുകാരാണ് ഇവരെ പിടിച്ചതെന്ന് വാദം ഉയർത്തുന്നതു വീഴ്ച മറയ്ക്കാനാണ്. 9നു ഹേബിയസ് കോർപസ് ഹർജി നൽകിയതിനു ശേഷമാണു പൊലീസ് വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചത്. അതിനു ശേഷമാണ് അന്വേഷണം ശരിയായ ദിശയിലായത്. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama