go

അന്വേഷണം വഴിതെറ്റിച്ചു, ‘ദൃശ്യം’ മാതൃകയിൽ

Ernakulam News
കൊച്ചി നെട്ടൂരിൽ കൊല്ലപ്പെട്ട അർജുന്റെ മൃതദേഹം കുമ്പളത്തെ വീട്ടിൽ കൊണ്ടുവന്നപ്പോൾ ആദരാഞ്ജലി അർ‌പ്പിക്കാൻ കൂടി നിൽക്കുന്നവർക്കിടയിലൂടെ ചിത്രം കൊണ്ടുപോകുന്നു. ചിത്രം: മനോരമ
SHARE

അന്വേഷണം വഴിതെറ്റിച്ചു വിടാൻ കൃത്യമായ ആസൂത്രണമാണു പ്രതികൾ നടത്തിയത്. ഇതിനുള്ള ആശയം സ്വീകരിച്ചതാകട്ടെ ‘ദൃശ്യം’ സിനിമയിൽനിന്ന്. സിനിമയിലെപ്പോലെ തന്നെ കൊലയ്ക്കു ശേഷം പലതവണ ചോദ്യം ചെയ്യലിനു വിധേയരായെങ്കിലും പ്രതികൾ പതറാതെ പിടിച്ചുനിന്നു.  സംഘത്തിലെ എല്ലാവരും ഒരേ തരത്തിൽത്തന്നെ മൊഴിനൽകി പൊലീസിനെ വട്ടം കറക്കി. ഇവരെ അർജുന്റെ വീട്ടിലേക്കു വിളിച്ചുവരുത്തി  ബന്ധുക്കൾ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോഴും ഇതേ മൊഴി തന്നെ പലതവണ ആവർത്തിച്ചു. 

‘ഞങ്ങൾ അവനെ ഒന്നും ചെയ്തില്ല ആന്റി’ എന്നായിരുന്നു അർജുന്റെ അമ്മയോടുള്ള ‘നിഷ്കളങ്കമായ’ പ്രതികരണം. ഒടുവിൽ കൊല്ലപ്പെട്ട അർജുന്റെ സുഹൃത്തുക്കൾ പ്രതികളിലൊരാളെ പിടികൂടി ‘പൊലീസ് മുറയിൽ’ ചോദ്യം ചെയ്തതോടെയാണു കൊലപാതക വിവരം പുറത്തായത്. കൊലയ്ക്കു ശേഷം പ്രതികൾ മൃതദേഹം ചതുപ്പിൽ ചവിട്ടിത്താഴ്ത്തി, ഉയർന്നു വരാതിരിക്കാൻ മുകളിൽ വേലിക്കല്ലുകൾ ചവിട്ടിയുറപ്പിച്ചു. മടങ്ങും മുൻപു ഒരു തെരുവുനായയെ തല്ലിക്കൊന്നു മൃതദേഹം മറവുചെയ്ത സ്ഥലത്തിനു സമീപം കൊണ്ടിട്ടു. ദുർഗന്ധം വമിച്ചാലും നായ ചത്തതിനാലാണെന്നു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. 

പിന്നീട് അർജുന്റെ മൊബൈൽ ഫോൺ ഒരു ലോറിയിൽ കയറ്റി വിട്ടു. പരാതി ലഭിച്ച ശേഷമുള്ള ആദ്യ ദിവസങ്ങളിൽ പൊലീസ് അന്വേഷണം സ്വാഭാവികമായും ഈ ഫോണിൽ നിന്നുള്ള സിഗ്‌നലുകളെ പിന്തുടർന്നായിരുന്നു. മുട്ടം, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലൂടെ തമിഴ്നാട് ഭാഗത്തേക്കായിരുന്നു ലോറിയുടെ സ‍ഞ്ചാരം. ലഹരിമരുന്നു വിൽപനയുമായി ബന്ധപ്പെട്ട് അർജുൻ ഈ മേഖലയിൽ പോകാറുണ്ടെന്നു പ്രതികൾ തന്നെ പൊലീസിനോടു വെളിപ്പെടുത്തുകയും ചെയ്തു. പനങ്ങാട്, മറയൂർ എന്നീ സ്റ്റേഷനുകളുടെ പരിധിയിൽ ഇത്തരം കേസുകളിൽ അർജുൻ മുൻപ് ഉൾപ്പെട്ടിരുന്നതിനാൽ പൊലീസ് ഈ മൊഴി സംശയിച്ചുമില്ല. അർജുൻ ജീവനോടെയുണ്ടെന്ന ധാരണയിൽ വെറുമൊരു കാണാതാകൽ കേസ് മാത്രമായി  ആദ്യം പരിഗണിക്കപ്പെടാനുള്ള കാരണവും ഇതു തന്നെ. 

മൃതദേഹങ്ങൾ ഒളിപ്പിച്ചതിൽ സമാനതകൾ

ചാക്കിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം നെട്ടൂർ കായലിൽ കണ്ടെത്തിയത് 2017 നവംബർ 8നാണ്. കായലോരത്തു വീപ്പയിൽ മൃതദേഹം കണ്ടെത്തിയത് 2018 ജനുവരി 8ന്. ഒരു വർഷത്തിനിപ്പുറം ഇപ്പോൾ ചതുപ്പിൽ അർജുന്റേതും. മൃതദേഹങ്ങൾ ഒളിപ്പിച്ചതിൽ സമാനതകൾ ഏറെ. കായലിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു. മൃതദേഹം വെള്ളത്തിൽ നിന്നു പൊങ്ങിപ്പോകാതിരിക്കാൻ 50 കിലോഗ്രാം ഭാരമുള്ള കോൺക്രീറ്റ് കട്ടയും മതിലിന്റെ കഷണങ്ങളും കെട്ടിയിരുന്നു. മുഖത്തു പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. 7 സംഘങ്ങളായി അന്വേഷണം നടത്തിയെങ്കിലും ഈ കേസിൽ ഇതുവരെ തുമ്പൊന്നും ആയിട്ടില്ല. 

വീപ്പയിൽ കൊന്നു തള്ളി അതിനു മീതെ കോൺക്രീറ്റ് ഇട്ടാണു കായലിൽ തള്ളിയത്. ഈ കൊലപാതകം തിരിച്ചറിഞ്ഞെങ്കിലും കൊലയാളി എന്നു സംശയിച്ച ആളിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇതോടെ ഈ കേസ് അവസാനിപ്പിച്ചു.  അർജുന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ നിലയിലാണു കണ്ടെത്തിയത്. ഉയർന്നു പോകാതിരിക്കാൻ കോൺക്രീറ്റ് സ്ലാബും കല്ലുകളും നിരത്തിയിരുന്നു. ഒരാഴ്ചയിലേറെ പഴക്കം ഉണ്ടായിരുന്നതിനാൽ അർജുന്റെ ദേഹം അഴുകിത്തീർന്ന നിലയിലായിരുന്നു. സാവധാനം അഴുകിത്തീരേണ്ട ഉദരഭാഗം പൂർണമായി അഴുകി എല്ലു പുറത്തു കാണുന്ന നിലയിലായിരുന്നു. മൃതദേഹം ചതുപ്പിൽ നിന്ന് ഉയർന്നു പോകാതിരിക്കാൻ ഉദരഭാഗം കീറിയിട്ടുണ്ടാകാമെന്നാണു സംശയം. തല വേർപെട്ട നിലയിൽ ആയിരുന്നു. കാൽപാദങ്ങളിൽ മാത്രമാണ് അൽപം മാംസം അവശേഷിച്ചത്. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama