go

ലോക്സഭ തിരഞ്ഞെടുപ്പിൽ സർക്കാർ ചെലവ് 6.25 കോടി

Ernakulam News
SHARE

കാക്കനാട്∙ തിരഞ്ഞെടുപ്പെന്ന ‘ജനാധിപത്യ മഹോത്സവം’ വിജയിപ്പിക്കാൻ എറണാകുളം, ചാലക്കുടി ലോക്സഭ മണ്ഡലങ്ങളിൽ മാത്രം ഖജനാവിൽ നിന്ന് ചെലവഴിച്ചതു 6.25 കോടിയോളം രൂപ. സ്ഥാനാർഥികൾ കെട്ടിവച്ച 5.75 ലക്ഷം രൂപ മാത്രമാണ് 2 മണ്ഡലങ്ങളിൽ നിന്നായി സർക്കാരിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലഭിച്ച ഏക വരുമാനം. എറണാകുളം ലോക്സഭ മണ്ഡലത്തിൽ വിജയിച്ച ഹൈബി ഈഡനും രണ്ടാമതെത്തിയ പി.രാജീവിനും ചാലക്കുടിയിൽ വിജയിച്ച ബെന്നി ബഹനാനും രണ്ടാമതെത്തിയ ഇന്നസന്റിനും ജാമ്യ സംഖ്യ 25,000 രൂപാ വീതം തിരികെ നൽകും. ആകെ ചെയ്ത വോട്ടിന്റെ ആറിലൊന്ന് ലഭിക്കാത്തതിനാൽ ഇരു മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികൾ ഉൾപ്പെടെ മറ്റുള്ളവർക്കു കെട്ടിവച്ച പണം നഷ്ടപ്പെട്ടു.

എറണാകുളത്തു നാമനിർദേശ പത്രിക തള്ളപ്പെട്ട സരിത ഉൾപ്പെടെ രണ്ടു സ്ഥാനാർഥികൾക്കും പത്രിക പിൻവലിച്ച മൂന്നു പേർക്കും ചാലക്കുടിയിൽ പത്രിക പിൻവലിച്ച മൂന്നു പേർക്കും പണം തിരികെ നൽകും. പോളിങ് സാമഗ്രികളുടെ വിതരണത്തിനും അവ തിരിച്ചെത്തിക്കുന്നതിനും പോളിങ് ഉദ്യോഗസ്ഥരുടെ യാത്രയ്ക്കുമായി 1,500 വാഹനങ്ങളാണ്  22, 23 തീയതികളിൽ എറണാകുളത്തും ചാലക്കുടിയിലും തിരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ഓടിയത്. ഇതിൽ പകുതിയിലധികവും വാടകക്കെടുത്ത സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളായിരുന്നു. ഇരുന്നൂറോളം സർക്കാർ വാഹനങ്ങൾ ഒന്നര മാസമെങ്കിലും തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഓടിയിട്ടുണ്ട്.

ഡ്രൈവർമാരുടെ ശമ്പളം കൂടാതെ ലക്ഷങ്ങളുടെ ഇന്ധനച്ചെലവാണ് ഇതിനു വേണ്ടി വന്നത്. നൂറോളം വീഡിയോഗ്രാഫർമാരും അത്രയും തന്നെ ഫോട്ടോഗ്രാഫർമാരും ആഴ്ചകളോളം ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നു. വിവിധ സ്ക്വാഡുകൾക്കൊപ്പമാണ് ഇവർ സഞ്ചരിച്ചത്. 26 സ്ഥാനാർഥികളിൽ 20 പേർ 25,000 രൂപാ വീതം കെട്ടിവച്ചു. 4 പേർ പട്ടിക വിഭാഗക്കാരായതിനാൽ 12,500 രൂപാ വീതമാണ് കെട്ടിവച്ചത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനു 5.85 കോടി രൂപയായിരുന്നു 2 മണ്ഡലങ്ങളിലെ ചെലവ്. ഇതാണ് ഇത്തവണ 6 കോടി കവിഞ്ഞത്.  പോളിങ് ഡ്യൂട്ടിക്ക് നിയമിച്ച തിരഞ്ഞെടുപ്പ് ജീവനക്കാരുടെ സ്പെഷൽ ദിനബത്ത മാത്രം ഒന്നരക്കോടി രൂപയോളമുണ്ട്.  ആ ദിവസങ്ങളിൽ ജീവനക്കാർക്ക് ലഭിക്കുന്ന സാധാരണ ശമ്പളം കൂട്ടാതെയുള്ള കണക്കാണിത്. വാഹന ഓട്ടമായിരുന്നു ഔദ്യോഗിക ഒരുക്കങ്ങളിലെ മറ്റൊരു ഭാരിച്ച ചെലവ്. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama