go

കെഎസ്ആർടിസി കെട്ടിടത്തിന്റെ ഭാവി ഇന്നറിയാം

Ernakulam News
80 ശതമാനത്തോളം പൊളിച്ച ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം. ഇതിനകത്തെ ഒരു കടയ്ക്കു കോടതി സ്റ്റേ ഉള്ളതിനാൽ പൊളിക്കൽ നിർത്തിയിരിക്കുകയാണ്.
SHARE

ആലുവ ∙ കോടതി നിർദേശമനുസരിച്ച് ഇന്നു നടക്കുന്ന മധ്യസ്ഥ ചർച്ച ഫലം കണ്ടില്ലെങ്കിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പഴയ കെട്ടിടം പൂർണമായി പൊളിച്ചു നീക്കുന്നതു തടസ്സപ്പെടും. പുതിയ ടെർമിനലിന്റെ നിർമാണവും അതനുസരിച്ചു നീളും. പഴയ കെട്ടിടത്തിന്റെ 80 ശതമാനവും പൊളിച്ചെങ്കിലും കോടതിയുടെ താൽക്കാലിക നിരോധനമുള്ളതിനാൽ സ്റ്റാൻഡിന‌കത്തെ ഒരു കടമുറി പൊളിക്കാൻ കഴിഞ്ഞിട്ടില്ല.  ബഹുനില മന്ദിരത്തിന്റെ ബാക്കി ഭാഗം പൊളിച്ചാൽ ഈ കട ഇടിഞ്ഞുവീഴും. അതു കോടതി ഉത്തരവിന്റെ ലംഘനമാകുമെന്നതിനാൽ മറ്റു പണികളും നിർത്തിയിരിക്കുകയാണ്. 6 കോടി രൂപ ചെലവഴിച്ചാണ് പുതിയ ബസ് ടെർമിനൽ നിർമിക്കുന്നത്. സ്റ്റാൻഡിന്റെ പ്രവർത്തനം നിർത്തിയതോടെ ജനങ്ങൾ പെരുവഴിയിൽ കഷ്ടപ്പെടുന്നു. 

പല ബസുകളും സ്റ്റാൻഡിന്റെ പരിസരത്തു വരുന്നില്ല. എത്രയും വേഗം ടെർമിനൽ നിർമാണം പൂർത്തിയാക്കേണ്ടതു നാടിന്റെ ആവശ്യമായതിനാൽ ഇടയ്ക്കു കേസ് വന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കെഎസ്ആർടിസി മുറിവാടക കൂട്ടിയതിനെതിരെയാണ് വ്യാപാരി കോടതിയെ സമീപിച്ചത്. ലക്ഷങ്ങൾ കുടിശിക അടയ്ക്കാനാവശ്യപ്പെട്ടു നോട്ടിസ് ലഭിച്ചപ്പോൾ ഒഴിപ്പിക്കുന്നതിനു സ്റ്റേ വാങ്ങി. വ്യാപാരി കടമുറിയിൽ തുടർന്നാൽ സ്റ്റാൻഡ് വികസനം തടസ്സപ്പെടുമെന്നു കെഎസ്ആർടിസി കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതിക്കു പുറത്തു പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നത്. കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക ഇന്നു വ്യാപാരിയും കെഎസ്ആർടിസി അധികൃതരുമായി ചർച്ച നടത്തും. രമ്യമായ പരിഹാരം ഉണ്ടായില്ലെങ്കിൽ നിയമ നടപടി അവസാനിക്കുന്നതു വരെ പണി തടസ്സപ്പെടാൻ ഇടയായേക്കും. 

ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറാകും എന്ന പ്രതീക്ഷയിലാണ് അൻവർ സാദത്ത് എംഎൽഎ അടക്കമുള്ളവർ. അതേസമയം വികസന പ്രവർത്തനത്തിനു തടസ്സമാകാൻ വ്യാപാരിക്കു താൽപര്യമില്ലെന്ന് അദ്ദേഹവുമായി അനുരഞ്ജന ചർച്ച നടത്തിയവർ പറഞ്ഞു. കട ഒഴിയുന്നതിനൊപ്പം കെഎസ്ആർടിസി ചുമത്തിയ ഭീമമായ കുടിശികയും ഒഴിവാക്കണമെന്നാണ് ആവശ്യം. കട നഷ്ടപ്പെടുകയും കടവും ജപ്തി നടപടികളും ബാക്കിയാവുകയും ചെയ്യുമോ എന്നാണ് വ്യാപാരിയുടെ ആശങ്ക. വാടക കുടിശിക വിട്ടുവീഴ്ച ചെയ്യുന്നതു സംബന്ധിച്ചു കെഎസ്ആർടിസിക്ക് ഇവിടെ തീരുമാനം എടുക്കാനാവില്ല. ഉന്നതതല അനുമതി വേണം. അതിന് ഒട്ടേറെ കടമ്പകളുണ്ടെന്ന് അധികൃതർ പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama