go

കതിരണിയാൻ മോഹിച്ച് കരീച്ചാൽ പാടശേഖരം

Ernakulam News
തരിശായിക്കിടക്കുന്ന ആലങ്ങാട് പാനായിക്കുളം കരീച്ചാൽ പാടശേഖരം.
SHARE

ആലങ്ങാട് ∙ തരിശു കിടക്കുന്ന പാനായിക്കുളം കരീച്ചാൽ പാടശേഖരത്തു പച്ചപ്പിന്റെ തിരിനാമ്പ് തെളിയാൻ കടമ്പകളേറെ. കർഷകർ ആത്മാർഥമായ ശ്രമം നടത്തുമ്പോഴും പഞ്ചായത്തും കൃഷിവകുപ്പും ഇതിനു മുന്നോട്ടു വരാത്തതാണു നൂറേക്കറോളം വരുന്ന പാടശേഖരം തരിശിടാൻ കാരണം. പണ്ടു മുതൽ ആലങ്ങാട് പഞ്ചായത്തിലെ പ്രധാന കൃഷികളായിരുന്നു നെല്ലും കരിമ്പും. വർഷങ്ങൾക്കു മുൻപു കർഷകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഏക്കർ കണക്കിനു പ്രദേശത്തു നെൽകൃഷി വ്യാപിച്ചിരുന്നു.

എന്നാൽ, തൊഴിലാളി ക്ഷാമവും ജലദൗർലഭ്യതയും വളം-കീടനാശിനി എന്നിവയുടെ വില വർധനവും നിമിത്തം ഒരുതരത്തിലും കൃഷി നടത്തിക്കൊണ്ടുപോകാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ ഭൂരിഭാഗം നെൽകർഷകരും ഏതാണ്ടു പൂർണമായി കൃഷിയിൽനിന്നു പിൻവാങ്ങി. ചില കർഷകർ പാടശേഖരങ്ങളിൽ മറ്റു കൃഷികളിറക്കി. എന്നാൽ, ഭൂരിഭാഗം നെൽകൃഷിയിടങ്ങളും മൂന്നു പതിറ്റാണ്ടിലേറെയായി കൃഷിയൊന്നുമില്ലാതെ തരിശായിക്കിടക്കുകയാണ്. പാനായിക്കുളം കരീച്ചാൽ പാടശേഖരത്തു 4 പതിറ്റാണ്ടു മുൻപാണു മുഴുവൻ ഭാഗത്തും കൃഷി നടത്തിയത്. തുടർന്നു പല കാരണങ്ങളാൽ അതെല്ലാം ഇല്ലാതായി. 

പിന്നീടു പലതവണ കുറച്ചു ഭാഗത്തു കൃഷി ചെയ്തെങ്കിലും 3 വർഷം മുൻപ് അതും പൂർണമായി നിലച്ചു. കൊയ്യാനും മെതിക്കാനും ആളെക്കിട്ടാതെ നെല്ല് കറ്റകൾ നശിച്ചതും കൃഷിക്കു തിരിച്ചടിയായി. ഇപ്പോൾ പാടശേഖരം തരിശായി കാടുപിടിച്ചു കിടക്കുകയാണ്. ആലങ്ങാട് പഞ്ചായത്തിലെ പല പാടശേഖരങ്ങളുടെയും അവസ്ഥ ഇതാണ്. പാടങ്ങളെല്ലാം പുല്ലു വളർന്നു മൂടിക്കിടക്കുകയാണ്. ചിലതു ഭൂമാഫിയ കയ്യേറി നികത്തി. കൃഷി അന്യംനിന്നു പോകരുതെന്ന് ആഗ്രഹിക്കുന്ന കർഷകർ കൃഷി ചെയ്യാൻ മുന്നോട്ടു വരുന്നുണ്ടെങ്കിലും അധികൃതരുടെ അലംഭാവമാണു കർഷകരെ നിരാശരാക്കുന്നത്. ആലങ്ങാട് പഞ്ചായത്തും കൃഷിവകുപ്പും മുന്നിട്ടിറങ്ങിയാൽ പ്രദേശത്തെ തരിശായിക്കിടക്കുന്ന പാടങ്ങളിലെല്ലാം നെല്ലു വിളയും. 

പാടശേഖര സമിതികൾ സജീവമാകണം

ഒരുകാലത്തു പാടശേഖര സമിതികളുടെ നേതൃത്വത്തിൽ വിവിധ പാടശേഖരങ്ങളിൽ നെൽ കൃഷി സജീവമായിരുന്നു.  എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി പലയിടങ്ങളിലും കൃഷി പൂർണമായി നിലച്ചു. പ്രദേശത്തെ ഓരോ പാടശേഖരത്തും ഓരോ പാടശേഖരസമിതികൾ ഉണ്ടായകാലമുണ്ടായിരുന്നു. എല്ലാം പ്രവർത്തനം നിലച്ചതോടെയാണു പാടശേഖരങ്ങൾ തരിശിടാൻ തുടങ്ങിയത്. 2 വർഷം മുൻപു പഞ്ചായത്തും കൊങ്ങോർപ്പിള്ളി സഹകരണ ബാങ്കും സംയുക്തമായി കരീച്ചാൽ പടശേഖരത്തിന്റെ ഒരേക്കറോളം വരുന്ന ഭാഗത്തു നെൽ കൃഷി ആരംഭിച്ചിരുന്നു. എന്നാൽ വിളവു കുറഞ്ഞതോടെ തുടർന്നു കൃഷിയിറക്കിയില്ല. 

അധികൃതർ ഇടപെടണം 

നെൽകൃഷിയുടെ പുനരുദ്ധാരണത്തിനു സർക്കാർ തലത്തിൽ നടപടിയുണ്ടായാൽ ആലങ്ങാട് പഞ്ചായത്തിലെ തരിശായിക്കിടക്കുന്ന പല പാടശേഖരങ്ങളിലും നെൽകൃഷി തിരികെയെത്തുമെന്നാണു കർഷകരുടെ വിശ്വാസം. സർക്കാർ ആവിഷ്കരിച്ച കാർഷിക കർമസേന നെൽകൃഷിയുള്ള പഞ്ചായത്തുകളിൽ പ്രവർത്തനം കാര്യക്ഷമമാക്കിയാൽ തൊഴിലാളി ക്ഷാമത്തിനു പരിഹാരമാകും. അധികൃതർ ആത്മാർഥമായി ശ്രമിച്ചാൽ അന്ന്യം നിന്നുപോകുന്ന നെൽകൃഷി തിരികെയെത്തുമെന്നാണു കർഷകർ പറയുന്നത്. 

പോത്തട്ടത്തോട് നവീകരണം

ഓഞ്ഞിത്തോടിന്റെ കൈവഴിയായ പോത്തട്ടത്തോട് ആഴം കൂട്ടി കരീച്ചാൽ പാടശേഖരത്തേക്കു ചീപ്പ് നിർമിച്ചാൽ വേനൽകാലത്തുള്ള ജലദൗർലഭ്യം പരിഹാരിക്കാൻ സാധിക്കും. കൂടാതെ പാടശേഖരത്തു കെട്ടി നിൽക്കുന്ന വെള്ളം ഇതുവഴി ഒഴുക്കിക്കളയാനും സാധിക്കും. അതിനായി പഞ്ചായത്ത് അധികൃതരും കൃഷിവകുപ്പും മുന്നോട്ടിറങ്ങണമെന്നാണു പാടശേഖരസമിതി അംഗവും മുൻ പഞ്ചായത്തംഗവുമായ സുരേഷ് ബാബു പറയുന്നത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama